LiveTV

Live

Football

റയല്‍ മാഡ്രിഡിന് അട്ടിമറി തോല്‍വി

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ജിറോണ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയാണ് വിജയത്തിലെത്തിയത്

റയല്‍ മാഡ്രിഡിന് അട്ടിമറി തോല്‍വി

സ്പാനിഷ് ലീഗ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് സ്വന്തം തട്ടകമായ ബെര്‍ണബേയുവില്‍ അട്ടിമറി തോല്‍വി. പോയിന്റ് പട്ടികയില്‍ 15ആം സ്ഥാനത്തുള്ള ജിറോണയാണ് റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ജിറോണക്കെതിരെ റയല്‍ സ്വന്തം തട്ടകത്തില്‍ തോല്‍ക്കുന്നത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ജിറോണ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയാണ് വിജയത്തിലെത്തിയത്. 65ആം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സ്റ്റുആനിയും 75ആം മിനിറ്റില്‍ പെഡ്റോ പോറോയുമാണ് ജിറോണക്ക് വേണ്ടി ഗോള്‍ നേടിയത്.

കസമേറെയുടെ ഗോളിലാണ് റയല്‍ മുന്നിലെത്തിയത്. എന്നാല്‍ ഈ മുന്‍തൂക്കം റയലിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ റയല്‍ പ്രതിരോധ താരം സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് കളം വിട്ടു. ഇതോടെ റയല്‍ കൂടുതല്‍ പ്രധിരോധത്തിലായി. ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് നേടുന്ന താരം എന്ന മോശം റെക്കോര്‍ഡും ഇതോടെ റാമോസിന് സ്വന്തമായി.

നിലവിലെ പോയിന്റ് പട്ടികയില്‍ 24 മല്‍സരങ്ങളില്‍ നിന്നും 54 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്സലോണക്ക് റയലിന്റെ ഈ തോല്‍വി കീരീട പോരാട്ടത്തില്‍ വലിയ മുന്‍തൂക്കം നല്‍കും. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 47 പോയിന്റോടെ അത്‍ലറ്റികോ രണ്ടാമതും 45 പോയിന്റോടെ റയല്‍ മൂന്നാം സ്ഥാനത്തുമാണ്.