LiveTV

Live

Football

യൂറോ കപ്പില്‍ യോഗ്യത നേടിയ ടീമുകള്‍ ഇവരെല്ലാമാണ്...

യൂറോ കപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ പട്ടിക പരിശോധിക്കാം.

യൂറോ കപ്പില്‍ യോഗ്യത നേടിയ ടീമുകള്‍ ഇവരെല്ലാമാണ്...

യൂറോ കപ്പിലേക്കുള്ള ടീമുകളുടെ ഏകദേശ പട്ടികയായി. ഇന്നലെ നടന്ന യോഗ്യത മത്സരങ്ങളുടെ വിധി വന്നതോടെയാണ് ചിത്രം വെളിവായത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ പുറത്താകുമോ ഇല്ലയോ എന്ന ആകാംഷഭരിതമായ ചോദ്യത്തിന് ഉത്തരവും ഇന്നലെ ലഭിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലക്സംബര്‍ഗിന തോല്‍പ്പിച്ച് പോര്‍ചുഗല്‍ തങ്ങളുടെ യൂറോ കപ്പ് സാന്നിധ്യം ഉറപ്പിച്ചു. യൂറോ കപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ പട്ടിക പരിശോധിക്കാം.

ആസ്ട്രിയ

കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് ജയവും രണ്ട് തോല്‍വിയുമായാണ് ആസ്ട്രിയ യോഗ്യത നേടിയത്. മാര്‍ക്കോ അര്‍ണച്ചോവിച്ചിന്‍റെ മിന്നുന്ന ഫോമാണ് ഫ്രാങ്കോ ഫോര്‍ഡക്കും സംഘത്തിനും തുണയായത്. അര്‍ണച്ചോവിച്ച് ആറ് ഗോളുകളാണ് യോഗ്യത മത്സരങ്ങളില്‍ നേടിയത്.

ബെല്‍ജിയം

കളിച്ച ഒമ്പത് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് റൊബെര്‍ട്ടോ മാര്‍ട്ടീനസിന്‍റെ ബെല്‍ജിയം പടക്കുതിരകള്‍ യൂറോ കപ്പിലേക്ക് ഓടിക്കയറിയത്. റൊമേലു ലുക്കാക്കു എന്ന തുറുപ്പുചീട്ട് മാര്‍ട്ടീനസ് നല്ലപോലെ ഉപയോഗപ്പെടുത്തി എന്നതാണ് സ്കോര്‍ ബോര്‍ഡ് പറയുന്ന കഥ. ഏഴ് ഗോളുകളുമായി ലുക്കാക്കു മുന്‍നിരയില്‍ തന്നെയുണ്ട്. ബെല്‍ജിയത്തിനായി നൂറില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സ്റ്റാര്‍ പ്ലെയര്‍ ഈഡന്‍ ഹസാര്‍ഡും ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന് ശക്തി പകരുന്നു.

ക്രൊയേഷ്യ

കഴിഞ്ഞ ലോകകപ്പില്‍ അട്ടിമറികള്‍ കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ ക്രൊയേഷ്യയും യൂറോ കപ്പ് യോഗ്യത ഉറപ്പിച്ചു. ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച സ്ലാച്കോ ഡാവിച്ച് യൂറോ കപ്പിലും വിജയങ്ങളിലേക്ക് നയിക്കും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ശ്രമകരമായ യോഗ്യത റൌണ്ടായിരുന്നു ക്രൊയേഷ്യക്ക് മുന്നില്‍. എട്ട് മത്സരങ്ങില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും ക്രൊയേഷ്യക്ക് നേരിടേണ്ടി വന്നു. യോഗ്യത മത്സരങ്ങളില്‍ പെറ്റ്കോവിച്ച് നാല് ഗോളുകള്‍ നേടി ടോപ് സ്കോററായി. എങ്കിലും ടീമിന്‍റെ തുറുപ്പ് ചീട്ട് നായകന്‍ ലൂക്കാ മോഡ്രിച്ച് തന്നെയാണ്.

ഛെക്ക് റിപബ്ലിക്

എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും. ആകാംഷഭരിതമായിരുന്നു ചെക്ക് റിപ്പബ്ലിക്കന്മാരുടെ യൂറോ കപ്പ് പ്രവേശനം. കഴിഞ്ഞ യുറോ കപ്പില്‍ ആദ്യ റൌണ്ടില്‍ പുറത്തായതിന്‍റെ ക്ഷീണവും ടീമിന് ഇത്തവണ മാറ്റിയേ മതിയാകൂ

ഇംഗ്ലണ്ട്

ആധികാരിക വിജയങ്ങളിലൂടെ എളുപ്പമായിരുന്നു ഇംഗ്ലണ്ടിന്‍റെ യോഗ്യത മത്സരങ്ങള്‍. ഗെരത് സൌത്ത് ഗേറ്റിന്‍റെ തന്ത്രങ്ങള്‍ ഇംഗ്ലീഷ് പടയെ എത്ര കണ്ട് സ്വാധീനിക്കും എന്ന് കണ്ടറിയണം. നായകന്‍ ഹാരികെയിന്‍ 12 ഗോളുകള്‍ നേടി കരിയറിലെ മികച്ച ഫോമിലാണ്. റഹീം സ്റ്റെര്‍ലിങും ജേഡന്‍ സാഞ്ചോയും കൂടി ചേരുമ്പോള്‍ എതിരാളികള്‍ക്ക് ഇംഗ്ലണ്ട് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഫിന്‍ലാന്‍റ്

മാര്‍ക്കു കനേര്‍വയുടെ ഫിന്‍ലാന്‍റ് ആറ് ജയവും മൂന്ന് തോല്‍വിയുമായാണ് യൂറോ കപ്പിലേക്ക് വരുന്നത്. ടീമു പുക്കി ഒമ്പത് ഗോളുകളടിച്ച് ടീമിന്‍റെ നിറ സാന്നിധ്യമായി.

ഫ്രാന്‍സ്

ആധികാരികമായിരുന്നു ലോക ചാമ്പ്യന്മാരുടെ ജയം. പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയും. ആറ് ഗോളുകള്‍ നേടിയ ജിറൌഡിന്‍റെ ബലത്തിലാണ് ഫ്രാന്‍സിന്‍റെ മുന്നേറ്റം. ഗ്രീസ്മാനും ലെങ്ക്ലെറ്റും എംബാപ്പെയും കൂടി ചേരുമ്പോള്‍ ഫ്രഞ്ച് പടക്കപ്പല്‍ സജ്ജമാണ്. 2016 ഫൈനലില്‍ സ്വന്തം നാട്ടില്‍ വച്ച് പോര്‍ചുഗലിനോട് ഒരു ഗോളിന് തോറ്റതിന്‍റെ ക്ഷീണം ഫ്രാന്‍സ് ഇത്തവണ മാറ്റുമായിരിക്കും.

ജര്‍മനി

ആരും ഭയക്കുന്ന ടീം. ജര്‍മനി. കളിച്ചത് ഏഴ് മത്സരങ്ങള്‍, ഏഴിലും ജയം, ഒരു തോല്‍വി. അഞ്ച് ഗോളുകള്‍ നേടി നാര്‍ബിയാണ് ജനര്‍മനിയുടെ ഗോള്‍ വേട്ടക്കാരില്‍ യോഗ്യത മത്സരങ്ങളിലെ മുമ്പന്‍. ടോണി ക്രൂസും ഹാവേര്‍ട്സുമെല്ലാം മികച്ച ഫോമില്‍. ഈ ജര്‍മനി ടീമില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ ഒരു തെറ്റുമില്ല.

പോര്‍ച്ചുഗല്‍

അഞ്ച് മത്സരങ്ങളില്‍ വിജയിച്ചും രണ്ടെണ്ണം സമനിലയില്‍ കുരുങ്ങിയും ഒന്നില്‍ പരാജയപ്പെട്ടും പോര്‍ചുഗല്‍ ദുഷ്കരമായ തങ്ങളുടെ പ്രയാണത്തില്‍ യോഗ്യത നേടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 11 ഗോളുകള്‍ നേടി മുന്‍ നിരയില്‍ നിന്നും നയിച്ചെങ്കിലും അവസാന മത്സരത്തില്‍ ലക്സംബര്‍ഗിനെതിരെ തോറ്റിരുന്നെങ്കില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ചുഗല്‍ പുറത്താകുമായിരുന്നു.

ഇവരെക്കൂടാതെ മികച്ച ഫോമില്‍ യോഗ്യത നേടിയ റഷ്യയും പരാജയമറിയാതെ തിരിച്ചുവരിനൊരുങ്ങുന്ന സ്പെയിനും വിയര്‍ത്ത് യോഗ്യത നേടിയ സ്വീഡനും അത്ഭുതങ്ങള്‍ കാട്ടാന്‍ ടര്‍ക്കിയും ഉക്രൈനുമെല്ലാം കച്ച കെട്ടി കഴിഞ്ഞു. പോളണ്ടും നെതര്‍ലാന്‍സും ഇറ്റലിയുമെല്ലാം രണ്ടും കല്‍പിച്ച് തന്നെയാണ്. ഏതായാലും യൂറോ കപ്പില്‍ വമ്പന്മാരെല്ലാം സ്ഥാനമുറപ്പിച്ച് കഴിഞ്ഞിരിക്കുന്നു.