LiveTV

Live

Football

ലിവര്‍പൂളിന് സമനില; യുവന്‍റസിന് ജയം 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താമെന്നുള്ള ലിവര്‍പൂളിന്‍റെ മോഹത്തിന് തിരിച്ചടി. 

ലിവര്‍പൂളിന് സമനില; യുവന്‍റസിന് ജയം 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താമെന്നുള്ള ലിവര്‍പൂളിന്‍റെ മോഹത്തിന് തിരിച്ചടി. എവര്‍ട്ടനുമായി ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് പോയിന്‍റ് ഇരു കൂട്ടരും പങ്കുവെച്ചത്. 29 കളികള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 71 പോയിന്‍റുമായി ഒന്നാം സ്ഥാനത്തും ലിവര്‍പൂള്‍ 70 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുമാണ്. ഫിനിഷിങില്‍ പാളിയതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. അതേസമയം ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന്‍റെ കുതിപ്പ് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ നപോളിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീം തോല്‍പിച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുവന്‍റസിന്‍റെ ജയം. പോയന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലുള്ള യുവന്റസിനെ പിടിച്ചു കെട്ടാനായിരുന്നു രണ്ടാം സ്ഥാനക്കാരായ നപ്പോളിയുടെ ശ്രമം. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിന്റെ കരുത്തില്‍ തന്നെ യുവന്റസ് ജയമുറപ്പിച്ചു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കിയെങ്കിലും നപ്പോളിക്ക് മത്സരം കൈപ്പിടിയിലൊതുക്കാനായില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സി തോല്‍പിച്ചു. ഗോണ്‍സാലോ ഹിഗ്വെയിന്‍, ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. ലാലിഗയില്‍ റിയല്‍ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചു. അത്‌ലറ്റികോ ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയും തറപറ്റിച്ചു.