LiveTV

Live

Football

യുണൈറ്റഡിന് മെസി ഒരു പേടി സ്വപ്നമാണ്

വീണ്ടും അവര്‍ ഏറ്റുമുട്ടുകയാണ്.. നാളെ രാത്രി 12:30ന് ഓള്‍ഡ് ട്രാഫോഡിലാണ് ആദ്യ മത്സരം.

യുണൈറ്റഡിന് മെസി ഒരു പേടി സ്വപ്നമാണ്

2009 മെയ് 27 ബുധനാഴ്ച്ച രാത്രി. 72700 കാണികളാൽ നിറഞ്ഞ് ഒഴുകുന്ന ഒളിംബിയാഗോ സ്റ്റേഡിയം. വാൻ ഡേർ സർ, ഫെർഡിനാണ്ട്, വിഡിച്ച്, മൈക്കല്‍ കാരിക്ക്, ഗിഗ്സ്, റൊണാൾഡോ, റൂണി തുടങ്ങിയവർ കളത്തിനൊരു ഭാഗത്തും വാൾഡസ്, പുയോൾ, ബുസ്ക്കറ്റ്സ്, ഇനിയസ്റ്റ, സാവി, എറ്റു, ഹെൻട്രി, മെസി തു‍ടങ്ങിയവർ മറുഭാഗത്തും അണിനിരന്നു. കുമ്മായവരക്കിപ്പുറം വിജയങ്ങളുടെ പർവതങ്ങൾ കീഴടക്കിയ അലക്സ് ഫെർഗൂസനും ടിക്കിടാക്കയുടെ ശില്‍പി പെപ് ഗാർഡിയോളയും. അങ്ങനെ 2007-2008 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം തുടങ്ങി. ആദ്യ മിനിറ്റില്‍ തന്നെ റൊണാള്‍ഡോയുടെ കിടിലന്‍ ഫ്രീ കിക്ക് വാള്‍ഡസ് തടുത്തിട്ടു. മത്സരത്തിന്‍റെ 10ാം മിനിറ്റിൽ തന്നെ എറ്റുവിലൂടെ ബാഴ്സ ലീഡ് എടുത്തു.

യുണൈറ്റഡിന് മെസി ഒരു പേടി സ്വപ്നമാണ്

തുടര്‍ന്ന് മെസിയും റൊണാൾഡോയും ഗിഗ്സുമെല്ലാം മാറി മാറി അവസരങ്ങൾ ഉണ്ടാക്കികൊണ്ടേയിരുന്നു. ആദ്യപാദം 1-0വിന് അവസാനിച്ചു. അങ്ങനെ ആ നിമിഷമെത്തി.. മെസിയുടെ കരിയറിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി എണ്ണാൻ കഴിയുന്ന സുന്ദരമായ ഹെഡ്ഡർ ഗോളിനാണ് മത്സരത്തിന്റെ 70ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ഗോള് കണ്ട് പുയോള്‍ അമ്പരപ്പെടുന്നത് സ്ക്രീനില്‍ വ്യക്തമായിരുന്നു. അങ്ങനെ പുയോളും കൂട്ടരും അന്ന് യൂറോപ്യന്‍ ചാമ്പ്യന്മാരായി. ഫെര്‍ഗൂസനെയും പിള്ളേരേയും മൈതാനത്ത് കാഴ്ച്ചക്കാരാക്കി ബാഴ്സ കീരീടമുയര്‍ത്തി. 2008ലെ സെമിഫൈനലിലെ തോല്‍വിക്ക് മധുരപ്രതികാരം വീട്ടിയിരിക്കുന്നു.

കാലം കടന്നുപോയി.. വീണ്ടും അവര്‍ ഏറ്റുമുട്ടുകയാണ്.. നാളെ രാത്രി 12:30ന് ഓള്‍ഡ് ട്രാഫോഡിലാണ് ആദ്യ മത്സരം. മെസി അന്നത്തേക്കാള്‍ സ്ട്രോങ്ങാണ്. ഇതിനകം 43 ഗോളുകള്‍ നേടി ഈ സീസണില്‍ ഗോള്‍ഡന്‍ ബൂട്ടിനായി കുതിക്കുകയാണ്. ആ മാന്ത്രിക കാലുകള്‍ക്ക് പൂട്ടിടാനാവുമോ എന്ന് തന്നെയാണ് കാത്തിരുന്നു കാണേണ്ടത്. മെസിയെ മാൻ മാർക്ക് ചെയ്യാനാവില്ലെന്ന് മുൻ യുണൈറ്റഡ് താരം ആഷ്ലി കോൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

എന്നാല്‍ സോല്‍ഷേറിന് കീഴിലെ യുണൈറ്റഡിന്‍റെ പ്രകടനം പ്രവചനാധീതമാണ്. ത്രസിപ്പിക്കുന്ന തിരിച്ചുവരവിലൂടെയാണ് പി.എസ്.ജിയെ തകര്‍ത്ത് അവർ ക്വാർട്ടറിലെത്തിയത്. യുണൈറ്റഡിന് ബാഴ്സയെ തോൽപ്പിക്കാനാവും എന്ന് തന്നെയാണ് കോൾ വിശ്വസിക്കുന്നത്.

യുണൈറ്റഡിന് മെസി ഒരു പേടി സ്വപ്നമാണ്

യുണൈറ്റഡ് ശാരീരികമായും തന്ത്രപരമായും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാലും യുണൈറ്റഡിന് ഓൾഡ് ട്രാഫോഡിൽ ബാഴ്സയെ തകർക്കാനാവില്ലെന്ന് ബാഴ്സ മാനേജര്‍ വാൽവാർദേയും പറയുന്നു.

മെസി വീണ്ടും യുണൈറ്റഡിന്റെ ഘാതകനാവുമോ? അതോ ചുവപ്പ് ചെകുത്താന്മാർ മധുര പ്രതികാരം വീട്ടുമോ? എന്തായാലും ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഓൾഡ് ട്രാഫോഡിലെ ആ രാത്രിയിലേക്കാണ്..