LiveTV

Live

Football

ഇതിഹാസ താരം ലാംപാർഡ് ചെൽസിയിൽ തിരിച്ചെത്തി; ഇത്തവണ മാനേജറുടെ റോളിൽ 

മൂന്നു വർഷത്തേക്കാണ് ക്ലബ്ബുമായുള്ള ലാംപാർഡിന്റെ കരാർ. പ്രതിവർഷം നാല് ദശലക്ഷം പൗണ്ട് (34.5 കോടി രൂപ) ആണ് പ്രതിഫലം. 

ഇതിഹാസ താരം ലാംപാർഡ് ചെൽസിയിൽ തിരിച്ചെത്തി; ഇത്തവണ മാനേജറുടെ റോളിൽ 

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ചെൽസിയുടെ ഹെഡ് കോച്ചായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാഡിനെ നിയമിച്ചു. മൗറിഷ്യോ സാറി യുവന്റസിലേക്ക് കൂടുമാറിയതോടെയാണ് 13 സീസണിൽ നീലക്കുപ്പായമണിഞ്ഞ താരത്തിൽ ചെൽസി മാനേജ്‌മെന്റ് വിശ്വാസമർപ്പിച്ചത്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഡെർബി കൗണ്ടിയെ പ്രീമിയർ ലീഗ് യോഗ്യതക്ക് തൊട്ടടുത്തെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ ചുമതലയുമായി 41-കാരൻ വീണ്ടും സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തുന്നത്.

ചെൽസിയോട് തനിക്കുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണെന്നും പുതിയ ചുമതലയിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ലാംപാർഡ് പറഞ്ഞു. പുതിയ സീസണിനായി ടീമിനെ ഒരുക്കുന്നതിലാണ് പൂർണ ശ്രദ്ധ. കഠിനാധ്വാനം ചെയ്ത് ടീമിന് കൂടുതൽ വിജയം നൽകാൻ ശ്രമിക്കും - ലാംപാർഡ് പറഞ്ഞു.

മൂന്നു വർഷത്തേക്കാണ് ക്ലബ്ബുമായുള്ള ലാംപാർഡിന്റെ കരാർ. പ്രതിവർഷം നാല് ദശലക്ഷം പൗണ്ട് (34.5 കോടി രൂപ) ആണ് പ്രതിഫലം. ഡെർബിയിൽ തന്റെ സഹായികളായിരുന്ന ജോഡി മോറിസ്, ക്രിസ് ജോൺസ് എന്നിവർ ചെൽസിയിലും ലാംപാർഡിനൊപ്പമുണ്ടാവും. ടീമിനെ കെട്ടിപ്പടുക്കുന്നതിന് ക്ലബ്ബുടമ റോമൻ അബ്രമോവിച്ച് ലാംപാർഡിന് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആദ്യസീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഇടപെടാൻ കഴിയില്ല എന്നതായിരിക്കും ലാംപാർഡിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. എയ്ഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് പോയ സാഹചര്യത്തിൽ ലോണിൽ മറ്റു ക്ലബ്ബുകളിൽ കളിക്കുകയായിരുന്ന താരങ്ങളെ ചെൽസി തിരിച്ചുവിളിച്ചിട്ടുണ്ട്.