LiveTV

Live

Football

വൻ ദുരന്തമായി ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റം പ്രതീക്ഷിച്ച് മുംബൈ അരേനയിലെത്തിയ ബ്ലാസ്റ്റേഴ്സ് നാണം കെട്ട തോൽവിയെയാണ് അഭിമുഖീകരിച്ചത്

വൻ ദുരന്തമായി ബ്ലാസ്റ്റേഴ്സ്

എെ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നാണം കെട്ട തോൽവി. ഇന്നത്തെ തോൽവിയോടെ ടൂർണ്ണമെന്റിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. കളിയുടെ തുടക്കം മുതൽ തന്നെ നല്ല അക്രമണവുമായി കളം നിറഞ്ഞ് കളിക്കുകയായിരുന്നു മുബൈ. നാലാം മിനിറ്റിൽ തന്നെ നല്ല ഒരു നീക്കം നടത്തിയെങ്കിലും കേരളത്തിന്റെ ബോക്സിൽ വിഫലമാവുകയായിരുന്നു. പക്ഷേ അതൊരു സൂചനയായിരുന്നു ഒട്ടും വൈകാതെ 12ാം മിനിറ്റിൽ സെനഗല്‍ താരം മോഡു സൗഖു കേരളത്തിന്റെ വല കുലുങ്ങി. അടുത്ത ഒരു മുന്നേറ്റം പോലും നടത്തുന്നതിന് മുമ്പ് മോഡു സൗഖു മുബൈക്കായി വീണ്ടും ലക്ഷ്യം കണ്ടു. 16ാം മിനിറ്റിൽ സ്കോർ 2-0.

എന്നാൽ പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ നല്ല പാസുകളും മുന്നേറ്റങ്ങളും കാണാൻ തുടങ്ങി. അത് വെറുതെയുമായില്ല. 27ാം മിനിറ്റിൽ ദുംഗല്‍ മനോഹര ​ഗോളുമായി കേരളത്തിന് ഒരു പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ ദയനീയ കളിയാണ് കണ്ടത്. ഒട്ടും വൈകാതെ തന്നെ മുപ്പതാം മിനിറ്റിൽ സൗഖു ഹാട്രിക് ​ഗോളുമായി മുംബൈക്ക് കളിയിൽ സമ്പൂർണ്ണ ആധിപത്യം നേടിക്കൊടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ബ്ലാസ്റ്റേഴ്സ് താരം സക്കീർ മുണ്ടമ്പാറ റെഡ് കാർഡ് ലഭിച്ച് പുറത്ത് പോയി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് 10 പേരുമായാണ് കളത്തിലിറങ്ങിയത്.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടത്. താളം പിഴച്ച പ്രതിരോധ നിര ബ്ലാസ്റ്റേഴിനെ വല്ലാതെ വലച്ചു. ഒരു നല്ല ഫിനിഷറിന്റെ അഭാവവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. എഴുപതാം മിനിറ്റിൽ റഫീൽ ബാസ്റ്റോസും എൺപത്തിയൊൻപതാം മിനിറ്റിൽ മിജറബെയും വല കുലുക്കിയതോടെ നാണം കെട്ട തോൽവിയിലേക്ക് ബ്ലാസ്റ്റേഴ്സ് അടിപതറി വീഴുകയായിരുന്നു.

അവിടെ വച്ചും തീർന്നില്ല. അധിക സമയത്തിൽ മോഡു സൗഖു മത്സരത്തിലെ തന്റെ നാലാമത്തെ ​ഗോളിലൂടെ മുംബൈയുടെ വിജയം അവിസ്മരണീയമാക്കി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റം പ്രതീക്ഷിച്ച് മുംബൈ അരേനയിലെത്തിയ ബ്ലാസ്റ്റേഴ്സ് നാണം കെട്ട തോൽവിയെയാണ് അഭിമുഖീകരിച്ചത്.