LiveTV

Live

Football

ലിവർപൂളിന്റെ കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റർ

സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ അഭാവത്തിൽ ലിവർപൂളിന്റെ നീക്കങ്ങൾക്ക് വേഗത കുറവായിരുന്നു. ഇരുവശങ്ങളിലും അവസരങ്ങൾ തുറന്നശേഷം 36-ാം മിനുട്ടിൽ പ്രത്യാക്രമണത്തിൽ നിന്നാണ് ആതിഥേയർ അക്കൗണ്ട് തുറന്നത്.

ലിവർപൂളിന്റെ കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റർ

മാഞ്ചസ്റ്റർ: യൂറോപ്യൻ ക്ലബ്ബ് ചാമ്പ്യന്മാരായ ലിവർപൂളിന്റെ വിജയക്കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്. പ്രീമിയർ ലീഗിൽ തുടർച്ചയായി 17 വിജയങ്ങളുമായി മിന്നും ഫോമിലായിരുന്ന യുർഗൻ ക്ലോപ്പിന്റെ സംഘത്തെ ചുവന്നകുപ്പായക്കാർ 1-1 സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. 36-ാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോഡിന്റെ ഗോളിൽ ആതിഥേയർ മുന്നിലെത്തിയപ്പോൾ 85-ാം മിനുട്ടിൽ സബ്സ്റ്റിറ്റിയൂട്ട് താരം ആദം ലല്ലാനയാണ് ലിവർപൂളിന്റെ സമനില ഗോൾ നേടിയത്.

തൊട്ടുമുമ്പത്തെ മൂന്ന് മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാതെ സ്വന്തം തട്ടകത്തിൽ ലിവർപൂളിനെ നേരിടാനിറങ്ങിയ യുനൈറ്റഡ് തുടക്കംമുതൽ ആക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവെച്ചത്. സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ അഭാവത്തിൽ ലിവർപൂളിന്റെ നീക്കങ്ങൾക്ക് വേഗത കുറവായിരുന്നു. ഇരുവശങ്ങളിലും അവസരങ്ങൾ തുറന്നശേഷം 36-ാം മിനുട്ടിൽ പ്രത്യാക്രമണത്തിൽ നിന്നാണ് ആതിഥേയർ അക്കൗണ്ട് തുറന്നത്.

ലിവർപൂളിന്റെ കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റർ

വലതുവിങ്ങിലൂടെ കുതിച്ചുപാഞ്ഞ് ഡാനിയൽ ജെയിംസ് നൽകിയ ക്രോസ് സമർത്ഥമായി റാഷ്‌ഫോഡ് വലയിലെത്തിക്കുകയായിരുന്നു. ഗോളിന് വഴിതുറന്ന നീക്കത്തിനിടെ ലിവർപൂൾ താരം ദിവോക് ഓറിഗി ഫൗൾ ചെയ്യപ്പെട്ടുവെന്ന് ലിവർപൂൾ താരങ്ങൾ വാദിച്ചെങ്കിലും വാർ സഹായത്തോടെ റഫറി മാർട്ടിൻ ആറ്റ്കിൻസൻ ഇത് തള്ളുകയായിരുന്നു.

മിനുട്ടുകൾക്കുള്ളിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും വാർ ഇടപെട്ട് അസാധുവാക്കി. ബോക്‌സിലേക്കിറങ്ങിയ പന്ത് നിയന്ത്രിക്കുന്നതിനിടെ സദിയോ മാനെ കൈകൊണ്ട് തൊട്ടതായിരുന്നു കാരണം.

ഒരു ഗോൾ ലീഡുമായി ആദ്യപകുതിക്ക് കയറിയ മാഞ്ചസ്റ്റർ രണ്ടാംപകുതിയിൽ കൂട്ടമായി പ്രതിരോധിക്കാനാണ് ശ്രദ്ധിച്ചത്. ഇതോടെ ലിവർപൂളിന് എതിർഹാഫിൽ കളിമെനയാൻ കഴിഞ്ഞു. അതേസമയം, പ്രത്യാക്രമണങ്ങളിലൂടെ എതിർഗോൾ മുഖം വിറപ്പിക്കാനും ഒലേഗുണാർ സോൾജ്യേറിന്റെ സംഘത്തിന് കഴിഞ്ഞു. മത്സരം അവസാനഘട്ടത്തോടടുത്തപ്പോൾ ലിവർപൂളിന്റെ കഠിനാധ്വാനം ഫലംചെയ്തു. ജോർദൻ ഹെൻഡേഴ്‌സന് പകരക്കാരനായിറങ്ങിയ ലല്ലാന, ആൻഡി റോബർട്‌സന്റെ ക്രോസ് വലയിലേക്ക് തട്ടിയിട്ടാണ് ഒരു പോയിന്റെങ്കിലും ഉറപ്പാക്കിയത്.

ലിവർപൂളിന്റെ കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റർ

മത്സരശേഷം, മാഞ്ചസ്റ്റർ പൂർണമായും പ്രതിരോധത്തിലൂന്നിയാണ് കളിച്ചതെന്ന് ലിവർപൂൾ കോച്ച് ആരോപിച്ചു.

'ഞങ്ങൾ ഇവിടെ (ഓൾഡ് ട്രാഫോഡിൽ) വന്ന് കളിച്ചു, അവർ പ്രതിരോധിച്ചു. അത്രയുമാണ് സംഭവിച്ചത്. കുഴപ്പമില്ല, വിമർശിക്കാനുമില്ല, യാഥാർത്ഥ്യം മാത്രം. യുനൈറ്റഡും ലിവർപൂളും കളിക്കുമ്പോൾ രണ്ട് ടീമും വിജയിക്കാൻ വേണ്ടി കളിക്കും എന്നാണ് നിങ്ങൾ പ്രതീക്ഷിക്കുക. ഇത് ഒഴികഴിവല്ല. ഞങ്ങൾ ഇനിയും നന്നാവേണ്ടിയിരുന്നു എന്നുതന്നെയാണ് അഭിപ്രായം. എല്ലാ ടീമുകളോടും ഇങ്ങനെ കളിച്ചാൽ മതിയാവില്ല.'
യുര്‍ഗന്‍ ക്ലോപ്പ്, ലിവര്‍പൂള്‍ കോച്ച്

സീസണിലാദ്യമായി സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ എട്ട് പോയിന്റ് ലീഡ് സ്വന്തമാക്കാനുള്ള അവസരമാണ് ലിവർപൂളിന് നഷ്ടമായത്. ഒമ്പത് കളിയിൽ നിന്ന് 25 പോയിന്റാണ് അവർക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 19 പോയിന്റേയുള്ളൂ. ലെസ്റ്റർ സിറ്റി (17), ചെൽസി (17) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. മോശം ഫോമിലുള്ള യുനൈറ്റഡ് 10 പോയിന്റുമായി 13-ാം സ്ഥാനത്താണ്.