LiveTV

Live

Football

ട്രാന്‍സ്ഫര്‍ വിപണിയില്‍ ട്വിസ്റ്റ്; നെയ്മര്‍ യുവന്റസിലേക്ക്‌?  

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങ് തകർക്കുന്ന യുവന്റസിലേക്ക് നെയ്മർ ചേക്കേറാനുള്ള സാധ്യത വർധിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

ട്രാന്‍സ്ഫര്‍ വിപണിയില്‍ ട്വിസ്റ്റ്; നെയ്മര്‍ യുവന്റസിലേക്ക്‌?  

ബ്രസീൽ സൂപ്പർ താരം നെയ്മറിനെ തിരികെ കൊണ്ടുവരാനുള്ള ബാഴ്സയുടെ നീക്കങ്ങൾ ഫലംകാണുന്നില്ലെന്ന് റിപ്പോർട്ട്. പി.എസ്.ജിക്ക് മുന്നിൽ ബാഴ്സലോണ വെച്ച ഫോർമുലയാണ് വിലങ്ങുതടിയായി നിൽക്കുന്നത്. ബാഴ്‌സയിലേക്കുള്ള കൂടുമാറ്റം സംശയത്തിലായതോടെ നെയ്മർ മറ്റു വൻകിട ക്ലബ്ബുകളിൽ ചേരുന്നതിന്റെ സാധ്യതകളും ആരാഞ്ഞു തുടങ്ങിയതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്, സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുനൈറ്റഡ്, ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക് തുടങ്ങിയവ നെയ്മറിൽ താൽപര്യം കാണിക്കുന്നുണ്ട്.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങ് തകർക്കുന്ന യുവന്റസിലേക്ക് നെയ്മർ ചേക്കേറാനുള്ള സാധ്യത വർധിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ട്രാൻസ്ഫർ സംബന്ധിച്ച് നെയ്മറിന്റെ പിതാവും യുവന്റസ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫാബിയോ പരാറ്റിച്ചും തമ്മിൽ ചർച്ച ഉടനുണ്ടാവുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു. ചർച്ചകൾക്കായി നെയ്മർ സീനിയർ യുവന്റസ് ആസ്ഥാനമായ ടൂറിനിൽ എത്തിയിട്ടുണ്ട്. കൂടിക്കാഴ്ച ഇന്നു തന്നെ ഉണ്ടായേക്കും.

നെയ്മറിന്റെ ട്രാൻസ്ഫറിൽ പണം ഉൾപ്പെടുത്തില്ലെന്ന നിലപാടിൽ ബാഴ്‌സയും പണം ലഭിച്ചാലേ താരത്തെ കൈമാറുന്നത് സംബന്ധിച്ച് ആലോചിക്കുകയുളളൂ എന്ന് പി.എസ്.ജിയും നിലപാടെടുത്തതോടെയാണ് സൂപ്പർ താരത്തിന്റെ മോഹങ്ങൾ ആശങ്കയിലായത്. ഫിലിപ് കുട്ടിന്യോ അടക്കം മൂന്ന് കളിക്കാരെ കൈമാറാമെന്നാണ് ബാഴ്‌സയുടെ ഓഫർ. എന്നാൽ കുട്ടിന്യോയെയും പണവും നൽകിയാൽ ആലോചിക്കാമെന്നാണ് പി.എസ്.ജി പറയുന്നത്. കുട്ടിന്യോ, നെൽസൺ സെമഡോ എന്നിവർക്കു പുറമെ 40 ദശലക്ഷം യൂറോ കൂടി നൽകാൻ ബാഴ്‌സ ഒരുക്കമാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. നെയ്മറിനു വേണ്ടി ഇതുവരെ ഔദ്യോഗികമായി ബാഴ്‌സ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പി.എസ്.ജി വ്യക്തമാക്കിയിട്ടുണ്ട്.

അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ആന്റോയിൻ ഗ്രീസ്മനെയും പി.എസ്.ജിയിൽ നിന്ന് ഫ്രെങ്കി ഡിയോങ്ങിനെയും വാങ്ങുന്നതിനായി വൻതുക മുടക്കേണ്ടി വന്നതോടെയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ഇനി വലിയൊരു തുക കൂടി ഇറക്കേണ്ടതില്ലെന്ന് ബാഴ്സ തീരുമാനിച്ചത്. അതിനിടെ, ഒരിക്കൽ മാനേജ്‌മെന്റിനെയും ആരാധകരെയും വെറുപ്പിച്ച് ക്ലബ്ബ് വിട്ട നെയ്മറിനെ തിരിച്ചെത്തിക്കാൻ വേണ്ടി മികച്ച താരങ്ങളെ ബലികൊടുക്കേണ്ടതില്ലെന്ന് ഒരു വിഭാഗം ആരാധകർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്.