LiveTV

Live

Football

പട്ടിണി മാറ്റാന്‍ പന്ത് തട്ടിത്തുടങ്ങി; ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസമായി... 

ഒരു ദരിദ്ര കുടുംബത്തില്‍ പിറന്ന റൊണാള്‍ഡോയും ബ്രസീലിന്റെ മറ്റു ഇതിഹാസങ്ങളെപ്പോലെ തെരുവില്‍ നിന്നാണ് പ്രശസ്തിയിലേക്ക് പന്ത് തട്ടിയത്. 

പട്ടിണി മാറ്റാന്‍ പന്ത് തട്ടിത്തുടങ്ങി; ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസമായി... 

ലോകത്തെ ഏറ്റലും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളും ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡോയെ ഒരു കാല്‍പ്പന്ത് പ്രേമിയും മറക്കില്ല. കൊടിയ ദാരിദ്രത്തില്‍ നിന്നും ഉപജീവനത്തിനായി പന്തു തട്ടി വളര്‍ന്ന റൊണോ രണ്ട് തവണ ബ്രസീലിന്റെ ലോകകപ്പ് നേട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ലോക ഫുട്ബോളര്‍ പുരസ്കാരം നേടിയ റൊണാള്‍ഡോ ഇന്നും ഫുട്ബോള്‍ പ്രേമികള്‍ക്ക് സൂപ്പര്‍താരമാണ്.

റിയോ ഡി ജനീറോയിലാണ് ഫെനോമിനോ എന്ന വിളിപ്പേരിലറിയപ്പെട്ട ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ ഡി ലിമ ജനിക്കുന്നത്. ഒരു ദരിദ്ര കുടുംബത്തില്‍ പിറന്ന റൊണാള്‍ഡോയും ബ്രസീലിന്റെ മറ്റു ഇതിഹാസങ്ങളെപ്പോലെ തെരുവില്‍ നിന്നാണ് പ്രശസ്തിയിലേക്ക് പന്ത് തട്ടിയത്. പ്രതിസന്ധികളുടെ നടുവിലായിരുന്നു കുട്ടിക്കാലം. കൌമാരത്തിലെത്തും മുന്പ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അതോടെ പഠനവും പാതിവഴിയില്‍ നിലയ്ക്കുമെന്നായി. പഠിക്കാനായി തെരുവു ഫുട്ബോള്‍ മത്സരങ്ങളില്‍ വിയര്‍പ്പൊഴുക്കി. ചൈല്‍ഡ് ലീഗ് മത്സരങ്ങളിലൂടെ അവന്‍ ഫുട്ബോള്‍ ലോകത്തിന്റെ കണ്ണാടിയില്‍ പതിഞ്ഞു. 13 വയസില്‍ പ്രൊഫഷണല്‍ ക്ലബുമായി കരാറിലെത്തിയ റൊണോ 1994-ല്‍ തന്റെ 17-ാ‍ം വയസ്സിലാണ്‌ ബ്രസീലിന്റെ ദേശീയ ജേഴ്സി അണിയുന്നത്‌. പരമ്പരാഗത എതിരാളികളായ അര്‍ജന്റീനയുമായുള്ള സൗഹൃദമത്സരത്തിലായിരുന്നു അരങ്ങേറ്റം.

പട്ടിണി മാറ്റാന്‍ പന്ത് തട്ടിത്തുടങ്ങി; ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസമായി... 

അതേ വര്‍ഷം 94 ലോകകപ്പിനുള്ള ടീമിലും ഇടംപിടിച്ചെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അന്ന് കുഞ്ഞ് റൊണോയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കപ്പുറം ഫ്രാന്‍സില്‍ ഈ 21 കാരന്റെ ചുമലിലായിരുന്നു ബ്രസീലിന്റെ പ്രതീക്ഷ മുഴുവന്‍. ലോകഫുട്ബോളിലെ എണ്ണം പറഞ്ഞ താരങ്ങളിലൊരാളായി റൊണാള്‍ഡോ അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു. ബ്രസീലിനെ ഫൈനല്‍ വരെയെത്തിച്ച താരം ഫ്രാന്‍സിനെതിരെ കലാശപ്പോരില്‍ തന്റെ നിഴല്‍ മാത്രമായി ഒതുങ്ങിയതോടെ തലതാഴ്ത്തി മടങ്ങേണ്ടി വന്നു. പക്ഷെ ടൂര്‍ണമെന്റിന്റെ താരത്തിനുള്ള ഗോള്‍ഡണ്‍ ബോള്‍ അര്‍ഹിച്ച കൈകളില്‍ തന്നെയെത്തി. ഫൈനലിലെ നിറംമങ്ങലിന് പിന്നാലെ വിവാദങ്ങളും പുകഞ്ഞു. വിമര്‍ശകര്‍ക്കുള്ള മറുപടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വന്നു. ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ റൊണാള്‍ഡോ ബ്രസീലിന് ലോകകിരീടം വീണ്ടെടുത്തുനല്‍‌കി.

പട്ടിണി മാറ്റാന്‍ പന്ത് തട്ടിത്തുടങ്ങി; ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസമായി... 

എട്ട്‌ ഗോളുകള്‍ നേടി ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണബൂട്ടും റൊണാള്‍ഡോ കരസ്ഥമാക്കി. ഫൈനലില്‍ അതുവരെ ഒരു ഗോള്‍ മാത്രം വഴങ്ങി ഏറെക്കുറെ അജയ്യനായി നിന്ന ജര്‍മ്മനിയുടെ ഇതിഹാസ ഗോളി ഒളിവര്‍ ഖാന്റെ വലയില്‍ രണ്ടുതവണ പന്തെത്തിച്ചത്‌ റൊണാള്‍ഡോയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോളും റൊണാള്‍ഡോയ്ക്ക് തന്നെയായിരുന്നു അന്ന്. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ജപ്പാനെതിരെ രണ്ട്‌ ഗോള്‍ നേടിയതോടെയാണ്‌ റൊണാള്‍ഡോ ജര്‍മ്മനിയുടെ ഇതിഹാസതാരം ഗെഡ് മുള്ളറുടെ 14 ലോകകപ്പ്‌ ഗോളുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തിയത്‌. ഇതേ ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ ഘാനക്കെതിരെ ഒരു ഗോള്‍ കൂടി നേടിയതോടെ മുള്ളറുടെ റെക്കോര്‍ഡും മറികടന്നു. ലോകകപ്പ്‌ ഫുട്ബോളിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ആ മത്സരത്തോടെ ഒന്നാം സ്ഥാനത്ത് റോണോ എത്തിയെങ്കിലും പിന്നീട് ജര്‍മ്മന്‍ താരം മിറോഷാവ് ക്ലോസെ അദ്ദേഹത്തെ മറികടന്നു. മൂന്നുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ റൊണാള്‍ഡോ മൂന്നുതവണ ലോക ഫുട്ബോളര്‍ അവാര്‍ഡും കരസ്ഥമാക്കി. 1996-ല്‍ 20-ാ‍ം വയസ്സിലാണ്‌ ആദ്യമായി ലോക താരമായതെങ്കിലും‌ പിന്നീട്‌ 1997ലും 2002ലുമായിരുന്നു റൊണാള്‍ഡോയായിരുന്നു ലോക ഫുട്ബോളര്‍ ഓഫ്‌ ദി ഇയര്‍ ആയത്.

പട്ടിണി മാറ്റാന്‍ പന്ത് തട്ടിത്തുടങ്ങി; ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസമായി... 

തന്റെ 17-ാ‍ം വയസ്സിലാണ് ഡച്ച്‌ ക്ലബ്ബായ പിഎസ്‌വി ഐന്തോവനില്‍ ചേര്‍ന്നത്‌. ആദ്യ സീസണില്‍ 30 ഗോളുകളാണ്‌ റൊണാള്‍ഡോ പിഎസ്‌വിക്കായി അടിച്ചുകൂട്ടിയത്‌. 1996-ല്‍ റൊണാള്‍ഡോയുടെ മികവില്‍ പിഎസ്‌വി ഡച്ച്‌ കപ്പും സ്വന്തമാക്കി. രണ്ട്‌ വര്‍ഷത്തെ പിഎസ്‌വി ജീവിതത്തിനിടയില്‍ റൊണാള്‍ഡോ 58 മത്സരങ്ങളില്‍ നിന്നായി 54 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. ഈ സ്ട്രൈക്കിങ്ങ്‌ പാടവത്തില്‍ ആകൃഷ്ടരായാണ്‌ സ്പാനിഷ്‌ വമ്പന്മാരായ ബാഴ്സലോണ റൊണാള്‍ഡോയില്‍ നോട്ടമിട്ടത്‌. ഇന്റര്‍മിലാനും താരത്തെ സ്വന്തമാക്കാന്‍ വേണ്ടി പരിശ്രമിച്ചിരുന്നു. എന്നാല്‍ അന്നത്തെ ലോകറെക്കോര്‍ഡ്‌ തുകയായ 19.5 മില്ല്യണ്‍ ഡോളറിന്‌ ബാഴ്സലോണയാണ്‌ റൊണാള്‍ഡോയെ സ്വന്തമാക്കിയത്‌. 1996-97 സീസണില്‍ ബാഴ്സലോണക്കായി 49 മത്സരങ്ങളില്‍ നിന്ന്‌ 47 ഗോളുകള്‍ ഈ ബ്രസീലിയന്‍ താരം അടിച്ചുകൂട്ടി. 37 മത്സരങ്ങളില്‍ നിന്ന്‌ 34 ഗോളുകള്‍. ഒരൊറ്റ സീസണ്‍ മാത്രമാണ്‌ റൊണാള്‍ഡോ ബാഴ്സയില്‍ കളിച്ചത്‌. പിന്നീട്‌ ഇന്റര്‍മിലാനിലും റയല്‍ മാഡ്രിഡിലും എസി മിലാനിലും ഏറ്റവും അവസാനം സ്വന്തം നാട്ടില്‍ കൊറിന്ത്യന്‍സിനും വേണ്ടി റൊണാള്‍ഡോ ബൂട്ടുകെട്ടി.

പട്ടിണി മാറ്റാന്‍ പന്ത് തട്ടിത്തുടങ്ങി; ഒടുവില്‍ ഫുട്ബോള്‍ ഇതിഹാസമായി... 

1994 മുതല്‍ 2011 വരെ ബ്രസീലിന്റെ ദേശീയ ജേഴ്സിയണിഞ്ഞ റൊണാള്‍ഡോ 98 മത്സരങ്ങളില്‍ നിന്നായി 62 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌. 2011 ജൂണ്‍ 7ന്‌ റുമാനിയക്കെതിരായ സൗഹൃദ മത്സരത്തോടെ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളിനോട്‌ വിടപറഞ്ഞു.