LiveTV

Live

Football

ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനായി ആര്‍പ്പുവിളിച്ച് മലയാളിക്കൂട്ടം

പലഭാഗത്തും മലയാളത്തിലുള്ള ഗാനങ്ങളുടെ താളത്തില്‍ ചെണ്ടയും പീപ്പിയുമായി അവര്‍ ആടിത്തിമിര്‍ത്തു. ആ താളത്തിനൊപ്പം മറ്റ് രാജ്യക്കാരും താളമിട്ടു, ചുവടുവെച്ചു

ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനായി ആര്‍പ്പുവിളിച്ച് മലയാളിക്കൂട്ടം

അധികമാരും പ്രവചിക്കാത്തതായിരുന്നു ഖത്തറിന്റെ ഏഷ്യന്‍ ഫുട്‌ബോള്‍ കിരീട നേട്ടം. ഏഷ്യയിലെ കരുത്തരായ ജപ്പാനെ മലര്‍ത്തിയടിച്ച് ഏഷ്യ കപ്പ് നേടിയതിന്റെ ആവേശത്തിലാണ് ഖത്തര്‍. വിജയശേഷം ആര്‍പ്പുവിളികളുമായി തെരുവ് കയ്യടക്കിയ ആരാധകരില്‍ മലയാളികളും ഏറെയായിരുന്നു.

Also read: ജപ്പാനെ ചാരമാക്കി ഖത്തര്‍; ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാര്‍

ഖത്തറിന്റെ ജയത്തിന് പിന്നാലെ മലയാളികളുടെ ആഹ്ലാദ പ്രകടനം സോഷ്യല്‍മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു. രാജ്യത്തിന്റെ പലയിടത്തുമായി നൂറുകണക്കിന് മലയാളികളാണ് ഖത്തറിന്റെ ജയം ആഘോഷമാക്കിയത്. പലഭാഗത്തും മലയാളത്തിലുള്ള ഗാനങ്ങളുടെ താളത്തില്‍ ചെണ്ടയും പീപ്പിയുമായി അവര്‍ ആടിത്തിമിര്‍ത്തു. ആ താളത്തിനൊപ്പം മറ്റ് രാജ്യക്കാരും താളമിട്ടു, ചുവടുവെച്ചു. കതാറയില്‍ 'മഞ്ഞപ്പട' എന്ന മലയാളികളുടെ ഫുട്ബാള്‍ കൂട്ടം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഖത്തറിന്റെ കൊടികളും ബാനറുകളും ബലൂണുകളുമായി ഇവരാണ് ആരവത്തിന് നേതൃത്വം കൊടുത്തത്.

സൗദിയേയും യു.എ.ഇയേയും തോല്‍പ്പിച്ച് ഫൈനലിലെത്തുകയും ഫൈനലില്‍ ജപ്പാനെ തോല്‍പ്പിച്ച് കിരീടം നേടുകയും ചെയ്ത ഖത്തറിന്റെ കിരീടനേട്ടത്തെ അവിശ്വസനീയയോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കണ്ടത്. കലാശപ്പോരാട്ടത്തില്‍ 3-1നായിരുന്നു ഖത്തര്‍ ജപ്പാനെ തോല്‍പ്പിച്ചത്.