LiveTV

Live

Football

നെയ്മറിന്റെ സ്വന്തം മൂവർ സംഘം; അഥവാ ഇഴപിരിയാത്ത സൗഹൃദത്തിന്റെ കഥ

നെയ്മറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് ഗ്രൂപ്പിലെ അംഗങ്ങളായ ഇവര്‍ കണക്കുകളനുസരിച്ച് പ്രതിമാസം 10,000 യൂറോസ് (8,71,880 രൂപ) ശമ്പളം കൈപ്പറ്റുന്നവരാണ്

നെയ്മറിന്റെ സ്വന്തം മൂവർ സംഘം; അഥവാ ഇഴപിരിയാത്ത സൗഹൃദത്തിന്റെ കഥ

കരിയറില്‍ നിമ്ന്നോന്നതികളുണ്ടായെങ്കിലും ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരങ്ങളിലൊരാളാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. കളിക്കളത്തിലെ അത്ഭുതങ്ങള്‍ മാത്രമല്ല, സമ്പാദിക്കുന്ന പണം പൊടിച്ചുള്ള ആര്‍ഭാട ജീവിതത്തിലൂടെയും വാര്‍ത്തകളില്‍ നെയ്മര്‍ ഇടം പിടിക്കാറുണ്ട്. നെയ്മറിന്‍റെ ഏറ്റവും അടുത്ത സുഹ‍ൃത്തുക്കള്‍ ആരെന്ന് ചോദിച്ചാല്‍ ബാഴ്സലോണ താരങ്ങളായ ലിയോ മെസിയും ലൂയി സുവാരസുമാണെന്നായിരിക്കും ഫുട്ബോള്‍ ലോകത്തിന്‍റെ മറുപടി. നെയ്മറിനെ പി.എസ്.ജിയില്‍ നിന്നും തിരിച്ച് ബാഴ്സയിലേക്ക് എത്തിക്കാന്‍ മെസിയാണ് കൂടുതല്‍ ചരടുവലികള്‍ നടത്തിയതെന്ന് വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍, നെയ്മറിന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇവരാരുമല്ല. മറിച്ച് ഒരു മൂവര്‍ സംഘമാണ്. 2013ല്‍ ബാഴ്സലോണയില്‍ കളിക്കാന്‍ ആരംഭിച്ചപ്പോഴും 2017ല്‍ പി.എസ്.ജിയിലേക്ക് പോയപ്പോഴും നെയ്മറിനൊപ്പം ഗാലറിയില്‍ ആ മൂന്ന് പേരുണ്ടായിരുന്നു. നെയ്മറിന്‍റെ പാര്‍ക്കാസ്.

നെയ്മറിന്റെ സ്വന്തം മൂവർ സംഘം; അഥവാ ഇഴപിരിയാത്ത സൗഹൃദത്തിന്റെ കഥ

കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയുമാണ് ബ്രസീലിലെ സാധാരണ ചെറുപ്പക്കാര്‍ ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്നം. ഇതിന്റെ പേരില്‍ പ്രക്ഷോഭങ്ങളും രാഷ്ട്രീയ ചലനങ്ങളും തെക്കേ അമേരിക്കന്‍ രാജ്യത്തുണ്ടാകുന്നു. എന്നാല്‍, നെയ്മറിനൊപ്പം കളിച്ചുവളര്‍ന്ന ചങ്ങാതിമാര്‍ക്ക് പക്ഷേ, കാര്യങ്ങള്‍ കുശാലാണ്. നെയ്മര്‍ പങ്കെടുക്കുന്ന എല്ലാ രാജകീയ പാര്‍ട്ടികളിലും അവരുമൊപ്പമുണ്ടാകും. മാത്രമല്ല, തന്റെ പേഴ്സണല്‍ സ്റ്റാഫ് ഗ്രൂപ്പിലെ അംഗങ്ങളായ ഇവര്‍ക്ക് നെയ്മര്‍ പ്രതിമാസം 10,000 യൂറോസ് (8,71,880 രൂപ) ശമ്പളം നല്‍കുന്നു എന്നാണ് കണക്കുകള്‍.

2017-ല്‍ ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബുമായി ബ്രസീലിയന്‍ താരം ഒപ്പുവെച്ച കരാറുകളിലൊന്ന്, സുഹൃത്തുക്കള്‍ക്ക് പാരീസിലേക്ക് വരാനും പോകാനുമുള്ള ചെലവുകള്‍ ക്ലബ്ബ് വഹിക്കണമെന്നതായിരുന്നു. ബ്രിട്ടീഷ് മാധ്യമമായ സണ്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ഗില്‍ സെബോള, കാര്‍ലോസ് ഹെന്‍‍റിക്, ജോട്ടാ അമാനിക്കോ എന്നിവര്‍ നെയ്മറിന്‍റെ പരിവാര സംഘമായ ടീം നെയ്മറിലെ പ്രധാന സ്ഥാനങ്ങളിലുള്ളവരാണ്. പാരീസില്‍ താരത്തിനൊപ്പം തന്നെയാണ് മൂവരും താമസിക്കുന്നതും.

നെയ്മറിന്‍റെ ഏജന്‍റായി ആദ്യം സേവനം അനുഷ്ഠിച്ച സെബോള, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും ചുമതലക്കാരനാണ്. ഇതിനെക്കൂടാതെ സെബോളക്ക് തന്‍റേത് മാത്രമായ വസ്ത്ര ബ്രാന്‍റും ടാറ്റൂ ഷോപ്പും ഈവന്‍റ് പ്രൊഡക്ഷന്‍ കമ്പനിയുമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 500,000 ഫോളോവേഴ്സുള്ള സെബോളയെ ബ്രസീലില്‍ നടക്കുന്ന ഒരു പരസ്യ ക്യാമ്പയിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനായി ഗൂഗിള്‍ ചുമതലപ്പെടുത്തിയിരുന്നു.

ഹെന്‍‍റിക്കാണ് മൂവര്‍സംഘത്തിലെ പ്രധാനി. നെയ്മറിന്‍റെ വാണിജ്യ ഇടപാടുകള്‍ നിയന്ത്രിക്കുന്നത് ഹെന്‍‍റിക്കാണ്. നെയ്മറിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് മൂന്നാമന്‍ അമാനിക്കോ. നെയ്മറിന്‍റെ സ്വകാര്യ ഉപദേഷ്ടാവ് കൂടിയായ അമാനിക്കോ ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നെയ്മറിന്റെ സഹതാരം കൂടിയായിരുന്നു.

നെയ്മറിന്റെ സ്വന്തം മൂവർ സംഘം; അഥവാ ഇഴപിരിയാത്ത സൗഹൃദത്തിന്റെ കഥ

പതിമൂന്നാം വയസ്സുമുതല്‍ മൂവര്‍സംഘം നെയ്മര്‍ക്കൊപ്പമുണ്ട്. ഒരുമിച്ച് കളിച്ച്, പഠിച്ച് വളര്‍ന്ന ഇവര്‍ 2010 വരെ ഒരേ ടീമില്‍ ഒരുമിച്ച് കളിച്ചവരാണ്. നെയ്മറിന്‍റെ എല്ലാ പാര്‍ട്ടികളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. 2016 കോപ അമേരിക്കയില്‍ ബ്രസീല്‍ പെറുവിനോട് പരാജയപ്പെട്ടപ്പോള്‍ നെയ്മര്‍ ലാസ് വേഗാസില്‍ പാര്‍ട്ടിയിലായിരുന്നെന്നത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അന്നും ഇവര്‍ താരത്തിനൊപ്പമുണ്ടായിരുന്നു. നെയ്മറിന്‍റെ ഇരുപത്തിയാറാം പിറന്നാളിന് അതിഗംഭീരമായ പാര്‍ട്ടിയാണ് മൂവരും പാരീസില്‍ ഒരുക്കിയത്. മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോ, വിക്ടോറിയയിലെ അതി സുന്ദരി ഇസബെല്‍ ഗൌളാര്‍ഡ്, ലൂയീസ് ഹാമില്‍ടണ്‍ തുടങ്ങി ഒരുപാട് പ്രമുഖര്‍ പാര്‍ട്ടിയിലുണ്ടായിരുന്നു.

നെയ്മറിന്റെ സ്വന്തം മൂവർ സംഘം; അഥവാ ഇഴപിരിയാത്ത സൗഹൃദത്തിന്റെ കഥ

പ്രൊഫഷണല്‍ ഫുട്ബോളിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും നെയ്മര്‍ ആശ്വാസം കണ്ടെത്തുന്നത് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടികളിലും യാത്രകളിലുമാണ്. അതിനാല്‍ തന്നെ, ഒന്നിച്ചിരിക്കുമ്പോള്‍ ഫുട്ബോളിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്നതാണ് നെയ്മര്‍ക്കും കൂട്ടുകാര്‍ക്കുമിടയിലുള്ള അപ്രഖ്യാപിത ധാരണ.

അവന്‍ ഒരു പ്രഷര്‍ കുക്കറിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ അവനെ അതില്‍നിന്നും മോചിപ്പിക്കുന്നു. ഞങ്ങള്‍ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാറില്ല. നെയ്മറിന്‍റെ ജീവിതത്തിലെ പിരിമുറുക്കങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു. - ടീം നെയ്മറിന്‍റെ മറ്റൊരു സുഹൃത്തായ ഗുസ്താവോ പറയുന്നു.