LiveTV

Live

Football

എല്‍ ക്ലാസിക്കോയില്‍ തുടര്‍ച്ചയായ നാലാം ജയം; ചരിത്രമെഴുതി ബാഴ്സ

ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്

എല്‍ ക്ലാസിക്കോയില്‍ തുടര്‍ച്ചയായ നാലാം ജയം; ചരിത്രമെഴുതി ബാഴ്സ

നാല് ദിവസത്തിനിടെ രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ വിജയം കൈവരിച്ച് ബാഴ്‌സലോണ. റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബാഴ്‌സ ലാ ലിഗയില്‍ പത്ത് പോയിന്‍റ് ലീഡോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്‍റാണ് ബാഴ്‌സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോക്ക് 25 കളികളില്‍ നിന്ന് 50 പോയിന്‍റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയിന്‍റാണുള്ളത്.

ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ റയല്‍ ഡിഫന്‍റര്‍ സര്‍ജിയോ റാമോസിനെയും ഗോളി കോര്‍ട്ടോയിസിനെയും മറികടന്നുള്ള റാക്കിറ്റിച്ചിന്‍റെ മനോഹരമായ ഗോള്‍. റയലിന്‍റെ അക്രമ ഫുട്ബോള്‍ മുഖമാണ് പലപ്പൊഴും സ്വന്തം തട്ടകത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. പല തവണയും കയ്യേറ്റത്തിന്‍റെ വക്കു വരെ സാഹചര്യങ്ങള്‍ വഴി വെച്ചു.

ബുധനാഴ്ച കോപ്പ ഡെല്‍ റേയിലും ബാഴ്‌സ റയലിനെ തറപറ്റിച്ചിരുന്നു. രണ്ടാംപാദ സെമിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് ബാഴ്‌സയുടെ ജയം. കളിയില്‍ ഉടനീളം ബാഴസക്കു തന്നെയായിരുന്നു മുന്‍തൂക്കം. മെസ്സിയെയും സുവാരസിനെയും തളച്ചിടാന്‍ കോര്‍ട്ടോയിസിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവന്നു. കഴിഞ്ഞ ആറു മത്സരങ്ങളിലെ ബാഴ്‌സയുടെ ആറാം ജയമാണിത്. തുടര്‍ച്ചയായ നാലാം ക്ലാസിക്കോ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്സ.