LiveTV

Live

Football

പണം നൽകില്ല; നെയ്മറിനെ വിട്ടുകിട്ടാൻ ബാഴ്‌സ പി.എസ്.ജിക്കു മുന്നിൽ വെക്കുന്ന ഫോർമുല ഇങ്ങനെ 

അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ആന്റോയിൻ ഗ്രീസ്മനെ വിട്ടുകിട്ടുന്നതിനായി വൻതുക മുടക്കേണ്ടി വന്നതോടെയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ഇനി വലിയൊരു തുക കൂടി മുടക്കേണ്ടതില്ല എന്ന് ബാഴ്‌സ തീരുമാനിച്ചത്. 

പണം നൽകില്ല; നെയ്മറിനെ വിട്ടുകിട്ടാൻ ബാഴ്‌സ പി.എസ്.ജിക്കു മുന്നിൽ വെക്കുന്ന ഫോർമുല ഇങ്ങനെ 

മാഡ്രിഡ്: സൂപ്പർ താരം നെയ്മറിനെ തിരികെ കൊണ്ടുവരാനുള്ള ഉദ്യമത്തിൽ ബാഴ്‌സലോണ പി.എസ്.ജിക്കു മുന്നിൽ വെക്കുന്നത് വിചിത്ര ഫോർമുല. ട്രാൻസ്ഫറിൽ പണം ഉൾപ്പെടില്ലെന്നും തങ്ങൾ പറയുന്ന നാല് കളിക്കാരിൽ മൂന്നുപേരെ എടുക്കാമെന്നുമാണ് ഫ്രഞ്ച് ക്ലബ്ബിന് ബാഴ്‌സ നൽകിയ സന്ദേശമെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടിന്യോ, ഫ്രഞ്ച് സ്‌ട്രൈക്കർ ഉസ്മാൻ ഡെംബലെ, ഫ്രഞ്ച് ഡിഫന്റർ സാമുവൽ ഉംതിതി, പോർച്ചുഗീസ് വിങ് ബാക്ക് നെൽസൺ സെമഡോ എന്നിവരെയാണ് നെയ്മർ കൈമാറ്റ പദ്ധതിയിൽ ബാഴ്‌സ ഉൾപ്പെടുത്തുന്നത്. ഈ ഫോർമുല പി.എസ്.ജിക്ക് സ്വീകാര്യമാണോ എന്നു വ്യക്തമല്ല.

അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ആന്റോയിൻ ഗ്രീസ്മനെ വിട്ടുകിട്ടുന്നതിനായി വൻതുക മുടക്കേണ്ടി വന്നതോടെയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ഇനി വലിയൊരു തുക കൂടി മുടക്കേണ്ടതില്ല എന്ന് ബാഴ്‌സ തീരുമാനിച്ചത്. റിലീസ് വ്യവസ്ഥയായ 120 ദശലക്ഷം യൂറോ (926.6 കോടി രൂപ) മുടക്കിയാണ് ബാഴ്‌സ ഗ്രീസ്മനെ വാങ്ങുന്നത്. ഈ തുക അടക്കുന്നതിനായി ഗ്രീസ്മന്റെ അഭിഭാഷകൻ ഇന്ന് ലാലിഗ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതോടെ, ഫ്രഞ്ച് മുൻനിര താരം പുതിയ സീസണിൽ ബാഴ്‌സയിൽ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

2017-ൽ റിലീസ് തുകയായ 222 ദശലക്ഷം യൂറോ അടച്ച് ബാഴ്‌സ വിട്ട് പി.എസ്.ജിയിലെത്തിയ നെയ്മർ, തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. എന്നാൽ, വൻതുക നൽകാതെ ബ്രസീൽ താരത്തെ വിട്ടുനൽകില്ലെന്ന നിലപാടിലാണ് പി.എസ്.ജി. ഉചിതമായ ഡീൽ ഉണ്ടെങ്കിൽ നെയ്മറിന് വിട്ടുപോകാമെന്ന് പി.എസ്.ജി സ്‌പോർട്ടിംഗ് ഡയറക്ടർ ലിയനാർഡോ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വർഷത്തെ കരാർ കൂടി താരത്തിന് ബാക്കിയുണ്ടെങ്കിലും യാഥാർത്ഥ്യ ബോധമുള്ള ഓഫർ ആരും മുന്നോട്ടുവെച്ചിട്ടില്ല. ബാഴ്‌സ സമീപിച്ചിരുന്നുവെങ്കിലും ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൈമാറാൻ ബാഴ്‌സ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഡിഫന്റർ ക്ലെമന്റ് ലെങ്‌ലെയെ ഉൾപ്പെടുത്തിയാൽ പരിഗണിക്കാമെന്ന് പി.എസ്.ജി സമ്മതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും നെയ്മറിനു വേണ്ടി രംഗത്തുണ്ട്‌ 
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും നെയ്മറിനു വേണ്ടി രംഗത്തുണ്ട്‌ 

അതിനിടെ, ബാഴ്‌സയിലേക്കുള്ള ട്രാൻസ്ഫർ നടന്നില്ലെങ്കിലും നെയ്മർ അടുത്ത സീസണിൽ സ്‌പെനിയിലുണ്ടാകുമെന്ന വാർത്തകളുമുണ്ട്. വൻശക്തികളായ റയൽ മാഡ്രിഡ് ബ്രസീലിയൻ താരത്തിനു വേണ്ടി സീസണിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുക ചെലവഴിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.