LiveTV

Live

Football

ബ്ലാസ്റ്റേഴ്‍സിന്‍റെ കൊമ്പൊടിച്ച് ഗോവ

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ദയനീയ തോല്‍വി. 

ബ്ലാസ്റ്റേഴ്‍സിന്‍റെ കൊമ്പൊടിച്ച് ഗോവ

കഴിഞ്ഞ മത്സരത്തില്‍ സമനില തെറ്റിച്ച കേരള ബ്ലാസ്റ്റേഴ്‍സ് ഇന്ന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഗോവയോട് അടിയറവ് പറഞ്ഞു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ദയനീയ തോല്‍വി. കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ തന്നെ ഗോവന്‍ പട കൊമ്പന്‍മാരുടെ ഗോള്‍വല കുലുക്കി. അഹമ്മദ് ജഹോയുടെ അളന്നുമുറിച്ച ക്രോസില്‍ നിന്ന് ഫെറാന്‍ കൊറോമിനസാണ് ബ്ലാസ്റ്റേഴ്‍സിന്‍റെ വല തുളച്ചത്. കളിയുടെ തുടക്കം മുതല്‍ ഗോവന്‍ പടയുടെ ആക്രമണമായിരുന്നു. ഒരുതരത്തിലും ബ്ലാസ്റ്റേഴ്‍സിനെ നിലയുറപ്പിക്കാന്‍ ഗോവ സമ്മതിച്ചില്ല. സര്‍വാധിപത്യത്തോടെയായിരുന്നു ഗോവയുടെ ആക്രമണങ്ങള്‍ മുഴുവന്‍.

ആദ്യ പകുതിയുടെ അവസാനം ഗോവ ബ്ലാസ്റ്റേഴ്‍സിന് മേല്‍ വീണ്ടും ആഘാതമേല്‍പ്പിച്ചു. ഇത്തവണയും കൊറോമിനസ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന് മേല്‍ ഇടിത്തീയായത്. മൈതാനത്തിന്‍റെ മധ്യഭാഗത്തു നിന്ന് പന്തുമായി കുതിച്ച കൊറോമിനസ് മഞ്ഞപ്പടയുടെ പ്രതിരോധ നിരയെ നോക്കുകുത്തിയാക്കിയാണ് വലയിലേക്ക് പന്ത് തൊടുത്തത്. വെടിയുണ്ട പോലെ കുതിച്ച പന്തിനെ തോല്‍പ്പിക്കാന്‍ ബ്ലാസ്റ്റേഴ്‍സിന്‍റെ ഗോള്‍കീപ്പര്‍ക്കായില്ല. ഇതോടെ മഞ്ഞപ്പടയുടെ തിരിച്ചുവരവിനായി ആരാധകര്‍ രണ്ടാം പകുതിക്ക് വേണ്ടി കാത്തു.

ലീഡ് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ പ്രതിരോധം കടുപ്പിച്ചതോടെ ഗോവന്‍ പട ബ്ലാസ്റ്റേഴ്സിന് മുന്നില്‍ വന്‍മതിലായി. പിഴവുകളില്ലാതെ ഗോവ കളിച്ചപ്പോള്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളി കൈവിട്ട ബ്ലാസ്റ്റേഴ്സിന് സമനില തെറ്റി. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സിന്‍റെ ദൌര്‍ബല്യം എടുത്തുപറയുന്നുണ്ടായിരുന്നു. ഒടുവില്‍ 67 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‍സിന്‍റെ നെഞ്ച് ഒരിക്കല്‍ കൂടി ഗോവ തുളച്ചു. ഇത്തവണ മന്‍വീര്‍ സിങായിരുന്നു മഞ്ഞപ്പടയുടെ നടുവൊടിച്ചത്. ബ്രാന്‍ഡന്‍റെ അണുവിട തെറ്റാത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ക്ലിനിക്കല്‍ ഹെഡ്ഡറിലൂടെയായിരുന്നു മന്‍വീര്‍ സിങ് ബ്ലാസ്റ്റേഴ്‍സിന്‍റെ വല തുളച്ചത്.

ഇഞ്ചുറി ടൈമിലാണ് മഞ്ഞപ്പടയുടെ മുന്നേറ്റനിര കുറച്ചെങ്കിലും ആക്രമണം അഴിച്ചുവിട്ടത്. ഇതിന് ഫലവുമുണ്ടായി. 92 ാം മിനിറ്റില്‍ സന്ദേശ് ജിങ്കന്‍ തൊടുത്ത നിലംപറ്റിയ ക്രോസില്‍ നിന്ന് ബ്ലാസ്റ്റേഴ്‍സിനായി സെര്‍ബിയന്‍ താരം നിക്കോള കിര്‍മാരേവിച്ചാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഇതോടെ അവസാന മിനിറ്റ് വരെ മഞ്ഞപ്പട ആക്രമണം ശക്തമാക്കി. 95 ാം മിനിറ്റില്‍ വിനീത് വെടിയുണ്ട പോലെ തൊടുത്ത പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.