LiveTV

Live

Football

അൽവാരസ് എത്തി; ആ വിടവും നികത്തി അയാക്‌സ് 

ഡച്ച് താരം ക്വിൻസി പ്രോമിസ്, അർജന്റീനക്കാരൻ ലിസാന്ദ്രോ മാർട്ടിനസ്, 19-കാരൻ കിക് പിയറി എന്നിവരെയും ട്രാൻസ്ഫർ കാലയളവിൽ അയാക്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. 

അൽവാരസ് എത്തി; ആ വിടവും നികത്തി അയാക്‌സ് 

കഴിഞ്ഞ സീസണിൽ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ടീമാണ് അയാക്‌സ് ആംസ്റ്റർഡാം. ഡച്ച് ലീഗ് കിരീടം നേടുകയും ചാമ്പ്യൻസ് ലീഗിൽ സെമി വരെ മുന്നേറുകയും ചെയ്ത എറിക് ടെൻ ഹാഗിന്റെ ടീം ഫുട്‌ബോൾ ലോകത്തിന് ചില മികച്ച കളിക്കാരെ പരിചയപ്പെടുത്തുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയുടെ ഹാഫ് ടൈം വരെ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ ടീം ദൗർഭാഗ്യം കൊണ്ടാണ് ഫൈനൽ കാണാതെ പുറത്തായതെന്ന് വലിയൊരു വിഭാഗം കാൽപ്പന്തുകളി ആരാധകരും വിശ്വസിക്കുന്നു.

എന്നാൽ, സീസൺ അവസാനിച്ചതോടെ അയാക്‌സിന്റെ വലിയ ദൗർഭാഗ്യം തുടങ്ങി. ടീമിന്റെ പ്രധാന ചാലകശക്തിയായിരുന്ന മിന്നും താരങ്ങളെ തേടി വൻകിട ക്ലബ്ബുകളെത്തിയപ്പോൾ വിട്ടുകൊടുക്കുകയല്ലാതെ രക്ഷയുണ്ടായില്ല ഡച്ച് ചാമ്പ്യന്മാർക്ക്. 86 ദശലക്ഷം യൂറോ എന്ന ഭീമൻ സംഖ്യക്കാണ് മിഡ്ഫീൽഡർ ജനറൽ ഫ്രെങ്കി ഡിയോങ്ങിനെ ബാഴ്‌സലോണ കൊണ്ടുപോയത്.

ഫ്രെങ്കി ഡിയോങ്‌ 
ഫ്രെങ്കി ഡിയോങ്‌ 

ഡിയോങ്ങിന്റെ ആത്മസുഹൃത്തും അയാക്‌സിന്റെ ക്യാപ്ടനുമായിരുന്ന മത്ത്യാസ് ഡി ലിഗ്റ്റിനു വേണ്ടി ബാഴ്‌സ വലയെറിഞ്ഞെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാനായിരുന്നു 19 വയസ്സ് മാത്രമുള്ള താരത്തിന്റെ തീരുമാനം. 70 ദശലക്ഷം യൂറോയ്ക്കാണ് യുവന്റസ് ഡി ലിഗ്റ്റിനെ വാങ്ങിയത്.

മത്ത്യാസ് ഡി ലിഗ്റ്റ്‌ 
മത്ത്യാസ് ഡി ലിഗ്റ്റ്‌ 

സീസൺ ഒടുവിൽ മധ്യനിരയിലെ രാജാവായ ഡിയോങ് ടീം വിടുമെന്ന് മുൻകൂട്ടിക്കണ്ട് അയാക്‌സ് പകരക്കാരെ തേടാനാരംഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തന്നെ സെൻട്രൽ മിഡ്ഫീൽഡറായ റസ്‌വാൻ മരിനെ 12.5 ദശലക്ഷം മുടക്കി അവർ സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ലീഗിലെ സിഡ്‌നി എഫ്.സിക്കു വേണ്ടി കളിക്കാൻ പോയിരുന്ന മറ്റൊരു സീൻ ഡി യോങിനെ തിരികെ വിളിക്കുകയും ചെയ്തു.

റസ്‌വാൻ മരിന്‍
റസ്‌വാൻ മരിന്‍

എന്നാൽ, പ്രതിരോധത്തിൽ ടീമിന്റെ നെടുംതൂണായിരുന്ന ഡി ലിഗ്റ്റിനു പകരം ആര് എന്നതായിരുന്നു ആരാധകരുടെ വലിയ ചോദ്യം. ഇന്നലെ മെക്‌സിക്കൻ യുവതാരം എഡ്‌സൺ അൽവാരസിനെ സ്വന്തമാക്കിയതോടെ ആ പ്രശ്‌നവും പരിഹരിച്ചുവെന്നാണ് ക്ലബ്ബ് കണക്കുകൂട്ടുന്നത്.

21-കാരനായ അൽവാരസ് മെക്‌സിക്കോയുടെ കോൺകകാഫ് ഗോൾഡ് കപ്പ് നേടത്തിൽ നിർണായക പങ്കുവഹിച്ചാണ് അയാക്‌സിലേക്ക് കൂടുമാറിയിരിക്കുന്നത്. 13.5 ദശലക്ഷം പൗണ്ട് നൽകിയാണ് ബാല്യകാല ക്ലബ്ബായ ക്ലബ്ബ് അമേരിക്കയിൽ നിന്ന് താരത്തെ അയാക്‌സ് സ്വന്തമാക്കിയത്. ഡിഫന്ററായും റൈറ്റ് വിങ് ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും തിളങ്ങാൻ കഴിവുള്ള താരം ഡി ലിഗ്റ്റിന്റെ വിടവ് നികത്തുമെന്ന് കോച്ചും ആരാധകരും കണക്കുകൂട്ടുന്നു. ഡി ലിഗ്റ്റ് ഒഴിച്ചിട്ട സെന്റർ ബാക്ക് പൊസിഷനിൽ തന്നെയാകും ടെൻ ഹാഗ് പുതിയ താരത്തെ കളിപ്പിക്കുക എന്നാണ് സൂചന.

ഡച്ച് താരം ക്വിൻസി പ്രോമിസ്, അർജന്റീനക്കാരൻ ലിസാന്ദ്രോ മാർട്ടിനസ്, 19-കാരൻ കിക് പിയറി എന്നിവരെയും ട്രാൻസ്ഫർ കാലയളവിൽ അയാക്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.