LiveTV

Live

Football

കുഞ്ഞു ഫുട്ബോളര്‍മാര്‍ക്കായി ‘യങ് ബ്ലാസ്റ്റേഴ്‌സ് ‘ പരിശീലന കേന്ദ്രങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

കുഞ്ഞു ഫുട്ബോളര്‍മാര്‍ക്കായി ‘യങ് ബ്ലാസ്റ്റേഴ്‌സ് ‘ പരിശീലന കേന്ദ്രങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

കേരള ഫുട്ബോള്‍ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി ‘കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ്’ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് സെന്റർ കൊച്ചിയിൽ തുടങ്ങും. നോർത്ത് കളമശേരിയിലെ പാർക്ക്‌ വേയിൽ നവംബർ 17നാണ് ആദ്യ ട്രെയിനിങ് സെന്റർ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരദ്വാജ്, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ്‌ റഫീഖ്, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എന്നിവർ ഉദ്ഘാടനപരിപാടികളില്‍ പങ്കെടുക്കും. കാല്‍പ്പന്ത് കളിക്ക് ഏറെ വേരോട്ടമുള്ള കേരള സമൂഹത്തിൽ ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി വളർത്തിയെടുക്കുകായണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്‌സ് ശൈലിയിൽ മികവുറ്റ പരിശീലനം നൽകികൊണ്ട് കുട്ടികളെ അന്താരാഷ്ട്ര ഫുട്ബോൾ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് വിഭാവനം ചെയ്യുന്നത്. സാങ്കേതിക തികവ്, ലക്ഷ്യബോധം, നേട്ടങ്ങളിൽ ഉള്ള അനുഭൂതി എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യങ് ബ്ലാസ്റ്റേഴ്‌സ് അടിസ്ഥാനമാക്കുന്നത്. കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ, കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി, കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്റർ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലനം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‍കൂളുകളുമായി ചേർന്നാണ് കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർക്ക് ആവശ്യപ്പെടുന്നതനുസരിച്ച് പരിശീലനം നൽകും. കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് നൽകും. കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുക. സെന്ററുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പരിശീലന കളരികൾ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററുകൾ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സാമൂഹിക പ്രതിബദ്ധത പദ്ധതിയാണ് ‘യങ് ബ്ലാസ്റ്റേഴ്‌സ്’. കഴിഞ്ഞ വർഷങ്ങളിലും കേരള ഫുട്ബോൾ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് വളർന്നു വരുന്ന കുട്ടികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കളമശ്ശേരി അൽബേട്ടിയൻ സ്‌പോർട്സ് കോംപ്ലക്സിൽ രണ്ടാമത്തെ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററിന് ഉടൻ തുടക്കമാകും.