LiveTV

Live

Football

നീലപ്പടയില്‍ വരവറിയിച്ച് ഹിഗ്വെയിന്‍; ചെല്‍സിക്ക് വമ്പന്‍ ജയം 

ഹഡേഴ്സ്ഫീല്‍ഡിനെതിരെ അഞ്ച് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കി ചെൽസി

നീലപ്പടയില്‍ വരവറിയിച്ച് ഹിഗ്വെയിന്‍; ചെല്‍സിക്ക് വമ്പന്‍ ജയം 

ഹിഗ്വെയിന്റെയും ഹസാർഡിന്റേയും ഇരട്ട ഗോളിൽ ഹഡേഴ്സ്ഫീല്‍ഡിനെതിരെ അഞ്ച് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കി ചെൽസി. നീലക്കുപ്പായത്തില്‍ മിന്നും പ്രകടനം നടത്തി വരവറിയിച്ചിരിക്കുകയാണ് അർജന്റീനിയൻ താരം ഗോണ്‍സാലോ ഹിഗ്വെയിൻ.

കഴിഞ്ഞ മത്സരത്തിൽ ചെൽസി ബർണമൗത്തിനെതിരെ നാല് ഗോളിന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഈ മത്സരം പൂർണമായും നീലപ്പടയുടേതായിരുന്നു. മത്സരത്തിന്റെ 16ാം മിനിറ്റിൽ പ്രതിരോധനിരയെ കാഴ്ച്ചക്കാരാക്കി എന്‍ഗോളോ കാന്‍‍റെ നൽകിയ മാസ്മരിക ത്രൂ ബോളിനെ അസാധാരണ ആംഗിളിൽ ഗോളാക്കി മാറ്റിയാണ് ഹിഗ്വെയിന്‍ തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹസാർഡ് ലീഡ് രണ്ടാക്കി മാറ്റി.

മത്സരത്തിന്റെ 66ാം മിനിറ്റിൽ ഗോളിയെയും കബളിപ്പിച്ച് അസാമാന്യ ഫിനിഷിങ്ങിലൂടെ ഹസാർഡ് തന്നെ ലീഡ് മൂന്നാക്കി മാറ്റി. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നുള്ള ഒരു കിടിലന്‍ ഷോട്ടിലൂടെ ഗോളിയെ നിഷ്പ്രഭമാക്കി ഹിഗ്വെയിന്‍ വീണ്ടും വലകുലുക്കി.

മത്സരം അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ ഡേവിഡ് ലൂയിസിലൂടെ അഞ്ചാമത്തെ ഗോളും നേടി ചെൽസി വിജയം മനോഹരമാക്കി. വിജയത്തോടെ ചെൽസി ആഴ്സണലിനെ പിന്‍തള്ളി ആദ്യ നാലിൽ ഇടം പിടിച്ചു. നിലവിൽ 25 മത്സരങ്ങളിൽ നിന്ന് 50 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്.