LiveTV

Live

Football

ഒമാനില്‍ നമ്മള്‍ എന്തുകൊണ്ട് തോറ്റു?

സുനില്‍ ഛേത്രിക്കിനി രജനീകാന്ത് റോള്‍ അധികകാലം പോവില്ല. അദ്ദേഹത്തിന് പകരമാവില്ലെങ്കിലും, ആക്രമണനിരയില്‍ സ്ഥിരതയുള്ള താരങ്ങള്‍ നിര്‍ബന്ധം

ഒമാനില്‍ നമ്മള്‍ എന്തുകൊണ്ട് തോറ്റു?

മസ്കറ്റ് സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലെക്സ് സ്‌റ്റേഡിയം ജനനിബിഡമായിരുന്നു. ദേശീയദിന ആഘോഷത്തിമിര്‍പ്പിന്‍റെ അലയൊലികളുമായി, ആരോടും കിടപിടിക്കുന്ന സുല്‍ത്താന്‍റെ 'ടിഫോ'യും കൊടിതോരണങ്ങളുമേന്തി ലിംഗ-പ്രായഭേദമന്യേ നിറഞ്ഞ ഗ്യാലറിയാണ് നൂറ്റാണ്ടുകളുടെ സാഹോദര്യബന്ധമുള്ള ഇന്ത്യക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതമല്‍സരം കാണാനെത്തിയത്. ബാംഗ്ലൂര്‍ ശ്രീകണ്ഠീരവയില്‍ നടന്ന എവേമാച്ചില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയതിന്‍റെയും, കഴിഞ്ഞയാഴ്ച ബംഗ്ലാദേശിനെ 4-1ന് തകര്‍ത്തതിന്‍റെയും ആത്മവിശ്വാസത്തിലാണ് ഒമാന്‍ കളത്തിലിറങ്ങിയത്. ജയത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമാവില്ലെന്ന ശരീരഭാഷയിലായിരുന്നു ഇരുടീമുകളും മല്‍സരത്തിന് മുമ്പ് നടന്ന പ്രസ് മീറ്റില്‍ ധ്വനിപ്പിച്ചത്.

അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങിയ ടീമില്‍ 3 മാറ്റങ്ങളുമായാണ് ഇന്ത്യ ആദ്യഇലവന്‍ അണിനിരന്നത്. സഹലിനും, മന്ദര്‍ റാവുവിനും, പ്രിതം കൊട്ടാളിനും പകരം നിഷുകുമാറും, ഫാറുഖ് ചൗധരിയും, മന്‍വീര്‍ സിങുമാണ് കളിച്ചത്. ആഷിഖിനെ ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിലേക്കും, മന്‍വീര്‍ സിങിനെ ഛേത്രിക്കൊപ്പം ടാര്‍ഗറ്റ് സ്ട്രൈക്കിങിലേക്കും മാറ്റിയത് ആക്രമണസാധ്യതകളെ ഉപയോഗപ്പെടുത്തനായിരിക്കാം. കളിയെ ഇഴകീറി പരിശോധിക്കാന്‍ കൂടുതല്‍ ഒന്നുമില്ലായിരുന്നു. കളിയുടനീളം ഒമാന്‍ ആധിപത്യം നിലനിര്‍ത്തി. പാസിങിലും, ബോള്‍മൂവ്മെന്‍റുകളിലും ശാരീരിക-മാനസിക മുന്‍തൂക്കം അവര്‍ക്കായിരുന്നു. 3 പോയിന്‍റ് നേടുക എന്ന മിനിമല്‍ പ്ലാന്‍ അവര്‍ മനോഹരമായി നടപ്പിലാക്കിയെന്ന് പറയാം. കളിയുടെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടമായെങ്കിലും , ഗോള്‍ നേടാന്‍ അവര്‍ നിരന്തരം ഇന്ത്യന്‍ ഗോള്‍മുഖം ക്ഷമയോടെ റെയ്ഡ് ചെയ്ത് കൊണ്ടേയിരുന്നതിന്‍റെ ഫലമായി, 33ാം മിനുട്ടില്‍ അല്‍ ഖലീദി നല്‍കിയ മനോഹരമായ ത്രൂബോള്‍ പ്രതിരോധനിരയെ പിളര്‍ത്തിയത് അല്‍ ഗസ്സാനി ഇന്ത്യന്‍ കസ്റ്റോഡിയന്‍ ഗുര്‍പ്രീത് സിങിന് യാതൊരു പഴുതും നല്‍കാതെ വലകുലുക്കി വിജയഗോള്‍ നേടി.

സുനില്‍ ഛേത്രി
സുനില്‍ ഛേത്രി

ഗോള്‍വഴങ്ങിയതില്‍ തളരാതെ ഇന്ത്യ കളിയുടെ ഗതിയെ പതിയെ സന്തുലിതമാക്കാന്‍ തുടങ്ങി. പ്രണോയ്ക്കും ആദിലിനും പകരം വിനീതും, അനസും വന്നതോടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ചകൂടിയെങ്കിലും ഒമാന്‍ ഗോള്‍മുഖത്ത് അപകടം വിതക്കാനായില്ല. വലത് വിങില്‍ നിഷുകുമാര്‍, ബ്രന്‍ഡണ്‍, ഉദാന്ത എന്നിവര്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഒമാന്‍ പ്രതിരോധനിരയുടെ കണിശതക്ക് മുമ്പില്‍ ഒന്നുമല്ലാതായി. ഏത് സുശക്തമായ പ്രതിരോധനിരക്കെതിരെയും ഭീഷണിയുയര്‍ത്തുന്ന ക്യാപ്റ്റന്‍ ഛേത്രി പലപ്പോഴും ഫോമിന്‍റെ നിഴലാട്ടം പോലും കാണിക്കാത്തതും, വേഗതയുളള മന്‍വീറിന് തന്ത്രപരമായ റണ്ണപ്പുകള്‍ നടത്താനാവാത്തതും നിരാശയുണര്‍ത്തി.

Summary

പ്രതീക്ഷയുണര്‍ത്തുന്ന ഒരു കാര്യം ആഷിഖ് കുരുണിയന്‍റെ പുതിയ സ്ഥാനമാറ്റമാണ്. ഒറ്റമല്‍സരം കൊണ്ട് വിലയിരുത്തേണ്ടതല്ലെങ്കിലും ബാംഗ്ലൂര്‍ എഫ്.സിക്കു വേണ്ടി ലാസ്റ്റ് മാച്ചുകളില്‍ ഈ പൊസിഷനില്‍ തിളങ്ങാനായത് ടീമിന്‍റെ സാധ്യതകള്‍ ഉയര്‍ത്തുന്നതാണ്.

പ്രതീക്ഷയുണര്‍ത്തുന്ന ഒരു കാര്യം ആഷിഖ് കുരുണിയന്‍റെ പുതിയ സ്ഥാനമാറ്റമാണ്. ഒറ്റമല്‍സരം കൊണ്ട് വിലയിരുത്തേണ്ടതല്ലെങ്കിലും ബാംഗ്ലൂര്‍ എഫ്.സിക്കു വേണ്ടി ലാസ്റ്റ് മാച്ചുകളില്‍ ഈ പൊസിഷനില്‍ തിളങ്ങാനായത് ടീമിന്‍റെ സാധ്യതകള്‍ ഉയര്‍ത്തുന്നതാണ്. ഓവര്‍ലാപ്പിങിലും പൊസിഷണല്‍ റിക്കവറിയും ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും കരിയറിന്‍റെ തുടക്കമായത് കൊണ്ട് ഗുണപരമായ വളര്‍ച്ചക്കുതകും എന്ന് പ്രതീക്ഷിക്കാം. തന്‍റെ വളര്‍ച്ചയുടെ ഓരോ പടവിലും താങ്ങും തണലുമായിരുന്ന ഉമ്മയുടെ ജനാസ മണ്ണിലാഴ്ന്നതിന്‍റെ മന്ത്രധ്വനികള്‍ കാതില്‍ നിന്നകലും മുമ്പേ രാജ്യത്തിനായ് കളിത്തിലിറങ്ങി, തന്‍റെ കുഞ്ഞനിയനെ പോലെ ആഷിഖിന്‍റെ പുതിയ സ്ഥാനമാറ്റത്തിലെ ചെറുപിഴവുകള്‍ക്ക് പലപ്പോഴും 'കവര്‍ അപ് ' പോവുന്ന അനസ് എടത്തൊടിക മല്‍സരത്തിലെ ഏറ്റവും വൈകാരിക ദൃശ്യമായിരുന്നു.

ഇഗോര്‍ സ്റ്റിമാച്ച്
ഇഗോര്‍ സ്റ്റിമാച്ച്

ഇനി അടുത്ത യോഗ്യതമാച്ച് അടുത്ത വര്‍ഷം മാര്‍ച്ചിലാണ്. ടീമിനെ അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചെന്ന ബോധ്യം മാനേജ്മെന്‍റിനുണ്ടെന്നാണ് പുതിയ ചര്‍ച്ചകള്‍ പറയുന്നത്. ഡോറു ഐസാക് എന്ന പരിചയസമ്പന്നനായ ടെക്നിക്കല്‍ ഡെറക്റ്ററുടെ കോര്‍ട്ടിലാണ് ഇനി പന്ത്.

Summary

മധ്യനിരയിലും നല്ല ക്രിയേറ്റീവ് താരങ്ങളുടെ അഭാവം മുഴക്കുന്നുണ്ട്. കോച്ചിനെ പഴി പറഞ്ഞ് കൈകഴുകുന്നതില്‍ കഥയില്ല. ഇഗോറിന്‍റെ കീഴില്‍ നമ്മള്‍ കളിച്ചതെല്ലാം എ.എഫ്.സി ഗ്രേഡ് ടൂര്‍ണമെന്‍റുകളാണ്, പഴയ പോലെ മ്യാന്‍മര്‍- ഭൂട്ടാന്‍ സൗഹൃദമല്‍സരങ്ങളല്ല

ഐ എസ് എല്‍ തുടങ്ങി, ഐ ലീഗ് പടിവാതിലിലെത്തി, സ്കൗട്ടിങ് പ്രൊസസുകള്‍ കാര്യക്ഷമമായി നടക്കേണ്ടത് അനിവാര്യം. സുനില്‍ ഛേത്രിക്കിനി രജനീകാന്ത് റോള്‍ അധികകാലം പോവില്ല. അദ്ദേഹത്തിന് പകരമാവില്ലെങ്കിലും, ആക്രമണനിരയില്‍ സ്ഥിരതയുള്ള താരങ്ങള്‍ നിര്‍ബന്ധം. മധ്യനിരയിലും നല്ല ക്രിയേറ്റീവ് താരങ്ങളുടെ അഭാവം മുഴക്കുന്നുണ്ട്. കോച്ചിനെ പഴി പറഞ്ഞ് കൈകഴുകുന്നതില്‍ കഥയില്ല. ഇഗോറിന്‍റെ കീഴില്‍ നമ്മള്‍ കളിച്ചതെല്ലാം എ.എഫ്.സി ഗ്രേഡ് ടൂര്‍ണമെന്‍റുകളാണ്, പഴയ പോലെ മ്യാന്‍മര്‍- ഭൂട്ടാന്‍ സൗഹൃദമല്‍സരങ്ങളല്ല, ആയതിനാല്‍ മാച്ച് ഇന്‍റന്‍സിറ്റി വ്യത്യസ്തമാണ്.

ആരോസ് പ്രൊജക്റ്റിലും, ഐ എസ് എല്ലിലും മാത്രമൊതുങ്ങാതെ സ്കൗട്ടിങ് വിപുലപ്പെടുത്തണം. നമ്മളോടൊപ്പം, ഒരു പക്ഷെ നമ്മളേക്കാള്‍ വേഗം ഏഷ്യന്‍ തലത്തില്‍ പോലും രാജ്യങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ പ്രതിഭകള്‍ വരുന്നതോടെ പുതിയ പ്ലാനുകളും സിസ്റ്റങ്ങളും വരും. ലോകകപ്പ് ബെര്‍ത്ത് എന്ന പ്രതീക്ഷയില്ലാ പ്രതീക്ഷ മാത്രമേ പോയിട്ടുള്ളൂ, എ.എഫ്.സി യോഗ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സമൂലമായ, പ്രതീക്ഷനിര്‍ഭരമായ മാറ്റങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം .