ഗ്രൗണ്ടിലെത്തി കളിക്കാരനെ അടിച്ച് വീഴ്ത്തി; സഹതാരങ്ങള്‍ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി
ആസ്റ്റണ്‍ വില്ല എഫ്സി താരം ജാക്ക് ഗ്രീലിഷിനെ കാണികളിലൊരാള്‍ അടിച്ചുവീഴ്ത്തി

ഇംഗ്ലീഷ് ഫുട്ബോള്‍ രണ്ടാം ഡിവിഷന് ലീഗായ ചാമ്പ്യന്‍ഷിപ്പില്‍ ആസ്റ്റണ്‍ വില്ല എഫ്സി താരം ജാക്ക് ഗ്രീലിഷിനെ കാണികളിലൊരാള്‍ അടിച്ചുവീഴ്ത്തി. 27കാരനായ പോള്‍ മിച്ചലാണ് മിഡ്ഫീല്‍ഡറായ ഗ്രീലിഷിനെ ഇടിച്ചത്. ബെര്മിങ്ഹാമിനെതിരായ മത്സരത്തിന്റെ പത്താം മിനുറ്റിലാണ് സംഭവം. മത്സരം കാണാനെത്തിയ പോള്‍ മിച്ചല്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തി ഗ്രീലിഷിനെ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.
ഗ്രീലിഷ് ഗ്രൗണ്ടില്‍ വീണു. തുടര്‍ന്ന് സഹകളിക്കാര്‍ അക്രമിയെ പിടിച്ച്മാറ്റി. പിന്നാലെ സെക്യൂരിറ്റി സ്റ്റാഫ് ഗ്രൗണ്ടിലെത്തി അക്രമിയെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിനും കളിക്കാരനെ ആക്രമിച്ചതിനുമാണ് കേസ്. ബെര്‍മിങ്ഹാമിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ക്ലബ്ബ് വൈരമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. അക്രമി ബെര്‍മിങ്ഹാം ടീമിന്റെ ആരാധകനാണ്.
മത്സരത്തില്‍ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിന് ബെര്മിങ്ഹാമിനെ തോല്പിക്കുകയും ചെയ്തു. 67ാം മിനുറ്റില്‍ ജാക്ക് ഗ്രീലിഷ് തന്നെയാണ് ഗോള്‍ നേടിയതും.