LiveTV

Live

Football

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

ഗോള്‍കീപ്പര്‍ അലിസന്‍ ബക്കര്‍, ഒറിഗി, ഫാബിഞ്ഞോ എന്നിവരെ ഈ സീസണില്‍ ടീമിലെത്തിച്ച ക്ലോപ്പ് തന്‍റെ ലക്ഷ്യമെന്തെന്ന് എതിരാളികളെ അറിയിച്ചു

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

ഫൈനലുകളിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട പരിശീലകനാണ് യുര്‍ഗന്‍ ക്ലോപ്പ്. രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉല്‍പ്പടെ ആറ് ഫൈനലുകളില്‍ എത്തിയിട്ടും കിരീടങ്ങള്‍ നേടാനാകാത്ത പരിശീലകന്‍ എന്നും പരിഹസിച്ചവര്‍ നിരവധിയാണ്.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

നേരത്തെ ഡോര്‍ട്മുണ്ടിനും ലിവര്‍പൂളിനും കലാശപ്പോരാട്ടങ്ങളില്‍ സംഭവിച്ചത് തന്നെ ടോട്ടനത്തിനെതിരെയും സംഭവിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചവര്‍ ധാരാളമാണ്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയാണ് ഇന്നലെ ലിവര്‍പൂളിന്‍റെ ആശാന്‍ മാഡ്രിഡില്‍ കപ്പുയര്‍ത്തിയത്.

2001ല്‍ കളി മതിയാക്കി പരിശീലക കുപ്പായമണിഞ്ഞ ക്ലോപ്പ് ആദ്യം പരിശീലിപ്പിച്ചത് ജര്‍മന്‍ ടീം പി.എസ് മെയിന്‍സാണ്. ഈ ടീമിനെ ജര്‍മനിയിലെ ഒന്നാംനിര ലീഗായ ബുണ്ടഴ്സ് ലീഗിലേക്ക് യോഗ്യത നേടി കൊടുത്ത ശേഷമാണ് 2008ല്‍ ക്ലബ് വിടുന്നത്.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

പിന്നീട് ജര്‍മനിയിലെ തന്നെ മുന്‍നിര ക്ലബ്ബായ ബൊറുസിയ ഡോര്‍മുണ്ടിന്‍റെ പരിശീലക വേഷമണിഞ്ഞു. ക്ലോപ്പിന്‍റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ബൊറുസിയയുടെ ബദ്ധവൈരികളായ ബയേണ്‍ മ്യൂണിക്കിന് പല തവണ അടിയറവ് പറയേണ്ടി വന്നു. ക്ലോപ്പിന് കീഴില്‍ രണ്ടു തവണ ലീഗ് ചാമ്പ്യന്‍മാരായി ബൊറുസിയ.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

എന്നാല്‍ 2013 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണിനോട് തോല്‍വി വഴങ്ങിയപ്പോള്‍ പലയിടത്ത് നിന്നും വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു ക്ലോപ്പിന്. ഒടുവില്‍ 2015ല്‍ ബൊറുസിയ ഡോര്‍മുണ്ടിനോട് വിടപറഞ്ഞ് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പ്പൂളിലേക്ക് ചേക്കേറി ക്ലോപ്പ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നിലായിരുന്ന ലിവര്‍പ്പൂളിനെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ ക്ലോപ്പ് ശ്രമിച്ചു. കുറേ നാളുകളായി കാര്യമായ പ്രകടനം നടത്താതിരുന്ന ലിവര്‍പൂളിനെ ആദ്യ സീസണില്‍ തന്നെ ലീഗ് കപ്പ്, യവേഫ യൂറോപ്പ ലീഗ് കപ്പ് എന്നീ ടൂര്‍ണമെന്‍റുകളില്‍‍ ഫൈനലുകളില്‍ എത്തിച്ചു കൊണ്ട് പ്രീമിയര്‍ ലീഗില്‍ ആശാന്‍‍ വരവറിയിച്ചു.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

2018 ല്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയ ലിവര്‍പൂളിനെ കലാശപ്പോരാട്ടത്തില്‍ വരെയെത്തിക്കാന്‍ ക്ലോപ്പിനായി. 2007 ന് ശേഷമാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയത്. ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് തോറ്റെങ്കിലും ക്ലോപ്പ് അടുത്ത സീസണിലേക്ക് ടീമിനെയൊരുക്കി.

ഈ സീസണില്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബക്കര്‍, ഒറിഗി, ഫാബിഞ്ഞോ എന്നിവരെ ടീമിലെത്തിച്ച ക്ലോപ്പ് തന്‍റെ ലക്ഷ്യമെന്തെന്ന് എതിരാളികളെയറിയിച്ചു. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനമേ നേടാനായുള്ളുവെങ്കിലും ലീഗ് ചാമ്പ്യന്‍മാരായ മഞ്ചസ്റ്റര്‍ സിറ്റിയോട് അവസാന നിമിഷം വരെ പോരാടാന്‍ ടീമിന് കഴിഞ്ഞു.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഒന്നാം പാദത്തില്‍ ലീഗ് ഫേവറിറ്റുകളായ ബാഴ്സയോട് അവരുടെ തട്ടകമായ ന്യൂകാമ്പില്‍ മൂന്ന് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയിരുന്നു ലിവര്‍പൂള്‍. അതോടെ പലരും ലിവര്‍പൂളിനെ എഴുതിതള്ളി. എന്നാല്‍ ക്ലോപ്പിന്‍റെ തന്ത്രങ്ങള്‍ എന്താണെന്ന് ബാഴ്സലോണ മനസിലാക്കിയത് എതിരാളികളുടെ ശവപ്പറമ്പായ ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദ സെമിയിലാണ്. നാല് ഗോളുകള്‍ക്ക് ബാഴ്സയെ സ്പെയിനിലേക്ക് കെട്ടുകെട്ടിച്ചാണ് ലിവര്‍പൂള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

മൂന്ന് ഗോളുകള്‍ക്ക് പുറകിലായിരുന്ന ടീമിനെ വിജയത്തിലേക്ക് നയിച്ചത് ക്ലോപ്പിന്‍റെ മികച്ച തന്ത്രങ്ങളാണ്. വൈനാല്‍ഡമിനെ കൃത്യ സമയത്ത് തന്നെ സബ്സ്റ്റിറ്റ്യൂഷന്‍ ഇറക്കി രണ്ട് ഗോളുകള്‍ നേടിയത് ക്ലോപ്പിന്‍റെ തന്ത്രം കൊണ്ടാണ്.

എതിരാളികളെ മത്സരത്തിന് മുമ്പ് ക്ലോപ്പ് കൃത്യമായി പഠിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ബാഴ്സയ്ക്കെതിരെ കോര്‍ണര്‍ കിക്കിലൂടെ ലിവര്‍പൂള്‍ നേടിയ നാലമത്തെ ഗോള്‍. സെറ്റ് പീസുകള്‍ എടുക്കുന്ന സമയത്ത് ബാഴ്സ താരങ്ങള്‍ അലസരാകുന്നുണ്ട് എന്ന് മനസിലാക്കിയ ക്ലോപ്പ്, സെറ്റ് പീസുകള്‍ ലഭിച്ചാല്‍ എത്രയും വേഗം കിക്ക് എടുക്കുക എന്ന നിര്‍ദേശം ടീമിന് നല്‍കുകയും ചെയ്തിരുന്നു. ഈ തന്ത്രം ടീം വിജയകരമായി നടപ്പാക്കുകയായിരുന്നു സെമി ഫൈനലില്‍.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

യൂറോപ്പിലെ മികച്ച പ്രതിരോധനിരയെ ഒരുക്കിയെടുത്ത ക്ലോപ്പ് ഫൈനലില്‍ ടോട്ടനത്തിന്‍റെ മുന്നേറ്റത്തെ സമര്‍ഥമായി നേരിടുകയും ചെയ്തു. സബ്സ്റ്റിറ്റ്യൂഷന്‍ വിജയകരമായി പരീക്ഷിക്കുന്നതില്‍ പഴയ ജര്‍മന്‍ താരത്തിന്‍റെ കഴിവ് ഒരിക്കല്‍ കൂടി കണ്ട മത്സരമായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. സബ്സ്റ്റിറ്റ്യൂട്ടായിട്ട് ഇറക്കിയ ഡിവോക് ഒറിജിയുടെ വകയായിരുന്നു ലിവര്‍പൂളിന്‍റെ രണ്ടാം ഗോള്‍.

സന്തുലിതമായ ടീമിനെ ഒരുക്കിയെടുക്കുന്നതില്‍ ക്ലോപ്പിന്‍റെ കഴിവിനെ പ്രശംസിക്കുന്നവര്‍ നിരവധിയാണ്. സൂപ്പര്‍ താരങ്ങളില്ലാതിരുന്ന ടീമിലെ താരങ്ങളെ തന്‍റെ തന്ത്രങ്ങള്‍ക്കനുസരിച്ച് ഒരുക്കിയെടുത്തു. സലാഹ്-മാനെ-ഫിര്‍മിനോ ത്രയത്തെ കൂട്ടിയിണക്കി യൂറോപ്പിലെ മികച്ച മുന്നേറ്റ നിരയുണ്ടാക്കി.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

മുന്‍നിര താരങ്ങള്‍ക്ക് പരിക്ക് പറ്റിയാലും അത് ടീമിനെ ബാധിക്കാതെയിരിക്കാന്‍ മറ്റ് താരങ്ങളെ സജ്ജരാക്കി. ഇതിന് തെളിവാണ് ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനല്‍. സലാഹ്, ഫിര്‍മിനോ എന്നിവര്‍ക്ക് പരിക്ക് പറ്റിയിട്ടും ബാഴ്സക്കെതിരെ പോരാടി ജയിച്ചുകയറി.

തന്ത്രങ്ങള്‍ പിഴക്കാതെ ക്ലോപ്പാശാന്‍

തന്‍റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തി ക്ലോപ്പ് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന 'തന്ത്രങ്ങളുടെ ആശാന്‍' അടുത്ത സീസണിലേക്ക് കരുതി വെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ എന്താണെന്ന് നമ്മള്‍ കണ്ട് തന്നെയറിയണം.