യുണൈറ്റഡും ബാഴ്സയും നേർക്കുനേർ; യുവന്റസും കളത്തിൽ
ഇന്ന് രാത്രി 12.30നാണ് മത്സരങ്ങള്‍.

ചാമ്പ്യൻസ് ലീഗിൽ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ബാഴ്സലോണ പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. മറ്റൊരു മത്സരത്തിൽ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് ഡച്ച് ശക്തികളായ അയാക്സുമായി കൊമ്പുകോര്‍ക്കും. ഇന്ന് രാത്രി 12.30നാണ് മത്സരങ്ങള്‍.
യുണൈറ്റഡ് ശക്തമാണ്.. അപ്പോ ബാഴ്സയോ?
സ്വന്തം തട്ടകത്തിൽ ആത്മവിശ്വാസത്തോടെയാണ് യുണൈറ്റഡ് ഇറങ്ങുന്നത്. പഴയകണക്കുകൾ ചിലത് വീട്ടാനുമുണ്ട്. 2009ലും 2011ലും കിരീടപോരാട്ടത്തില്‍ യുണൈറ്റഡിനെ വീഴ്ത്തിയത് ബാഴ്സയാണ്. രണ്ടു ഫൈനലിലും ഗോള്‍ നേടി ലയണല്‍ മെസ്സി യുണൈറ്റഡിന്റെ സ്വപ്നങ്ങൾ തട്ടിത്തെറിപ്പിച്ചിട്ടുണ്ട്. എന്നാൽ 2008ല്‍ സെമിയിൽ ബാഴ്സയെ യുണൈറ്റഡ് വീഴ്ത്തിയതാണ് യുണൈറ്റഡിന്റെ ആശ്വാസം.

നിലവിൽ ബാഴ്സ ഡബിൾ സ്ട്രോങ്ങാണ്. മെസിയും സുവാരസും ആർതറും ജോഡി ആൽബയും നിരക്കുന്ന ബാഴ്സ ടീം ശക്തമാണ്. എന്നാല്‍ കഴിഞ്ഞ സീസണുകളിലെ ഫലം ബാഴ്സയ്ക് അനുകൂലമല്ല. കഴിഞ്ഞ മൂന്ന് സീസണുക്കളിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയ്ക്ക് ഗോള്‍ നേടാനോ ബാഴ്സയ്ക്ക് ക്വാര്‍ട്ടര്‍ കടക്കാനോ കഴിഞ്ഞിട്ടില്ല. എന്നാൽ ഇതെല്ലാം മെസിയുടെ മിന്നും ഫോം മറികടക്കുമെന്നാണ് മെസി ആരാധകരുടെ പ്രതീക്ഷ. സ്പാനിഷ് ലീഗ് കിരീടം നേടാൻ ബാഴ്സക്ക് ഇനി എഴ് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

എന്നാൽ സോൽഷേറിലൂടെ ചുവപ്പ് പട അപ്പാടെ മാറിയിരിക്കുകയാണ്. സോൾഷേറിന് ശേഷം യുണൈറ്റഡിന്റെ ആത്മവിശ്വാസം തന്നെ വർധിച്ചിരിക്കുന്നു. എന്തും സാധ്യമാകും എന്ന പ്രതീതിയാണ്.
പി.എസ്.ജിയുമായി പ്രീക്വാർട്ടറിൽ അവർ അത് തെളിയിച്ചതാണ്. സസ്പെന്ഷന് മാറി പോള്‍ പോഗ്ബ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ചുവപ്പ് ചെകുത്താന്മാര് ശക്തമാകും. എന്നാൽ ശക്തമായ പ്രതിരോധ നിരയുടെ അഭാവം യുണൈറ്റഡിന് തലവേദന സൃഷ്ടിക്കും.
ക്രിസ്റ്റ്യാനോ ഇറങ്ങുമോ?

അയാക്സ് യുവന്റസ് പോരാട്ടത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കാണ്. പരിക്കുമൂലം വിട്ടുനില്‍ക്കുന്ന പോര്‍ച്ചുഗല്‍ താരം യുവന്റസ് ലൈനപ്പിലുണ്ടാകുമോ? താരം പൂർവാധികം ശക്തനാണെന്നും ഉറപ്പായും ടീമിലുണ്ടാകുമെന്നും മാനേജർ അലഗ്രി പറയുന്നുണ്ടെങ്കിലും ഒന്നും ഉറപ്പിക്കാനാവില്ല.
പോര്‍ച്ചുഗലിനായി യൂറോകപ്പ് യോഗ്യതാ മത്സരത്തിനിടക്കാണ് ക്രിസ്റ്റ്യാനോക്ക് പരിക്കേൽക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ അത്ലറ്റിക്കോ മഡ്രിഡിനെതിരേ ഹാട്രിക് നേടിയ ശേഷം സൂപ്പര്‍ താരം ടീമിനായി കളിക്കാനിറങ്ങിയിട്ടില്ല.
എതിരാളിയുടെ തട്ടകത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ യുവന്റസിന് ആശങ്കയൊന്നുമില്ല. മുന്നേറ്റത്തില്‍ മരിയോ മാന്‍സുകിച്ചും പൗളോ ഡിബാലയും ബര്ണാഡെഷിയുമുണ്ട്. മധ്യനിരയില്‍ ബ്ലെയ്സ് മാറ്റിയുഡിയും മിര്‍ലേം യാനിക്കും ഫോമിലാണ്. കില്ലിനിയും ബന്നൂച്ചിയും കളിക്കുന്ന പ്രതിരോധം കടുപ്പമേറിയതും.
മറുവശത്ത് അയാക്സും മികച്ച ഫോമിലാണ്. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിനെ കീഴടക്കിയാണ് അവരുടെ വരവ്. രണ്ടാംപാദത്തില്‍ 4-1നാണ് അവര്‍ സ്പാനിഷ് ക്ലബ്ബിനെ തകര്‍ത്തുവിട്ടത്. ദുസാന്‍ ടാഡിക്കും ഡേവിഡ് നെരസും ഹക്കീം സിയാച്ചും ചേര്‍ന്ന മുന്നേറ്റനിരയും ഫ്രങ്കി ജോങ് നേതൃത്വം നല്കുന്ന മധ്യനിരയും മത്തിയാസ് ലിറ്റും ഡാലി ബ്ലിന്‍ഡും നയിക്കുന്ന പ്രതിരോധവും ശക്തമാണ്.