അഭിനയമോഹം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് തന്റെ അഭിനയ മോഹം പരസ്യമാക്കിയിരിക്കുന്നത്...

ഫുട്ബോള്‍ കളിക്കിടെ മൈതാനത്ത് നടത്തിയ ചില അഭിനയങ്ങളുടെ പേരില്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചാല്‍ അഭിനയത്തില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ ശ്രമം. യുവന്റസിനുവേണ്ടി കളിക്കുന്ന റോണോ തന്നെയാണ് തന്റെ അഭിനയ മോഹം വെളിപ്പെടുത്തിയത്.
കരിയറിന്റെ തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരുന്നപ്പോഴാണ് ക്രിസ്റ്റ്യാനോ മൈതാനത്തെ അഭിനയത്തിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്നത്. ഈ സീസണിലും മിന്നും ഫോം തുടരുന്ന റൊണാള്‍ഡോ യുവന്റസിന് വേണ്ടിയുള്ള ഗോള്‍ നേട്ടവും ഇരട്ടയക്കത്തിലെത്തിച്ചിരുന്നു. ഇത് തുടര്‍ച്ചയായി പതിനാലാം സീസണിലാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിക്കുന്നത്.

കളിനിര്‍ത്താനുള്ള സൂചനകളൊന്നും 34കാരനായ റൊണാള്‍ഡോ നല്കുന്നില്ലെങ്കിലും ഫുട്ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ആഗ്രഹങ്ങള്‍ താരം പങ്കുവെച്ചു. ദുബൈ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫറന്‍സിനിടെയായിരുന്നു റൊണാള്‍ഡോ അഭിനയമോഹം വെളിപ്പെടുത്തിയത്.'മുമ്പ് 30-32 വയസുവരെയായിരുന്നു പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 40 വയസായിട്ടും കളിക്കുന്നവരെ കാണാം.
എന്നാല്‍ മനസു വിചാരിക്കുന്നിടത്ത് ശരീരം എത്താത്ത കാലത്ത് ഞാനും ഫുട്ബോള്‍ നിര്‍ത്തും. വ്യത്യസ്ഥമേഖലകളില് സ്വയം പരീക്ഷിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അഭിനയം അത്തരത്തിലുള്ള ഒന്നാണ്. ജീവിതത്തിലെ പലവിധ വെല്ലുവിളികളെ നേരിടാന്‍ കുറഞ്ഞത് അമ്പത് വര്‍ഷങ്ങളെങ്കിലും നമുക്കുണ്ടെന്ന് കരുതുന്നയാളാണ് ഞാന്‍' ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

അഞ്ച് തവണ ബാലണ്‍ ഡി ഓര് പുരസ്ക്കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും റിയല്‍ മാഡ്രിഡിന്റേയും ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായിരുന്നു. ഇംഗ്ലണ്ട്, സ്പെയിന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ലീഗ് ചാമ്പ്യന്‍ഷിപ്പും റൊണാള്‍ഡോ നേടിയിട്ടുണ്ട്. ആത്മസമര്‍പ്പണത്തിന്റേയും വിജയതൃഷ്ണയുടേയും കാര്യത്തില്‍ ലോകത്ത് പകരം വെക്കാനില്ലാത്ത ഫുട്ബോള്‍ കളിക്കാരനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.