LiveTV

Live

Football

വിറ്റു കാശാക്കാൻ പി.എസ്.ജി; നെയ്മറിന്റെ വില കുത്തനെ കുറച്ചു  

ക്ലബ്ബിൽ തുടരാൻ താൽപര്യമില്ലെന്ന് നെയ്മർ തുറന്നുപറഞ്ഞ സാഹചര്യത്തിൽ ആഗസ്ത് എട്ടിന് ട്രാൻസ്ഫർ വിൻഡോ അടയുന്നതിനു മുമ്പ് വിറ്റു കാശാക്കാനുള്ള പെടാപ്പാടിലാണ് പി.എസ്.ജി. 

വിറ്റു കാശാക്കാൻ പി.എസ്.ജി; നെയ്മറിന്റെ വില കുത്തനെ കുറച്ചു  

ട്രാൻസ്ഫർ കാലയളവ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കവെ സൂപ്പർ താരം നെയ്മറിന്റെ വില കുത്തനെ കുറച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. 300 ദശലക്ഷം യൂറോ (2300 കോടി രൂപ) കിട്ടിയാലേ താരത്തെ വിട്ടുനൽകൂ എന്ന് വാശിപിടിച്ചിരുന്ന ക്ലബ്ബ് ഇപ്പോൾ 180 ദശലക്ഷം യൂറോ (1382 കോടി) ലഭിച്ചാൽ കച്ചവടത്തിന് തയ്യാറാണെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാരെ പരസ്പരം കൈമാറുന്ന ഇടപാടിന് താൽപര്യമില്ലെന്നും പണം മുഴുവൻ ലഭിച്ചാലേ നെയ്മറിനെ കൈമാറൂ എന്നുമാണ് ക്ലബ്ബിന്റെ പുതിയ നിലപാട് എന്നാണ് സൂചന.

2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയ നെയ്മർ, ക്ലബ്ബ് വിടാനുള്ള സന്നദ്ധത ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ച പി.എസ്.ജി, ഉദ്ദേശിക്കുന്ന തുക ലഭിച്ചാൽ താരത്തെ വിൽക്കാമെന്നും വ്യക്തമാക്കി. നെയ്മറിനെ തിരികെ വാങ്ങാൻ ബാഴ്‌സലോണക്ക് താൽപര്യമുണ്ടെങ്കിലും മുഴുവൻ പണവും നൽകാൻ കഴിയാത്തതു കൊണ്ട് ട്രാൻസ്ഫർ നടന്നില്ല.

ഫ്രെങ്കി ഡിയോങ്, ആന്റോയിൻ ഗ്രീസ്മൻ തുടങ്ങിയവർക്കായി വൻതുക മുടക്കേണ്ടി വന്നതിനാൽ നെയ്മറിനെ വൻതുക ചെലവഴിച്ച് വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ബാഴ്‌സയുള്ളത്. പണം വാരിയെറിഞ്ഞാൽ യുവേഫയുടെ പിടിവീഴുമെന്നതിനാൽ അൽപം പണവും ബാക്കി കളിക്കാരും എന്ന ഓഫറാണ് അവർ മുന്നോട്ടുവച്ചത്. നെയ്മറിനു പകരം നാല് കളിക്കാരെ നൽകാമെന്ന ബാഴ്‌സയുടെ ആദ്യത്തെ ഓഫർ പി.എസ്.ജി പരിഗണിച്ചില്ല. പിന്നീട് 100 ദശലക്ഷം ഡോളറും രണ്ടു കളിക്കാരും എന്ന വാഗ്ദാനവുമായി സ്പാനിഷ് ചാമ്പ്യന്മാർ രംഗത്തുവന്നെങ്കിലും ഫ്രഞ്ച് ഭീമന്മാർ തൃപ്തരായില്ല.

അതിനിടെ യുവന്റസ്, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവരുമായി നെയ്മർ ബന്ധപ്പെടുന്നുണ്ടെന്ന് വാർത്തകൾ പുറത്തുവന്നു. നെയ്മറിന്റെ പിതാവ് യുവന്റസ് ആസ്ഥാനമായ ടൂറിനിലെത്തുകയും ചെയ്തു. കോച്ച് സൈനദിൻ സിദാന് അനഭിമതനായ ഗരത് ബെയ്‌ലിനെ പകരം നൽകി നെയ്മറിനെ റയൽ മാഡ്രിഡ് വാങ്ങുമെന്നും അഭ്യൂഹം പരന്നു. എന്നാൽ ഇവയിലൊന്നും ഫലപ്രദമായ തീരുമാനമായില്ല.

സഹതാരങ്ങൾക്കൊപ്പം പരിശീലനമാരംഭിച്ചെങ്കിലും ക്ലബ്ബിൽ തുടരാൻ താൽപര്യമില്ലെന്ന് നെയ്മർ തുറന്നുപറഞ്ഞ സാഹചര്യത്തിൽ ആഗസ്ത് എട്ടിന് ട്രാൻസ്ഫർ വിൻഡോ അടയുന്നതിനു മുമ്പ് വിറ്റു കാശാക്കാനുള്ള പെടാപ്പാടിലാണ് പി.എസ്.ജി. വില കുത്തനെ കുറച്ചത് ഇതിന്റെ ഭാഗമാണെന്നാണറിയുന്നത്.