LiveTV

Live

Football

ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്ത രാജ്യമായി ഫ്രാന്‍സ് മാറിയതെങ്ങനെയാണ്? 

രണ്ടാം ലോക മഹായുദ്ധത്തിൻറെ അവസാനത്തോടെയാണ് ഈ ചരിത്രം ആരംഭിക്കുന്നത്. യുദ്ധം ഫ്രാൻസിനെ തകർത്തില്ലാതാക്കിയിരുന്നു. നശിച്ചു പോയ രാജ്യം വീണ്ടും പുതുക്കി പണിയാൻ തൊഴിലാളികൾ ഫ്രാൻസിലുണ്ടായിരുന്നില്ല. 

 ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്ത രാജ്യമായി ഫ്രാന്‍സ് മാറിയതെങ്ങനെയാണ്? 

2018 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിലേക്ക് ഏറ്റവും കൂടുതൽ കളിക്കാരെ സംഭാവന ചെയ്ത രാജ്യമായി ഫ്രാൻസ് മാറിയതെങ്ങനെയാണ്?

ഈ വർഷം ലോകകപ്പിൽ അണിനിരന്ന കളിക്കാരുടെ പശ്ചാത്തലം പരിശോധിച്ചാൽ ശ്രദ്ധയിൽ പെടുന്ന ഒരു കാര്യമുണ്ട്. അതിൽ 82 പേർ അവർ ജനിച്ച രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരല്ല. അതിലേറെ കൗതുകകരമായ മറ്റൊരു വസ്തുതയുണ്ട്. ഈ 82 കളിക്കാരിൽ 29 പേരും ഫ്രാൻസിൽ നിന്നുള്ളവരാണ്. ഫ്രഞ്ച് ടീമിൽ കളിക്കുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ ഫ്രാൻസിൽ ജനിച്ച് ഈ ലോകകപ്പിൽ കളിക്കുന്ന കളിക്കാരുടെ എണ്ണം കൃത്യം 50. തൊട്ടു പിറകെ വരുന്ന ബ്രസീലിൽ നിന്നുള്ള കളിക്കാരുടെ എണ്ണം വെറും 28 മാത്രം.

കഴിഞ്ഞ നാലു ലോകകപ്പുകളിലും മറ്റെല്ലാ രാജ്യങ്ങളേക്കാളും കൂടുതൽ കളിക്കാരെയും കോച്ചുകളെയും നൽകിയ രാജ്യം ഫ്രാൻസാണ്. ഓരോ വർഷവും അവരുടെ ഈ ആധിപത്യം വർധിച്ചു വരുന്നതേ ഉള്ളൂ എന്നും കാണാം.

ഇതെങ്ങനെ സംഭവിച്ചു?

ഒരു കളിക്കാരന് താൻ ജനിച്ച നാടിന് വേണ്ടിയോ അല്ലെങ്കിൽ തന്റെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ ജനിച്ച നാടിന് വേണ്ടിയോ ലോകകപ്പിൽ പന്തു തട്ടാം എന്നാണ് ലോക ഫുട്ബാൾ സംഘടനയായ ഫിഫയുടെ ചട്ടം. ഇതു പ്രകാരമാണ് ഫ്രാൻസിലും മറ്റുമുള്ള കളിക്കാർക്ക് മറ്റു രാജ്യങ്ങൾക്കു വേണ്ടി കളിക്കാൻ സാധിക്കുന്നത്. ഈ വിഷയത്തിലുള്ള ഫ്രാൻസിന്റെ ഇന്നത്തെ ആധിപത്യത്തിന് ആ രാജ്യത്തിന്റെ ചരിത്രവുമായും ഫുട്ബോൾ സംസ്കാരവുമായും അഭേദ്യമായ ബന്ധമുണ്ട്.

 ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്ത രാജ്യമായി ഫ്രാന്‍സ് മാറിയതെങ്ങനെയാണ്? 

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെയാണ് ഈ ചരിത്രം ആരംഭിക്കുന്നത്. യുദ്ധം ഫ്രാൻസിന്റെ നല്ലൊരു ഭാഗം തകർത്തില്ലാതാക്കിയിരുന്നു. നശിച്ചു പോയ രാജ്യം വീണ്ടും പുതുക്കി പണിയാൻ മാത്രമുള്ള തൊഴിലാളികൾ ഫ്രാൻസിലുണ്ടായിരുന്നില്ല. പകരം 1940കളുടെ അവസാനത്തിലും 1950കളിലും ജർമ്മനി, പോളണ്ട്, സ്പെയിൻ, പോർചുഗൽ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അൾജീരിയ തുടങ്ങിയ ഉത്തരാഫ്രിക്കയിലെ തങ്ങളുടെ കോളനികളിൽ നിന്നും ഫ്രാൻസ് തൊഴിലാളികളെ കൊണ്ടുവരാൻ തുടങ്ങി. 27 ലക്ഷത്തോളം ആളുകളാണ് ഇങ്ങനെ ഫ്രാൻസിലേക്ക് കുടിയേറിയത്. അക്കാലത്ത് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവന്ന രാജ്യം കൂടിയായിരുന്നു ഫ്രാൻസ്.

1960കളിലും 70കളിലും ഫ്രഞ്ച് സമ്പദ് വ്യവസ്ഥ മുകളിലേക്ക് കുതിക്കാൻ തുടങ്ങിയതോടെ തൊഴിലാളി പ്രതിസന്ധി വീണ്ടും രൂക്ഷമായി. ഇത്തവണ കുടിയേറ്റക്കാരുടെ എണ്ണവും വർധിച്ചു. ആഫ്രിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും കോളനികളിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും വന്ന ഈ കുടിയേറ്റക്കാർ പാരീസ്, മാർസെയ്, ലീയോൺ തുടങ്ങിയ പ്രധാന നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ കൂട്ടത്തോടെ താമസമാരംഭിച്ചു. കായിക മേഖലയിൽ, പ്രത്യേകിച്ച് ഫുട്ബോൾ മേഖലയിൽ, ഫ്രാൻസ് വലിയ ഒരു പ്രതിസന്ധി കൂടി അനുഭവിക്കുന്ന കാലമായിരുന്നു അത്. 1960നും 1974നുമിടയിൽ മൂന്നു ലോകകപ്പുകളിലും മൂന്നും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും യോഗ്യത നേടാൻ ദേശീയ ഫുട്ബോൾ ടീമിന് സാധിച്ചില്ല. അങ്ങനെയാണ് കഴിവുള്ള കളിക്കാരെ വാർത്തെടുക്കാൻ സാധിക്കുന്ന ഒരു സമ്പ്രദായം ദേശീയ തലത്തിൽ കൊണ്ടുവന്നാൽ മാത്രമേ കാര്യങ്ങൾ മെച്ചപ്പെടൂ എന്ന് ദേശീയ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിക്കുന്നത്. യൂറോപ്പിലെ തന്നെ ആദ്യത്തെ ‘ഫുട്ബോൾ അക്കാദമി’ സമ്പ്രദായങ്ങളിലൊന്ന് ഫ്രാൻസിലാണ് ആരംഭിക്കപ്പെട്ടത്.

1972ൽ ഒരു ദേശീയ പരിശീലന കേന്ദ്രം വീഷിയിൽ സ്ഥാപിക്കപ്പെട്ടു. നാലു വർഷത്തിനു ശേഷം ഫ്രാൻസിലെ മുൻനിര ക്ലബുകളുമായി ചേർന്ന് പ്രാദേശിക തലത്തിലുള്ള മികച്ച കളിക്കാരെ കണ്ടെത്താനും പരിശീലിപ്പിക്കാനും വേണ്ടി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരം അക്കാദമികൾ ഉയർത്തിക്കൊണ്ടു വന്ന ഫെഡറേഷൻ 1988ൽ വീഷിയിലെ കേന്ദ്രം പാരീസിന് തെക്കുള്ള ക്ലെയർഫോൻറൈൻ എന്ന വനപ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ചു. 1990കളുടെ ആരംഭത്തോടെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലന സമ്പ്രദായങ്ങളിലൊന്നായി ഇത് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. ഫ്രാൻസിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉജ്ജ്വലരായ കളിക്കാരെ ഉയർത്തിക്കൊണ്ടു വരാൻ ഈ സംവിധാനത്തിന് സാധിച്ചു. സെനദീൻ സിദാൻ അടക്കമുള്ള കളിക്കാർ ഫ്രാൻസിന്റെ ഈ സമ്പ്രദായത്തിലൂടെ വളർന്നു വന്നവരാണ്.

 ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്ത രാജ്യമായി ഫ്രാന്‍സ് മാറിയതെങ്ങനെയാണ്? 

1998ൽ ‘ലെ ബ്ലൂ’ എന്ന് വിളിക്കപ്പെട്ട ഫ്രാൻസിന്റെ ദേശീയ ഫുട്ബാൾ ടീം ലോകകപ്പ് ജേതാക്കളായി. രാജ്യം മുഴുവൻ ആഘോഷം അലയടിച്ച ദിനങ്ങൾ. രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യം കൂടി വിജയിച്ച ഒരു നിമിഷമായിരുന്നു അത്. ഫ്രാൻസിനു വേണ്ടി അണിനിരന്ന മൊത്തം കളിക്കാരിൽ 11 പേരെങ്കിലും കുടിയേറ്റക്കാരോ ഇരുപതാം നൂറ്റാണ്ടിൽ അവിടേക്ക് വന്ന കുടിയേറ്റക്കാരുടെ പിൻതലമുറക്കാരോ ആയിരുന്നു. ‘കറുപ്പ്, വെളുപ്പ്, അറബ്’ എന്നർത്ഥം വരുന്ന രീതിയിൽ ‘ബ്ലാക്ക്, ബ്ലങ്ക്, ബുവർ’ എന്നാണ് അന്നത്തെ ഫ്രഞ്ച് നിര വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഫ്രഞ്ച് കൊടിയുടെ നിറങ്ങളെ സൂചിപ്പിച്ചായിരുന്നു ഇങ്ങനെയൊരു പദപ്രയോഗം. എന്നാൽ ഈ വൈവിധ്യം എല്ലാ കോണുകളിലും അംഗീകരിക്കപ്പെട്ടില്ല. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ ഫ്രണ്ടിലെ അംഗവും മെരീ ലെ പെനിന്റെ പിതാവുമായ ജാൻ മരീ ലെ പെനിനെ പോലെയുള്ള ദേശീയവാദികൾ ഇതിൽ പ്രധാനികളായിരുന്നു. പുറമെ നിന്നുള്ള കളിക്കാരെ കൊണ്ടു വന്ന് അവരെ ഫ്രഞ്ചുകാരായി മാമോദീസ മുക്കുന്നത് അസ്വാഭാവികമാണെന്നായിരുന്നു ലെ പെനിൻറെ അഭിപ്രായം.

മറ്റു ടീമുകളിലെ കളിക്കാർ ഉയർന്ന ഉച്ചത്തിൽ ആവേശത്തോടെ ദേശീയഗാനം ആലപിക്കുമ്പോൾ ഫ്രഞ്ച് ടീമിലെ മിക്ക കളിക്കാരും അത് പാടുന്നില്ല, അല്ലെങ്കിൽ അവർക്ക് പാടാനറിയില്ല എന്നത് വ്യക്തമാണ് -ലെ പെൻ ഒരിക്കൽ പറഞ്ഞു.

French soccer stars have gone on to play for the Ivory Coast, Portugal, Senegal and Morocco. Here’s how France became an international powerhouse:

Posted by Vox on Friday, July 6, 2018

ഇത്തരത്തിലുള്ള ചില വംശീയ വിമർശനങ്ങൾ ചില കോണുകളിൽ നിന്നുയർന്നെങ്കിലും ഫ്രഞ്ച് ദേശീയ നിരയിലെ മികച്ച കളിക്കാരുടെ കൂട്ടത്തിൽ കുടിയേറ്റ വിഭാഗക്കാരുടെ എണ്ണം വർധിച്ചു വരുന്നതേ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഇതിൽ നല്ലൊരു വിഭാഗം പേരും വരുന്നത് ഒരൊറ്റ പ്രദേശത്തു നിന്നാണ്- ഗ്രേറ്റർ പാരീസ്. രാജ്യത്തെ മൊത്തം കുടിയേറ്റക്കാരിൽ 38 ശതമാനവും താമസിക്കുന്നത് പാരീസിനു ചുറ്റും സ്ഥിതി ചെയ്യുന്ന ബാൻലിയോ എന്ന പ്രദേശത്താണ്. ബാൻലിയോ എന്ന വാക്കിൻറെ അർത്ഥം തന്നെ ‘പ്രാന്തപ്രദേശം’ എന്നാണ്. കുടിയേറ്റക്കാർ ഭൂരിപക്ഷം വരുന്ന ചേരികളാണിവിടെ അധികവും. തൊഴിലില്ലായ്മയും കുറ്റകൃത്യങ്ങളും ദാരിദ്ര്യവും രൂക്ഷമായ ഈ തെരുവുകളിൽ പല തവണ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ അതേസമയം, പ്രതിഭാശാലികളായ പല കളിക്കാരെയും സംഭാവന ചെയ്ത സ്ഥലം കൂടിയാണിത്. ഫ്രാൻസിന്റെ കുടിയേറ്റ ചരിത്രവും ഫുട്ബോൾ സംസ്കാരവും കണ്ടുമുട്ടുന്ന സ്ഥലമായതു കൊണ്ടു തന്നെയാണ് ബാൻലിയോക്ക് കഴിവുറ്റ കളിക്കാരെ ഇങ്ങനെ നിരന്തരം വളർത്തിക്കൊണ്ടുവരാനാകുന്നത്.

 ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കളിക്കാരെ സംഭാവന ചെയ്ത രാജ്യമായി ഫ്രാന്‍സ് മാറിയതെങ്ങനെയാണ്? 

2002 മുതലുള്ള ലോകകപ്പുകളിൽ പാരീസിൽ നിന്നുള്ള കളിക്കാരുടെ എണ്ണം ഓരോ വർഷവും വർധിച്ചു വരികയാണ് ചെയ്തത്. 2018 ലോകകപ്പിലെ ഫ്രഞ്ച് കളിക്കാരിൽ 16 പേർ ഗ്രേറ്റർ പാരീസിൽ ജനിച്ചു വളർന്നവരാണ്. ദേശീയ ടീമിലെ എട്ടു കളിക്കാർ ബാൻലിയോയിൽ നിന്നാണ്. അതിൽ എട്ടു പേരും കുടിയേറ്റക്കാരുടെ സന്തതികളാണ്- കിലിയൻ എംബപെ അടക്കം. അൾജീരിയക്കാരി അമ്മയുടെയും കാമറൂണിയൻകാരൻ അച്ഛന്റെയും മകനാണ് 19 വയസുകാരനായ ഈ സൂപ്പർ താരം. ബോൺഡി എന്ന പാരീസിനെ തൊട്ടുനിൽക്കുന്ന പ്രദേശത്ത് ജനിച്ച എംബാപെ ക്ലയർഫോൺഡിലെ പരിശീലന കേന്ദ്രത്തിലൂടെയാണ് വളർന്നുവന്നത്. ഫിഫയുടെ ചട്ടങ്ങൾ ഫ്രാൻസിൽ ജനിച്ച കളിക്കാർക്ക് ഐവറി കോസ്റ്റ്, മൊറോകോ, അൾജീരിയ, പോർചുഗല്‍, കാമറൂൺ, ടോഗോ തുടങ്ങി പല രാജ്യങ്ങൾക്കും വേണ്ടി പന്തു തട്ടാൻ അവസരം നൽകിയിട്ടുണ്ട്. ഈ വർഷത്തെ സെനഗൾ നിരയിലെ നാലു പേരും ടുനീഷിയയുടെ സൈഫദ്ദീൻ ഖാഓവിയും ഗ്രേറ്റർ പാരീസിൽ വളർന്നവരാണ്. ഫ്രഞ്ച് സമ്പ്രദായത്തിന്റെ പ്രത്യേകതയും ഇതു തന്നെയാണ്. സ്ഥാപിതമായ ഒരു പരിശീലന സംവിധാനവും രാജ്യത്തിന്റെ തനതായ കുടിയേറ്റ ചരിത്രവും ഒത്തുചേർന്നു കൊണ്ടു അവിടെ സൃഷ്ടിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചില കളിക്കാരെയാണ്- ഫ്രാൻസിനു വേണ്ടിയും ലോകത്തിനു വേണ്ടിയും.

കടപ്പാട് : വോക്സ്