LiveTV

Live

Football

പ്രതീക്ഷയുണ്ട്, ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും; ‘ജോസൂട്ടന്‍’ പറയുന്നു..

എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമാണ് വന്‍ ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്സിന്റെ ക്രെഡിറ്റിലുള്ളത്. 

പ്രതീക്ഷയുണ്ട്, ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും; ‘ജോസൂട്ടന്‍’ പറയുന്നു..

ഐ.എസ്.എല്‍ അഞ്ചാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പതറുകയാണ്. മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമായിരിക്കെ ബ്ലാസ്റ്റേഴ്സ് കഷ്ടപ്പെടുകയാണ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമാണ് വന്‍ ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്സിന്റെ ക്രെഡിറ്റിലുള്ളത്. ഇതോടെ ടീമിന്റെ പന്ത്രണ്ടാമൻ എന്നറിയപ്പെടുന്ന ആരാധകരും ബ്ലാസ്റ്റേഴ്സിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൊക്കെ രൂക്ഷ വിമര്‍ശമാണ് അവര്‍ ഉയര്‍ത്തുന്നത്. എന്നാൽ ആരാധകർക്കും ക്ലബ്ബിനും ഒരുപോലെ പ്രതീക്ഷയും ഊർജ്ജവും പകരുകയാണ് ഒരു ട്വീറ്റ്. അതും മുന്‍ താരത്തിന്റെ.

“കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. അടുത്ത മത്സരങ്ങളിൽ അവർ മൂന്ന് പോയിന്റുകൾ സ്വന്തമാക്കും. എല്ലാവിധ ആശംസകളും.” ഇതായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരം ജോസൂട്ടന്‍ അതായത് ഹൊസു പ്രീറ്റോയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് താരം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.

നേരത്തെ വ്യക്തമാക്കിയത് പോലെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പ്പോള്‍ ഒരു ജയവും മൂന്ന് തോല്‍വിയും നാല് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്‌. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് ഒരിക്കൽ പോലും വിജയം നേടാൻ സാധിച്ചില്ല. തുടർച്ചയായ നാല് സമനിലകൾ പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവസാനം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റതോടെ അങ്കലാപ്പിലായി. കരുത്തരായ ചെന്നൈയിന്‍ എഫ്സിക്കെതിരെയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.