LiveTV

Live

Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി ആഴ്സണല്‍ പോരാട്ടം  

ഇരു ടീമിനും ഈ മത്സരം നിർണായകമാണ്

പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി ആഴ്സണല്‍ പോരാട്ടം  

ഈ ആഴ്ച്ചയിലെ പ്രീമിയര്‍ ലീഗിൽ വമ്പന്മാർ ഏറ്റുമുട്ടുന്നു. സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ആഴ്സണലാണ് ഇന്നത്തെ വിരുന്നുകാർ. ഇരു ടീമിനും ഈ മത്സരം നിർണായകമാണ്. നിലവിൽ 24 മത്സരങ്ങളിൽ നിന്നും 56 പോയന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. അത്രതന്നെ മത്സരങ്ങളിൽ നിന്നും 61 പോയന്റുമായി ലിവർപൂളാണ് നിലവിൽ ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്നത്. ആഴ്സണലുമായി ജയിച്ചാൽ ലിവർപൂളിന് വെല്ലുവിളിയായി തുടരാൻ സിറ്റിക്ക് സാധിക്കും.

എന്നാൽ എമരിയുടെ പിള്ളേര് നിലവിൽ 24 മത്സരങ്ങളിൽ നിന്നും 47 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ബർണമൗത്തുമായി നാല്
ഗോളിന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ചെൽസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിന്നു. എന്നാല്‍ ഇന്നലെ ഹഡേഴ്സ്ഫീല്‍ഡിനെതിരെ അഞ്ച് ഗോളിന്റെ ആധികാരിക ജയത്തോടെ നാലാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് ചെല്‍സി. നാലാം സ്ഥാനം തിരിച്ച് പിടിക്കാന്‍ ഈ മത്സരം ആഴ്സണലിനും നിർണായകമാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ആഴ്സണലിന്റെ സിറ്റിക്കെതിരെയുള്ള പ്രകടനം പ്രതീക്ഷനൽകുന്നതല്ല.

സാധ്യത ടീം

ഇന്നത്തെ മത്സരത്തിൽ മസിൽ പരിക്കുകാരണം സിറ്റിയുടെ നായകൻ കംപാനി കളിക്കാൻ സാധ്യതയില്ല. വിൻസന്റ് കംപനി ഇല്ലാത്ത തുടർച്ചയായ എട്ടാമത്തെ മത്സരമാണിത്. ബെൻജമിൻ മെന്റി മുട്ടിന്റെ പരിക്കുകാരണം കളിക്കാൻ സാധ്യത കുറവാണ്. ന്യൂകാസ്റ്റിലിനെതിരെ ഒന്നാം മിനിറ്റിൽ തന്നെ നേടി സെർജിയോ അഗ്യൂറോ തന്നെയായിരിക്കും മുന്നേറ്റ നിര നയിക്കുക. ആഴ്സണലിനെതിരെ അവസാനത്തെ പത്ത് മത്സരങ്ങളിൽ ഏഴിലും സ്കോർ ചെയ്യാൻ അദ്ദേഹത്തിനായിട്ടുണ്ട്.

പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി ആഴ്സണല്‍ പോരാട്ടം  

ആഴ്സണലിന്റെ മിക്ക താരങ്ങളും പരിക്കിന്റെ പിടിയിലാണ്. മെക്കറ്റാറിയൻ, വെൽബക്, ബെല്ലറിൻ, സോക്റടീസ്, ഹോൾഡിഗ് തുടങ്ങിയ താരങ്ങളെല്ലാം ചികിത്സയിലാണ്. എന്നാൽ നായകൻ കാസിയേൽനി പരിക്കിന് ശേഷം കളിക്കാൻ സാധ്യതയുണ്ട്. ബാഴ്സയിൽ നിന്നും ലോണിന് ടീമിലെത്തിയ ഡെനിസ് സുവാറസ് കന്നി മത്സരത്തിനിറങ്ങുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചില മുൻ കണക്കുകൾ

എമരിക്കെതിരെ ഗാർഡിയോള ഇത് വരെ തോൽവിയറിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ ഏഴ് ജയവും നാല് സമനിലയുമായിരുന്നു. 82ന് ശേഷം ആദ്യമായി സിറ്റി ആഴ്സണലിനെതിരെ തുടർച്ചയായ നാലാമത്തെ വിജയം നേടാനുള്ള ഒരുക്കത്തിലാണ്. ആഴ്സണല്‍ സിറ്റിക്കെതിരെയുള്ള അവസാനമായി ജയിച്ചത് 2015 ജനുവരിയിലാിരുന്നു. ആഴ്‍സണലിന് അവരുടെ അവസാന അഞ്ച് എവേ മത്സരങ്ങളിൽ വിജയിക്കാനുമായിട്ടില്ല. ലീഗിലെ അവരുടെ അവസാന എവേ വിജയം നവംബർ 25നായിരുന്നു.

പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി ആഴ്സണല്‍ പോരാട്ടം  

സിറ്റി ആഴ്സണലിനെ അനായാസം പരാജയപ്പെടുത്തുമോ? അതോ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍ നാലാം സ്ഥാനം തിരിച്ചു പിടിക്കുമോ? ഇന്ന് രാത്രി 10 മണിക്കാണ് ഇരുവരും ഏറ്റുമുട്ടുക.