LiveTV

Live

Football

അയാക്സിന്‍റെ തിരിച്ചുവരവും ഡച്ച് ഫുട്ബോളും 

ഇന്നലെ യുവന്‍റസിനെ തകര്‍ത്തത് അട്ടിമറിയല്ല; അത് ചരിത്രത്തിന്‍റെ സ്വാഭാവികമായ ആവര്‍ത്തനമാണ്.

അയാക്സിന്‍റെ തിരിച്ചുവരവും ഡച്ച് ഫുട്ബോളും 

നിങ്ങളുടെ കളി സമവാക്യങ്ങളെ ലോകം അംഗീകരിക്കുന്നതിനേക്കാൾ വലിയ മെഡൽ വേറെ ഏതുണ്ട് - യോഹാന്‍ ക്രൈഫ്

യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍.. പണക്കിലുക്കത്തിലും താരമൂല്യത്തിലുമെല്ലാം മുന്‍പന്തിയില്‍. കഴിഞ്ഞ കാലത്ത് ഫുട്ബോള്‍ അടക്കിഭരിച്ചവര്‍.. എന്നാല്‍ അതിന് ഒരു അപവാദമാണ് അയാക്സും ഡച്ച് ഫുട്ബോളും. സാക്ഷാല്‍ ക്രൈഫിന്‍റെ പിന്‍മുറക്കാര്‍, ടോട്ടല്‍ ഫുട്ബോളിനെ ലോകത്തിന് പരിചയപ്പെടുത്തിയവര്‍. കാല്‍പന്തിലെ പിക്കാസോയും ഡാവിഞ്ചിയുമെല്ലാം ആയവര്‍. മൈതാനത്ത് കാല്‍പന്ത് കൊണ്ട് ചിത്രംവരച്ചവര്‍. ഇറ്റാലിയന്‍ കത്രികപ്പൂട്ടുകളെ അനായാസം ഭേദിച്ച ക്രൈഫിന്‍റെ പിന്‍മുറക്കാര്‍ ഇന്നലെ ഇറ്റലിയുടെ പുല്‍മൈതാനത്ത് വീണ്ടും പുനര്‍ജ്ജനിച്ചു. താരനിരയെ മാറിയിട്ടുള്ളു, കളിയുടെ ശൈലിയിലും താളത്തിലും മാറ്റം വന്നിട്ടില്ലാത്ത ആ പഴയ 1974ലെ ഡച്ച്പ്പടയെ ഓര്‍മ്മിപ്പിക്കും വിധം ആ യുവനിര ഫ്രാങ്ക് ഡിയോങ്ങിലൂടെയൂം ഡിലൈറ്റിലൂടെയുമെല്ലാം പുതിയ ചരിത്രം രചിക്കുകയാണ്.

അയാക്സിന്‍റെ തിരിച്ചുവരവും ഡച്ച് ഫുട്ബോളും 

സാക്ഷാല്‍ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ പടയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തുമ്പോള്‍ അതിനെ അട്ടിമറിയായല്ല കാണേണ്ടത്, അത് അയാക്സിന്‍റെ തിരിച്ചു വരവാണ്. അവരുടെ പ്രതാഭകാലത്തിക്കുള്ള തിരിച്ചുപോക്കാണ്. റയല്‍ മാഡ്രിഡിനെയും യുവന്‍റസിനെയും തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗില്‍ കുതിക്കുകയാണ് അയാക്സ്.

അയാക്സിന്‍റെ തിരിച്ചുവരവും ഡച്ച് ഫുട്ബോളും 

അയാക്സിന്‍റെ ചരിത്രത്തിലേക്ക് ...

ഓര്‍മകളെ ഉണര്‍ത്തിയ അയാക്സിന്‍റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സില്‍ ആദ്യം പതിയുക 1966ല്‍ ആംസ്റ്റര്‍ഡാമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ ബില്‍ ഷാങ്ക്ലിയുടെ അയാക്സ്, ലിവര്‍പൂളിനെ 5-1ന് തകര്‍ത്തെറിഞ്ഞ മല്‍സരമാണ്. ആ വിജയം ഒരു ചരിത്രത്തിന്‍റെ നാന്ദികുറിക്കലായിരുന്നു. ടോട്ടല്‍ ഫുട്ബോളിന്‍റെ രാജകീയമായ കടന്നു വരവോടെ പിന്നെ ലോകം കണ്ടത് പുതിയ കാല്‍പ്പന്ത് കലയാണ്. അതുവരെ കാണാത്ത ആ ശൈലിക്ക് ലോകം ടോട്ടല്‍ ഫുട്ബോള്‍ എന്നുപേരു നല്‍കി. 1974 ലോകകപ്പ് ടോട്ടല്‍ ഫുട്ബോളിന്‍റെ കളിത്തട്ടായി മാറി.

എഴുപതുകള്‍ ഡച്ച് ജനതക്ക് പരീക്ഷണങ്ങളുടെ കാലമായിരുന്നു. അതവര്‍ സുന്ദരമായി മൈതാനത്തും പരീക്ഷിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗ് കിരീടവും 1974ലെ ലോകകപ്പുമെല്ലാം അയാക്സിന്‍റെയും ക്രൈഫിന്‍റെയും സുവര്‍ണ്ണകാലമായിരുന്നു.

1972ലെ യൂറോപ്യ കപ്പ് ടോട്ടല്‍ ഫുട്ബോളിന്‍റെ വിളനിലമായിരുന്നു. ഇന്‍റര്‍മിലാനെ മലര്‍ത്തിയടിച്ച് അയാക്സ് യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്മാരായി. 1971 മുതല്‍ 1973 വരെ അയാക്സ് യൂറോപ്യന്‍ ചാമ്പ്യന്മാരായിരിന്നു. അത് അയാക്സിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പിന്നീട് 1995ല്‍ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ്, യു.ഇ.എഫ്.എ സൂപ്പര്‍കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടി ചരിത്രം സൃഷ്ടിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ അവസാനമായി ഫൈനലില്‍ എത്തിയത് 1996ലാണ്. അന്ന് യുവന്‍റ്സ് അയാക്സിനെ പരാജയപ്പെടുത്തി ലീഗ് കിരീടം നേടി. ഇതിനൊരു മധുര പ്രതികാരമായിരുന്നു ഇന്നലെ അയാക്സ് യുവന്‍റസിനോട് വീട്ടിയത്.

ചരിത്രം ആവര്‍ത്തിക്കുന്ന ക്രൈഫിന്‍റെ പിന്‍ഗാമികള്‍

വര്‍ത്തമാനകാലത്തിലേക്ക് വരുമ്പോള്‍ 21 വയസ്സുകാരന്‍ ഫ്രാങ്ക് ഡി യോങ്ങും 19 കാരന്‍ ഡിലൈറ്റുമെല്ലാം അയാക്സിന്‍റെ ആ പഴയ പ്രതാപം തിരികെ കൊണ്ടുവരികയാണ്. 1996ല്‍ അയാകാസ് ചാമ്പ്യന്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിക്കുമ്പോള്‍ ഇപ്പോഴത്തെ ക്യാപ്റ്റന്‍ ഡിലൈറ്റ് ജനിച്ചിട്ടുപോലുമില്ല. അന്ന് യുവന്‍റ്സ് അയാക്സിന്‍റെ കുതിപ്പിനു തടയിട്ടിരുന്നു. എന്നാല്‍ ഇന്ന് അയാക്സിന്‍റെ യുവതാരങ്ങള്‍ അതേ യുവന്‍റസിന്‍റെ ചാമ്പ്യന്‍സ് ലീഗ് കുതിപ്പിന് തടയിട്ടത് ചരിത്രത്തിന്‍റെ വേട്ടയാടലാകാം. ഇന്ന്, 22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അയാക്സ് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നു.

പണ്ട് കൈവിട്ട കപ്പും അവരുടെ പഴയ പ്രതാപവും അവര്‍ക്ക് തിരികെ പിടിക്കേണ്ടതുണ്ട്. അതെ ആംസ്റ്റര്‍ഡാം അറീനയില്‍ അവര്‍ പുനര്‍ജ്ജനിക്കുകയാണ്.. ’അയാക്സിന് വമ്പൻ ക്ലബുകളെയെല്ലാം പരാജയപ്പെടുത്താനാവും. പണത്തിന്റെ കൂമ്പാരങ്ങൾ എവിടെയും ഗോളടിക്കുന്നത് നിങ്ങൾക്ക് കാണാനാവില്ല’ യോഹാൻ ക്രൈഫിന്റെ പ്രശസ്ത വാക്കുകളാണിത്. അതിനാല്‍ വമ്പന്‍ ക്ലബുകള്‍ കരുതിയിരിക്കുക...എന്തും സംഭവിക്കാം..