LiveTV

Live

Football

ട്രംപിന്റെ അത്താഴ വിരുന്നിന് പോകില്ലെന്ന് പ്രഖ്യാപിച്ച റാപിനോയുടെ ഫിഫ പുരസ്കാരത്തിന് തിളക്കമേറെ

‘ലോകത്തെ മനോഹരമായ കായികവിനോദമാണ് ഫുട്ബോള്‍. ഈ സുന്ദരമായ കളിയെ ലോകത്തിന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയണം.

ട്രംപിന്റെ അത്താഴ വിരുന്നിന് പോകില്ലെന്ന് പ്രഖ്യാപിച്ച റാപിനോയുടെ ഫിഫ പുരസ്കാരത്തിന് തിളക്കമേറെ

വനിത ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ജൂണിലായിരുന്നു അമേരിക്കയുടെ ദേശീയ ഗാനം പാടില്ലെന്നും കിരീടം നേടിയാല്‍ വൈറ്റ് ഹൗസിലെ അത്താഴവിരുന്നിന് പോവില്ലെന്നും ടീം ക്യാപ്റ്റനായ മെഗന്‍ റാപിനോ പരസ്യമായി പ്രഖ്യാപിച്ചത്. ടീം അംഗങ്ങളും റാപിനോയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ആദ്യം ലോകകപ്പ് ജയിക്കൂ, എന്നിട്ട് മതി സംസാരം. പോയി നിങ്ങളുടെ ജോലി പൂര്‍ത്തിയാക്ക്' ഫ്രാന്‍സ് വനിതാ ലോകകപ്പിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മേഗന്‍ റാപിനോയ്ക്ക് ട്വിറ്ററില്‍ കുറിച്ചു.

റാപിനോ മറുപടി പറഞ്ഞില്ല പകരം ട്രംപിന്റെ വമ്പുപറച്ചലിന് കിരീടം കൊണ്ട് കൊടുത്തു. ലോകകപ്പിലെ മികച്ച താരവും ഗോളടിക്കാരിയും റാപിനോയായിരുന്നു.

ട്രംപ് സർക്കാരിന്റെ നിലപാടുകൾ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരാണെന്നും, സ്ത്രീവിരുദ്ധമാണെന്നും, വംശീയ വെറി ഉണ്ടാക്കുന്നതാണെന്നും തുറന്നു പറഞ്ഞ വ്യക്തിയാണ് റാപിനോ. അതുകൊണ്ടുതന്നെയാണ് വൈറ്റ് ഹൗസിലെ അത്താഴവിരുന്നിന് പോവില്ലെന്ന് അവര്‍ നിലപാടെടുത്തത്. ബാസ്കറ്റ് ബോള്‍ താരമായ സ്യൂ ബേര്‍ഡ് ആണ് റാപിനോയുടെ പ്രണിയിനി.

മിലാനില്‍ ഫിഫയുടെ മികച്ച വനിതാ ഫുട്ബോള്‍ താരത്തിനുളള പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴും റാപിനോ സംസാരിച്ചത് കളത്തിലെ അസമത്വത്തെക്കുറിച്ചും വര്‍ണവെറിയെക്കുറിച്ചുമായിരുന്നു. സ്റ്റെര്‍ലിങ്ങിന്റെയും ഫ്രഞ്ച് കളിക്കാരന്‍ കൗലിബലിയുടെയും വര്‍ണവെറിക്കെതിരായ പോരാട്ടങ്ങളെ പ്രശംസിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയും ആ വേദിയില്‍ റാപിനോ ശബ്ദമുയര്‍ത്തി.

'ലോകത്തെ മനോഹരമായ കായികവിനോദമാണ് ഫുട്ബോള്‍. ഈ സുന്ദരമായ കളിയെ ലോകത്തിന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയണം. സഹജീവികള്‍ക്കും ഇടംകൊടുക്കണം. കൈപിടിച്ചുയര്‍ത്തണം. വര്‍ണവെറിയന്‍മാര്‍ക്കെതിരെ പൊരുതി ജയിച്ച സ്റ്റെര്‍ലിങ്ങിന്റെയും കൗലിബലിയുടെയും കഥകള്‍ നമ്മളെ പ്രചോദിപ്പിക്കുന്നു. അവര്‍ക്കൊപ്പം നമ്മളും ഐക്യപ്പെടേണ്ടതുണ്ട്. അതുപോലെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം ഇല്ലാതാക്കണം. കളത്തിലെ അസമത്വം ചെറുക്കണം. ആണിനും പെണ്ണിനും തുല്യ വേതനം നല്‍കണം. ഫുട്ബോള്‍ ഇതിനെല്ലാം കഴിയുന്ന സ്ഥലമാണ്. നമുക്ക് ഈ ലോകത്തെ മാറ്റാനാകും--റാപിനോ പറഞ്ഞു.

കളികാണാന്‍ സ്റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെടുകയും തുടര്‍ന്ന് കോടതിക്ക് മുന്നില്‍വച്ച് സ്വയം തീകൊളുത്തി മരിക്കുകയും ചെയ്ത ഇറാന്റെ സഹര്‍ കൊദായാരിയെ പ്രസംഗത്തില്‍ റാപിനോ സ്മരിച്ചു. ഇംഗ്ലണ്ട് താരം റഹീം സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തിയ എം.എസ്.എല്‍ താരം കോളിന്‍ മാര്‍ടിനെ പ്രശംസിച്ചു.

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈ മുപ്പത്തിനാലുകാരി നാല്‍പ്പത്താറ് പോയിന്റുമായാണ് മികച്ച താരമായത്. അമേരിക്കയുടെ തന്നെ അലെക്സ് മോര്‍ഗന്‍ 42 പോയിന്റുമായി രണ്ടാമതെത്തി. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് 29 പോയിന്റോടെ മൂന്നാമതായി.

കളത്തിലും പുറത്തും നിലപാടുകള്‍കൊണ്ട് റാപിനോ ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ ട്രംപിനെ വിമര്‍ശിച്ച റാപിനോ പൊലീസ് അതിക്രമത്തിനെതിരെ സമരംചെയ്ത എന്‍.എഫ്.എല്‍ താരം കോളിന്‍ കാപെര്‍ണിക്കിന് പിന്തുണയും നല്‍കി. ദേശീയ ഗാനം ആലപിക്കുമ്പോള്‍ മുട്ടുകുത്തിനിന്നായിരുന്നു പ്രതിഷേധം, നെഞ്ചില്‍ കൈവച്ചതുമില്ല. പുറത്താക്കുമെന്ന ഭീഷണി റാപിനോ ചെവികൊണ്ടില്ല. ലോകകപ്പ് നേടിയ ശേഷം അമേരിക്കന്‍ സോക്കര്‍ ഫെഡറേഷനെതിരെ സഹതാരങ്ങളെ സംഘടിപ്പിച്ച് തുല്യ വേതനത്തിനായി പോരാടി.