LiveTV

Live

Football

യൂറോപ്പിന് മുന്നില്‍ ലാറ്റിനമേരിക്കക്ക് പിഴക്കുന്നതെവിടെ?

സൂപ്പര്‍ താരങ്ങള്‍ക്ക് മേലുള്ള അമിതവിശ്വാസം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് എക്കാലത്തും വലിയ ശാപമായിരുന്നു. 1958ല്‍ പെലെയുടെ നേതൃത്വത്തില്‍ ബ്രസീലും 1986ല്‍ ഡീഗോ മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും

യൂറോപ്പിന് മുന്നില്‍ ലാറ്റിനമേരിക്കക്ക് പിഴക്കുന്നതെവിടെ?

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയവുമായുള്ള മത്സരത്തില്‍ ബ്രസീല്‍ തോല്‍വി ഏറ്റുവാങ്ങിയതോടു കൂടി റഷ്യയിലെ ലോകകപ്പ് മാമാങ്കത്തില്‍ നിന്നും മുഴുവന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സെമിഫൈനലിന് മുമ്പ് തന്നെ പുറത്തേക്കുള്ള വഴിയിലായി. കഴിഞ്ഞ 21 ലോകകപ്പുകളില്‍ ഇത് അഞ്ചാം തവണയാണ് സെമി ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ യൂറോപ്പിലേക്ക് മാത്രമായി ചുരുങ്ങുന്നത്.

ലോകകപ്പുകളില്‍ കൂടുതല്‍ തവണ സെമി ഫൈനല്‍ വരെയെത്തിയ ടീമുകളുടെ പട്ടിക
ലോകകപ്പുകളില്‍ കൂടുതല്‍ തവണ സെമി ഫൈനല്‍ വരെയെത്തിയ ടീമുകളുടെ പട്ടിക

1938 ലാണ് ആദ്യമായി മുഴുവന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും പിന്തള്ളി യൂറോപ്യന്‍ ടീമുകള്‍ സെമി ഫൈനലില്‍ സമഗ്രാധിപത്യം സ്ഥാപിക്കുന്നത്. 2006 ല്‍ ഇറ്റലി സ്വര്‍ണക്കപ്പുയര്‍ത്തിയ ലോകകപ്പിലും ലാറ്റിനമേരിക്കന്‍ ടീമുകളിലൊന്നിന് പോലും സെമിയിലേക്ക് പ്രവേശനം ലഭിച്ചില്ല. മാത്രമല്ല, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കു കപ്പുയര്‍ത്താന്‍ കഴിയാതെ പോയ അഞ്ചു ലോകകപ്പുകള്‍ക്കും വേദിയായത് യൂറോപ്പാണ്. 1934 (ഇറ്റലി), 1966 (ഇംഗ്ലണ്ട്), 1982 (സ്‌പെയിന്‍), 2006 (ജര്‍മ്മനി), 2018 (റഷ്യ).

ലാറ്റിനമേരിക്കക്ക് ചുവടുകള്‍ പിഴച്ചതെവിടെ?

സൂപ്പര്‍ താരങ്ങള്‍ക്ക് മേലുള്ള അമിതവിശ്വാസം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് എക്കാലത്തും വലിയ ശാപമായിരുന്നു. 2002 ന് ശേഷം ഒറ്റ ലാറ്റിനമേരിക്കന്‍ രാജ്യം പോലും ലോകകപ്പ് നേടിയിട്ടില്ല എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. 1958 ല്‍ പെലെയുടെ നേതൃത്വത്തില്‍ ബ്രസീലും 1986 ല്‍ ഡീഗോ മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും കപ്പുയര്‍ത്തിയതോടെ സൂപ്പര്‍ താരാരാധന ഒരു ബാധയായി ഇരുടീമുകള്‍ക്കുമൊപ്പം കൂടി. സൂപ്പര്‍താരങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കാന്‍ തുടങ്ങി ഈ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍.

ഇത്തവണത്തെ റഷ്യന്‍ ലോകകപ്പില്‍ പോലും സൂപ്പര്‍ താരങ്ങളുടെ മേലുള്ള ഈ അമിത ആത്മവിശ്വാസം പ്രകടമായിരുന്നു. ബ്രസീല്‍ നെയ്മറിലേക്കും അര്‍ജന്റീന മെസിയിലേക്കും ചുരുങ്ങിയതോടെ ടീമിലെ മറ്റു അംഗങ്ങള്‍ ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയായിരുന്നു മത്സരങ്ങളിലുടനീളം. പക്ഷെ, പ്രതീക്ഷിക്കപ്പെട്ട പോലെയുള്ള മായാജാലങ്ങളൊന്നും മൈതാനമധ്യത്തില്‍ ഇരുവര്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല.

മറഡോണ, പെലെ
മറഡോണ, പെലെ

മെസ്സിക്ക് പിന്‍ബലമേകാന്‍ എവര്‍ ബനേഗയെ മുഴുവന്‍ സമയവും കളിപ്പിക്കുന്നതില്‍ ജോര്‍ജ് സാംപോളി വരുത്തിയ വീഴ്ചയും അര്‍ജന്റീനയെ പ്രതികൂലമായി ബാധിച്ചു. ടീമുകളുടെ ഫോര്‍മേഷനെ കുറിച്ചും കളിയില്‍ സ്വീകരിച്ചേക്കാവുന്ന തന്ത്രങ്ങളെ കുറിച്ചുമൊക്കെ മറ്റു ടീമുകള്‍ക്ക് എല്ലാ വിവരങ്ങളും ലഭ്യമാക്കാവുന്ന സംവിധാനങ്ങള്‍ നിലവിലുള്ള ഒരു ഘട്ടത്തില്‍ കേവലം മെസ്സി മാത്രം വിചാരിച്ചാല്‍ ടീമിന് കിരീടം നേടിക്കൊടുക്കാമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്.

ബാഴ്‌സലോണയില്‍ മെസ്സിയുടെ മുന്‍ സഹകളിക്കാരനായ നെയ്മറിനും റഷ്യയില്‍ പ്രതീക്ഷക്കൊത്തുയരാനായില്ല. മത്സരങ്ങളിലുടനീളം എതിരാളികളുടെ ടാക്‌ളിങ്ങിനിരയായി വീണുരുളുകയായിരുന്നു നെയ്മര്‍. 2014 ല്‍ ജര്‍മനിക്കെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നെയ്മറിന്റെ പേരില്‍ ജേഴ്‌സി പുറത്തിറക്കിയ ബ്രസീല്‍ ടീമിന് ആ മത്സരത്തില്‍ 7-1 ന്റെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ നെയ്മറിന് സെമി ഫൈനലില്‍ ഇറങ്ങാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ബ്രസീല്‍ ഇത്തരത്തിലൊരു വൈകാരിക സമീപനം കൈകൊണ്ടത്. പക്ഷെ, ആ നടപടി ടീമിലെ മറ്റു കളിക്കാരുടെ ആത്മവീര്യം കെടുത്തിക്കളയുകയും ടീമിനു നാണംകെട്ട തോല്‍വി നേരിടേണ്ടി വരികയും ചെയ്തു

യൂറോപ്പിന് മുന്നില്‍ ലാറ്റിനമേരിക്കക്ക് പിഴക്കുന്നതെവിടെ?

കൃത്യമായ ടീം ഫോര്‍മേഷനും പ്രതിരോധ തന്ത്രങ്ങളും കൊണ്ട് മെസ്സിയുടെ അര്‍ജന്റീനയെ പിടിച്ചുകെട്ടാമെന്നു തെളിയിക്കുന്നതായിരുന്നു ഐസ്‌ലാന്റ് -അര്‍ജന്റീന മത്സരം. സ്ലാട്ടന്‍ ഇബ്രാഹിമോവിച് ഇല്ലാതിരുന്നിട്ടും കെട്ടുറപ്പോടെ ലോകകപ്പില്‍ കളിച്ച സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയത് ടീമിലെ അംഗങ്ങളുടെ ഒത്തൊരുമയിലായിരുന്നു.

എഡിസണ്‍ കവാനിയില്ലാതെയാണ് യുറൂഗ്വായ് ഫ്രാന്‍സിനെതിരെ കളിക്കാനിറങ്ങിയത്. കവാനിയുടെ അഭാവം ടീമിനെ ശരിക്കും ബാധിച്ചു. സുവാരസിന് മാത്രമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു പ്ലാന്‍ ബി ഇല്ലാതെ മൈതാനമധ്യത്തില്‍ ഉഴറിയ യുറൂഗ്വായ് ടീമിനെ സാമുവേല്‍ ഉംറ്റിറ്റിയുടെയും റാഫേല്‍ വരാന്റെയും നേതൃത്വത്തില്‍ ഫ്രഞ്ച് പട പിടിച്ചു കെട്ടി.

പരിക്ക് കാരണം കളത്തിലിറങ്ങാന്‍ കഴിയാതിരുന്ന കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗേസിന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം നഷ്ടമായി. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പോളണ്ടിനെ മൈതാനത്ത് വട്ടം കറക്കിയ കൊളംബിയന്‍ മുന്നേറ്റ നിരക്ക് അയാളുടെ അഭാവം ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ ശരിക്കും വിനയായി. 2014 ലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ അദ്ദേഹമില്ലാതെ കളിച്ച ടീമിന് ഇംഗ്ലീഷുകാരുടെ കയ്യില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു.

കടപ്പാട്: scroll.in