പുതിയ യുവതാരത്തെ കാണാനെത്തിയത് ആയിരക്കണക്കിന് ബാഴ്സ ആരാധകർ
ബാഴ്സയുടെ പുതിയ സീസണിലെ ഹോം ജഴ്സിയണിഞ്ഞ് മൈതാനത്തിറങ്ങിയ താരം അൽപസമയം പന്തുതട്ടുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ബാഴ്സലോണ: അയാക്സിൽ നിന്നെത്തിയ മിഡ്ഫീൽഡർ ഫ്രങ്കി ഡിയോങ്ങിനെ ആരാധകർക്കു മുന്നിൽ അവതരിപ്പിച്ച് ബാഴ്സലോണ. 75 ദശലക്ഷം യൂറോ (576 കോടി രൂപ) എന്ന ഭീമൻ തുകയ്ക്ക് നൗകാംപിലെത്തിയ 22-കാരനെ സ്വീകരിക്കാൻ ആരാധകർ കൂട്ടത്തോടെയാണ് എത്തിയത്.
ബാഴ്സയുടെ പുതിയ സീസണിലെ ഹോം ജഴ്സിയണിഞ്ഞ് മൈതാനത്തിറങ്ങിയ താരം അൽപസമയം പന്തുതട്ടുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. യൂത്ത് അക്കാദമിയിലെ കുട്ടികൾക്കൊപ്പം പന്തുതട്ടിയ ശേഷമാണ് താരം മൈതാനത്തു നിന്ന് കയറിയത്.
ഭാര്യ മിക്കി കീമനിക്കൊപ്പം സ്റ്റേഡിയത്തിലെത്തിയ ഡിയോങ്ങിനെ ബാഴ്സ ഫുട്ബോൾ ഡയറക്ടർ എറിക് അബിദാൽ ആലിംഗനത്തോടെ സ്വാഗതം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യുവാണ് താരത്തെ അവതരിപ്പിച്ചത്. പിന്നീട് മാധ്യമ പ്രവർത്തകരെ കണ്ട ഡിയോങ്, അയാക്സിൽ തന്റെ സഹതാരമായിരുന്ന മത്ത്യാസ് ഡി ലിഗ്റ്റ് കൂടി ടീമിലെത്തിയാൽ ഏറെ സന്തോഷിക്കുമെന്നും വ്യക്തമാക്കി. 19-കാരനായ ഡിലിഗ്റ്റിനു വേണ്ടി യുവന്റസും ബാഴ്സയുമാണ് രംഗത്തുള്ളത്.
'ഡിലിഗ്റ്റിനെ ഇവിടെ കാണാനാണ് എനിക്കിഷ്ടം. പക്ഷേ, തീരുമാനമെടുക്കേണ്ടത് അവനും കുടുംബവുമാണ്. ബാഴ്സക്ക് എന്നിൽ താൽപര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. അവന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവൻ തന്നെയാണ്. ഇങ്ങോട്ട് കൊണ്ടുവരാൻ ബർതമ്യുവിന് താൽപര്യമുണ്ട്.' - ഡിയോങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.