LiveTV

Live

Football

ഗാസ്സനിഗ: ഇതാ അർജന്റീനക്കാർ കാത്തിരുന്ന ആ ഗോൾകീപ്പർ  

അർജന്റീനയുടെ ട്രോഫിശാപത്തിനു കാരണമായി പറയാവുന്ന, അധിമാർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ലാത്ത ഒരു വസ്തുതയുണ്ട്; എണ്ണംപറഞ്ഞ ഒരു ഗോൾകീപ്പറുടെ അഭാവം. അത് പരിഹരിക്കപ്പെടുകയാണോ?

ഗാസ്സനിഗ: ഇതാ അർജന്റീനക്കാർ കാത്തിരുന്ന ആ ഗോൾകീപ്പർ  

ലോകഫുട്‌ബോളിലെ എണ്ണംപറഞ്ഞ താരങ്ങളുണ്ടായിട്ടും സമീപകാലത്തൊന്നും അർജന്റീനക്ക് ഒരു മേജർ ട്രോഫി സ്വന്തമാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ഫുട്‌ബോൾ പണ്ഡിറ്റുകൾ മുതൽ സാധാരണക്കാർ വരെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങൾ പലതാണ്. 2006 ലോകകപ്പ് ക്വാർട്ടറിൽ ജർമനിക്കെതിരെ ഒരു ഗോളിന് മുന്നിൽനിൽക്കെ മിഡ്ഫീൽഡ് മാസ്റ്റർ യുവാൻ റോമൻ റിക്വൽമിയെ പിൻവലിച്ച കോച്ചിന്റെ അതിബുദ്ധി, 2014 ഫൈനൽ എക്‌സ്ട്രാ ടൈമിൽ പ്രതിരോധത്തിന്റെ ശ്രദ്ധപാളിപ്പോയ ഒറ്റനിമിഷം, 2016 കോപ അമേരിക്ക ഫൈനലിൽ ലയണൽ മെസ്സി തുലച്ച പെനാൽട്ടി, ഒന്നിലേറെ ഫൈനലുകളിൽ ഗോൺസാലോ ഹിഗ്വയ്ൻ തുലച്ച സുവർണാവസരങ്ങൾ... ഇങ്ങനെ അർജന്റീനയുടെ നഷ്ടക്കണക്കുകളിലേക്ക് പലതരം വിശദീകരണങ്ങൾ കടന്നുവരാറുണ്ട്.

എന്നാൽ, അർജന്റീനയുടെ ട്രോഫിശാപത്തിനു കാരണമായി പറയാവുന്ന, അധിമാർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ലാത്ത ഒരു വസ്തുതയുണ്ട്; എണ്ണംപറഞ്ഞ ഒരു ഗോൾകീപ്പറുടെ അഭാവം. 2006-ലെ ക്വാർട്ടറിൽ റിക്വൽമിക്കു മുമ്പേ കളംവിടേണ്ടി വന്ന അബൻഡൻസിരി ഒഴിച്ചുനിർത്തിയാൽ സമീപകാലത്തൊന്നും സ്ഥിരം മികവ് പുലർത്തുന്ന ഒരു 'വേൾഡ് ക്ലാസ്' കീപ്പറെ അർജന്റീന ഉൽപ്പാദിപ്പിച്ചിട്ടില്ല. 2009 മുതൽ ടീമിന്റെ ഭാഗമായ ഒന്നാംനമ്പർ കീപ്പർ സെർജിയോ റൊമേറോ 2015 മുതൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ രണ്ടാംകീപ്പർ മാത്രമാണെന്ന വസ്തുത തന്നെ മതി ഈ ദാരിദ്ര്യം തിരിച്ചറിയാൻ. 2018 ലോകകപ്പിലെ ആദ്യമത്സരത്തിൽ ക്രൊയേഷ്യക്കെതിരെ അർജന്റീന ആദ്യഗോൾ വഴങ്ങിയത് കീപ്പർ വില്ലി കബയറോയുടെ മണ്ടത്തരത്തിന്റെ ഫലമായിട്ടായിരുന്നു. അതിനുശേഷം കോപ അമേരിക്കയിലടക്കം ടീമിന്റെ വലകാത്ത ഫ്രാങ്കോ അർമാനിയുടെ പ്രകടനവും അത്ര ആശാവഹമായിരുന്നില്ല.

എന്നാലിതാ, അർജന്റീന ആരാധകർ സ്വപ്‌നം കണ്ടിരുന്ന തരത്തിലുള്ളൊരു ഗോൾകീപ്പർ ഉദയം ചെയ്തിരിക്കുന്നു, പേര് പൗളോ ദിനോ ഗാസ്സനിഗ. ഞായറാഴ്ച ലിവർപൂളും ടോട്ടനം ഹോട്‌സ്പറും ലിവർപൂളും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരത്തിലാണ് 27-കാരനായ ഗാസ്സനിഗയുടെ വിശ്വരൂപം ഫുട്‌ബോൾ ലോകം ദർശിച്ചത്. ആൻഫീൽഡിൽ ലിവർപൂളിന്റെ ആക്രമണങ്ങളെ ഒന്നൊന്നായി തട്ടിയകറ്റി അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച ആറടി നാലിഞ്ചുകാരൻ, ടോട്ടനത്തിന്റെ തോൽവിയിലും എതിരാളികളുടെ പോലും മനംകവർന്നാണ് കളംവിട്ടത്. ഒരൊറ്റ മത്സരത്തിൽ മാത്രം പന്ത്രണ്ട് ഗോളവസരങ്ങളാണ് താരം വിഫലമാക്കിയത്.

2012 മുതൽ ഇംഗ്ലീഷ് ക്ലബ്ബ് സതാംപ്ടണിന്റെ താരമായിരുന്ന ഗാസ്സനിഗയെ 2017-ലാണ് ടോട്ടനം വാങ്ങുന്നത്. സതാംപ്ടണിന്റെ മുൻ മാനേജറായിരുന്ന മൗറിഷ്യോ പൊചറ്റിനോ തന്റെ നാട്ടുകാരൻ കൂടിയായ ഗാസ്സനിഗയെ ടോട്ടനത്തിലെത്തിക്കുകയായിരുന്നു. 2017 നവംബറിൽ പ്രീമിയർ ലീഗിൽ അരങ്ങേറിയെങ്കിലും ടീം ക്യാപ്ടൻ ഹ്യുഗോ ലോറിസിന്റെ നിഴലായി ഒതുങ്ങാനായിരുന്നു താരത്തിന്റെ വിധി. ഇത്രയും കാലത്തിനിടെ വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രമേ താരത്തിന് ഗ്ലൗ അണിയേണ്ടി വന്നിട്ടുള്ളൂ. 2018 നവംബറിൽ മെക്‌സിക്കോക്കെതിരായ സൗഹൃദ മത്സരത്തിൽ പകരക്കാരനായിറങ്ങി 31 മിനുട്ട് രാജ്യത്തിനു വേണ്ടിയും താരം വലകാത്തു.

ഒക്ടോബർ ആദ്യവാരത്തിൽ ഒന്നാംനമ്പർ കീപ്പർ ഹ്യൂഗോ ലോറിസിന് പരിക്കേറ്റതാണ് ഈ സീസണിൽ ഗാസ്സനിഗക്ക് അനുഗ്രഹമായി ഭവിച്ചത്. ബ്രെയ്റ്റനെതിരായ മത്സരത്തിനിടെ ഇടങ്കൈ മുട്ടിൽ പരിക്കേറ്റ ഫ്രഞ്ച് കീപ്പർ സീസൺ കയറിയതോടെ പൊചറ്റിനോ അർജന്റീനക്കാരന് അവസരം നൽകി. എവേ മത്സരത്തിൽ മൂന്നു ഗോൾ വഴങ്ങി ടോട്ടനം തോറ്റെങ്കിലും നാട്ടുകാരനിലുള്ള വിശ്വാസം കോച്ചിന് നഷ്ടമായില്ല. വാട്‌ഫോഡിനെതിരായ അടുത്ത മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്. പക്ഷേ, ഗാസ്സനിഗയുടെ പ്രകടനം ശ്രദ്ധേയമായി.

ലിവർപൂളിനെതിരായ നിർണായക മത്സരത്തിൽ കോച്ചിന്റെ തീരുമാനത്തെ ന്യായീകരിച്ച് താരം കയ്യടി. ഒന്നാം മിനുട്ടിൽ ഹാരി കെയ്ൻ നേടിയ ഗോളിനുശേഷം ലിവർപൂൾ തുടരെത്തുടരെ ആക്രമണം നയിച്ചെങ്കിലും ഗാസ്സനിഗയുടെ റിഫ്‌ളക്‌സ് സേവുകൾ അവരെ ഗോളിൽനിന്ന് അകറ്റിനിർത്തി. രണ്ടാംപകുതിയിൽ പക്ഷേ, ടോട്ടനത്തിന്റെ പ്രതിരോധപ്പിഴവിൽ 21-ാം നമ്പർ താരത്തിന് ക്ലീൻചിറ്റ് നഷ്ടമായി.

ടോട്ടനം തോറ്റെങ്കിലും സമൂഹമാധ്യമങ്ങൾ ഗാസ്സനിഗയെ പ്രശംസകൊണ്ട് മൂടുകയായിരുന്നു. താരത്തെ അർജന്റീനയുടെ ഒന്നാം കീപ്പറാക്കണമെന്നായിരുന്നു പലരുടെയും ആവശ്യം.

മനംകവർന്ന പ്രകടനത്തിലും പൊസിഷൻ പാലിക്കുന്നതിലടക്കമുള്ള ചില പിഴവുകൾ ഗാസ്സനിഗയിൽ നിന്നുണ്ടായിരുന്നു. അതുപക്ഷേ, വലിയ മത്സരങ്ങൾ കളിച്ച് പരിചയമില്ലാത്തതിനാലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഗോളിനുമുന്നിൽ ചിലന്തിയെപ്പോലെ വലവിരിച്ചുനിൽക്കുന്ന മികവ് ഗാസ്സനിഗക്ക് തുടരാനായാൽ ലയണൽ സ്‌കലോനിയുടെ സംഘത്തിൽ താരം സ്ഥാനമുറപ്പിക്കുന്ന കാലം വിദൂരമല്ല.

ഗാസ്സനിഗ: ഇതാ അർജന്റീനക്കാർ കാത്തിരുന്ന ആ ഗോൾകീപ്പർ