LiveTV

Live

Football

ഐ ലീഗ്; ഗോകുലത്തിന് ആശ്വാസ ജയം

നിലവിൽ 19 മത്സരങ്ങളിൽ നിന്നും 17 പോയന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോകുലം എഫ്.സി

ഐ ലീഗ്; ഗോകുലത്തിന് ആശ്വാസ ജയം

ഐ ലീഗിൽ നെറോക്ക എഫ്.സിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഗോകുലത്തിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം എഫ്.സി ജയിച്ചത്. ലീഗിൽ സ്ഥാനം നിലനിർത്താൻ പാടുപെടുന്ന ഗോകുലത്തിന് നെറോക്കക്കെതിരായ ജയം നിർണായകമായിരുന്നു.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ, ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം തിരിച്ചടിച്ചത്. 23ാം മിനിറ്റിലായിരുന്നു നെറോക്ക ഗോകുലത്തിന്റെ വല കുലുക്കിയത്. ഫിലിക്സ് ഒഡീലിയായിരുന്നു ഗോൾ നേടിയത്. ആദ്യ പകുതിക്ക് ശേഷം ഉണർന്ന് കളിച്ച ഗോകുലം, രണ്ടാം പകുതിയിൽ അക്രമിച്ച് കളിക്കുകയായിരുന്നു. 46ാം മിനിറ്റിലാണ് ഗോകുലം സമനില ഗോൾ നേടിയത്. മാർക്വസിന്റെ അസിസ്റ്റിൽ ഡാനയേൽ അ‍ഡോയാണ് വല കുലുക്കിയത്. മത്സരത്തിന്റെ അവസാന പാദത്തിൽ, 81ാം മിനിറ്റിൽ മാർക്വസ് ജോസഫ് ഗോകുലത്തിന്റെ വിജയ ഗോൾ നേടി.

നിലവിൽ 19 മത്സരങ്ങളിൽ നിന്നും 17 പോയന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോകുലം എഫ്.സി. വിജയത്തോടെയും പുറത്താക്കൽ ഭീഷണിയിൽ നിന്നും ഗോകുലം മുക്തമായിട്ടില്ല. 40 പോയിന്റുമായി ചെന്നെെ എഫ്.സിയും, 39 പോയിന്റുമായി ഈസ്റ്റ് ബംഗാളുമാണ് പോയിന്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.