LiveTV

Live

Football

യൂറോപ്പ ലീഗ്; യുണൈറ്റഡിനെ മലര്‍ത്തിയടിച്ച് അസ്താന, അഴ്‌സണലിന് തോല്‍വി

അഞ്ച് കളികളില്‍ നിന്നും 15 ഗോളുകള്‍ വഴങ്ങിയ അസ്താനക്ക് യുണൈറ്റഡിനെതിരായ ജയം സ്വപ്ന സമാനമായി. തോല്‍വിയോടെ അഴ്സണല്‍ പരിശീലകന്‍ എമറിക്കെതിരായ ആരാധകരുടെ പ്രതിഷേധവും ശക്തമായി...

യൂറോപ്പ ലീഗ്; യുണൈറ്റഡിനെ മലര്‍ത്തിയടിച്ച് അസ്താന, അഴ്‌സണലിന് തോല്‍വി

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവനിരയെ പുതിയൊരു പാഠം പഠിപ്പിച്ചാണ് അസ്താന കസാക്കിസ്ഥാനില്‍ നിന്നും മടക്കിയത്. ഈ തോല്‍വിയോടെ അഴ്‌സണലിന്റെ പരിശീലകന്‍ ഉനയ് എമറിയെ മാറ്റണമെന്ന മുറവിളിക്ക് ശക്തിയേറി. മാഞ്ചസ്റ്റര്‍ യുണൈറ്റഡും അഴ്‌സണലും 1-2നായിരുന്നു യഥാക്രമം അസ്താനയും എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനുമെതിരെ തോല്‍വിയറിഞ്ഞത്.

നാല് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ച ശേഷമാണ് അസ്താനയെ നേരിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കസാഖിസ്ഥാനിലേക്ക് തിരിച്ചത്. അഞ്ചാം മത്സരത്തില്‍ യുവനിരയെ ഇറക്കി ഗ്രൂപ്പിലെ അവസാനക്കാരായ അസ്താനയെ പിടിക്കാമെന്ന യുണൈറ്റഡ് പ്രതീക്ഷകള്‍ പാളി. നാട്ടുകാരുടെ മുന്നില്‍ യൂറോപ്യന്‍ വമ്പന്മാരെ അസ്താനയുടെ ചുണക്കുട്ടികള്‍ മലര്‍ത്തിയടിക്കുകയായിരുന്നു. അസ്താനയുടെ യൂറോപ്പ ലീഗിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ആദ്യ ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 15 ഗോളുകള്‍ വഴങ്ങിയ അസ്താനക്ക് സ്വപ്‌നതുല്യമായി യുണൈറ്റഡിനെതിരായ ജയം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ഗോള്‍ ആഘോഷിക്കുന്ന അസ്താന താരങ്ങള്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ഗോള്‍ ആഘോഷിക്കുന്ന അസ്താന താരങ്ങള്‍

ക്യാപ്റ്റന്‍ ജെസ്സെ ലിന്‍ഗാര്‍ഡിലൂടെ മത്സരത്തിന്റെ പത്താം മിനുറ്റില്‍ മുന്നിലെത്തി. പിന്നീട് ഒത്തൊരുമിച്ച് കളിച്ച അസ്താനക്ക് അതിന്റെ ഫലം ലഭിക്കുന്നത് രണ്ടാം പകുതിയിലായിരുന്നു. 55ആം മിനുറ്റില്‍ ദിമിത്രി ഷോംങ്കോയും അതിന്റെ ആവേശം തീരും മുമ്പേ ഏഴുമിനുറ്റുകള്‍ക്കുശേഷം ബെര്‍ണാര്‍ഡും അസ്താനക്കുവേണ്ടി യുണൈറ്റഡിനെതിരെ ഗോളുകള്‍ നേടി.

ഔദ്യോഗിക കണക്കനുസരിച്ച് അഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലെ 49,419 ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. പക്ഷേ, ഒഴിച്ചിട്ട സീറ്റുകള്‍കൊണ്ടാണ് ആരാധകര്‍ ഗണ്ണേഴ്‌സിന്റെ മോശം ഫോമിനോട് പ്രതികരിച്ചത്. 2006ല്‍ സ്റ്റേഡിയം തുറന്നതിന് ശേഷം അഴ്‌സണല്‍ കളികാണാനെത്തിയെ ഏറ്റവും കുറഞ്ഞ കാണികളുടെ കൂട്ടമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

ഉനയ് എമറി
ഉനയ് എമറി

ആരാധകര്‍ കൂട്ടമായി നിന്ന് പലയിടത്തും 'എമറി ഔട്ട്' എന്ന് അഴ്‌സണല്‍ പരിശീലകനെതിരെ നിരന്തരം മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു. 'തന്ത്രങ്ങളില്ല, ഫോര്‍മേഷനില്ല, നിങ്ങള്‍ക്ക് ഒളിക്കാനിടമില്ല, എമറിയെ പുറത്താക്കൂ...' എന്നെഴുതിയ പോസ്റ്ററുകളും മത്സരത്തിനിടെ വ്യാപകമായി ആരാധകര്‍ ഉയര്‍ത്തി. എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരായ മത്സരത്തില്‍ 1-2ന് തോറ്റതോടെ പരിശീലകന്‍ എമറിയുടെ നാളുകള്‍ കൂടിയാണ് എണ്ണപ്പെട്ടിരിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സയും ലെയ്പ്‌സിഗും നോക്കൗട്ടില്‍, ചെല്‍സിയും ലിവര്‍പൂളും കാത്തിരിക്കണം
Also Read

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സയും ലെയ്പ്‌സിഗും നോക്കൗട്ടില്‍, ചെല്‍സിയും ലിവര്‍പൂളും കാത്തിരിക്കണം

ഇപ്പോഴും ഗ്രൂപ്പ് എഫില്‍ പത്തുപോയിന്റുമായി അഴ്‌സണല്‍ തന്നെയാണ് മുന്നില്‍. മൂന്നാമതുള്ള സ്റ്റാന്‍ഡേഡ് ലീഗുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസവും നാല് ഗോളുകളുടെ മുന്‍തൂക്കവുമുണ്ട്. ബെല്‍ജിയം ടീമുമായി ഡിസംബര്‍ 12ന് നടക്കുന്ന മത്സരത്തിനു ശേഷം അഴ്‌സണല്‍ തന്നെ നോക്കൗട്ടിലെത്താനാണ് സാധ്യത.

എ.എസ് റോമ ഇസ്താംബുള്‍ ബസാക്‌സെറിനെ 3-0ത്തിന് തോല്‍പ്പിച്ച് നോക്കൗട്ട് സാധ്യതകള്‍ നിലനിര്‍ത്തി. മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ നിന്ന് കാണികളിലൊരാള്‍ എറിഞ്ഞ വസ്തു തലയില്‍ തട്ടി ലോറെന്‍സോ പല്ലെഗ്രിനിയുടെ തലക്ക് പരിക്കേറ്റത് കല്ലുകടിയായി. ചോരയൊലിപ്പിച്ച മുഖവുമായി പല്ലെഗ്രിനി കളം വിട്ടത് ഇസ്താംബൂളിനാകെ നാണക്കേടായി.

ഗ്രൂപ്പ് കെയില്‍ ബ്രാഗയുമായി സമനില പാലിച്ച് വോള്‍വ്‌സ് അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.