‘സ്വപ്നതുല്യം’ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി പ്രവേശനത്തിന്റെ ആവേശത്തില്‍ ടോട്ടനം
57 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ടോട്ടനം യൂറോപ്യൻ സെമിയിൽ പ്രവേശിക്കുന്നത്

ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച നാടകീയ രംഗങ്ങൾക്കായിരുന്നു. അവസാന നിമിഷം വരെ വിജയി മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ ടോട്ടനം സിറ്റിയെ തകർത്ത് സെമിയിലും കടന്നു. ഹാരി കെയ്നില്ലാതെയാണ് ടോട്ടനം സിറ്റിക്കെതിരെ ഇറങ്ങിയത്. എന്നാൽ സൺ ഹുങ്ങ് മിൻ ആ റോൾ ഏറ്റെടുക്കുകയായിരുന്നു.

57 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ടോട്ടനം യൂറോപ്യൻ സെമിയിൽ പ്രവേശിക്കുന്നത്. അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പ്രവേശനമാണ് ഇന്നലെ രാത്രിയിലെ അവിശ്വസനീയ പ്രകടനത്തിലൂടെ സാധ്യമായത്. 1961-62 സീസണിൽ യൂറോപ്യൻ കപ്പിലാണ് അവർ അവസാനമായി സെമിയില്‍ പ്രവേശിച്ചത്.
ചാമ്പ്യൻസ് ലീഗ് സെമിയിൽ കടക്കുന്ന ഏഴാമത്തെ ഇംഗ്ലീഷ് ടീമാണ് ടോട്ടനം. സെമിയിൽ ഇവരെ കാത്തിരിക്കുന്നത് 1997ന് ശേഷം ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്ന അയാക്സാണ്. അത്ഭുതങ്ങൾ, തിരിച്ചുവരവുകൾ എല്ലാത്തിനും സാക്ഷ്യം വഹിച്ചാണ് ബാഴ്സയും അയാക്സും ലിവർപൂളും ടോട്ടനവും ചാമ്പ്യന്‍സ് ലീഗ് സെമിയിൽ കടന്നിരിക്കുന്നത്.