LiveTV

Live

Football

വംശീയാധിക്ഷേപം വെണ്ടക്ക നിരത്തി, ഇറ്റാലിയന്‍ പത്രത്തിന് ക്ലബുകളുടെ വിലക്ക്

കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ‘കറുത്ത വെള്ളിയാഴ്ച്ച’ എന്ന തലക്കെട്ടാണ് പത്രം നല്‍കിയത്. വിവാദമായപ്പോഴും തങ്ങളുടെ നടപടിയെ ന്യായീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. 

വംശീയാധിക്ഷേപം വെണ്ടക്ക നിരത്തി, ഇറ്റാലിയന്‍ പത്രത്തിന് ക്ലബുകളുടെ  വിലക്ക്

കറുത്തവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തലക്കെട്ട് നല്‍കിയ ഇറ്റാലിയന്‍ പത്രത്തിനെതിരെ പ്രതിഷേധം. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Corriere dello Sport എന്ന പത്രമാണ് അധിക്ഷേപത്തിന്റെ ധ്വനിയുള്ള തലക്കെട്ടിട്ട് വിവാദത്തിലായിരിക്കുന്നത്. എസി മിലാനും റോമയുമാണ് പത്രത്തിനെതിരെ വിലക്കുമായി രംഗത്തെത്തിയത്.

സ്റ്റേഡിയം ഒന്നാകെ വംശീയാധിക്ഷേപം നടത്തുന്നു... ഗുരുതര ആരോപണവുമായി ലുകാക്കു
Also Read

സ്റ്റേഡിയം ഒന്നാകെ വംശീയാധിക്ഷേപം നടത്തുന്നു... ഗുരുതര ആരോപണവുമായി ലുകാക്കു

റോമയും ഇന്റര്‍മിലാനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു വിവാദമായ 'ബ്ലാക് ഫ്രൈഡേ' എന്ന തലക്കെട്ട് പത്രം നല്‍കിയത്. റോമ പ്രതിരോധതാരം ക്രിസ് സ്മാളിംങിനേയും ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാകുവിനേയും ഇടത്തും വലത്തും നല്‍കി കറുത്ത വെള്ളിയാഴ്ച്ച എന്ന തലക്കെട്ടുകൂടി ഇട്ട Corriere dello Sportന്റെ അനൗചിത്യമുള്ള നടപടിയാണ് വിവാദമായത്.

സ്മാളിംങും ലുകാകുവും പത്രത്തിന്റെ നടപടിയെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിക്കുകയും ചെയ്തു.

അതേസമയം, തങ്ങളുടെ നടപടിയെ ന്യായീകരിക്കാനാണ് ഇറ്റാലിയന്‍ പത്രം അപ്പോഴും തയ്യാറായത്. വൈവിധ്യത്തെ അഭിനന്ദിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ഉള്ളില്‍ വിഷമുള്ള ചിന്തയുള്ളവര്‍ക്കേ പ്രശ്്‌നമുണ്ടാകൂ എന്ന വിചിത്ര ന്യായമായിരുന്നു Corriere dello Sport നല്‍കിയത്.

എന്നാല്‍, സംഭവത്തെ നിസാരമായി തള്ളിക്കളയാന്‍ ഇറ്റാലിയന്‍ ക്ലബുകള്‍ തീരുമാനിച്ചിട്ടില്ല. എ.എസ് റോമയും എ.സി മിലാനും സംയുക്തമായി ഈ വര്‍ഷം ഇറ്റാലിയന്‍ പത്രത്തെ വിലക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലബുകളുടെ വാര്‍ത്താസമ്മേളനങ്ങളില്‍ പത്രത്തിന്റെ പ്രതിനിധികളെ പ്രവേശിപ്പിക്കില്ല. ക്ലബുകളിലെ കളിക്കാര്‍ക്ക് ഈ കാലാവധി തീരും വരെ Corriere dello Sportന് അഭിമുഖം നല്‍കാനും അനുമതിയില്ല.

ഇറ്റാലിയന്‍ സീരി എ ലീഗില്‍ മത്സരങ്ങള്‍ക്കിടെ കാണികള്‍ വംശീയമായി അധിക്ഷേപം നടത്തുന്നുവെന്ന ആവര്‍ത്തിച്ചുള്ള പരാതികള്‍ക്കിടെയാണ് ഈ വിവാദം. സ്റ്റേഡിയം ഒന്നാകെ വംശീയാധിക്ഷേപം നടത്തുന്നുവെന്നും യുവേഫ നടപടിയെടുക്കണമെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ലുകാക്കു തന്നെ ആവശ്യപ്പെട്ടത്. ഫ്രഞ്ച് ഫുട്‌ബോള്‍ താരമായ മരിയോ ബലോട്ടെല്ലിയും ഇറ്റാലിയന്‍ ലീഗില്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി പരാതിപ്പെട്ടിട്ടുണ്ട്.