LiveTV

Live

Football

സ്വീഡന്‍ ക്വാര്‍ട്ടറില്‍

റഷ്യന്‍ ലോകകപ്പിലെ സ്വീഡന്‍റെ സ്വപ്ന കുതിപ്പ് ക്വാര്‍ട്ടറിലേക്ക്. സ്വിറ്റ്സര്‍ലാണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് സ്വീഡന്‍ അവസാന എട്ടില്‍ ഇടം നേടിയത്...

 സ്വീഡന്‍ ക്വാര്‍ട്ടറില്‍

സ്വിറ്റ്‌സര്‍ലാണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ സ്വീറ്റ് ജയത്തോടെ സ്വീഡന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഫോഴ്‌സ് ബര്‍ഗാണ് രണ്ടാം പകുതിയില്‍ സ്വീഡന് വേണ്ടി വിജയഗോള്‍ നേടിയത്. 24 വര്‍ഷത്തിന് ശേഷമാണ് സ്വീഡന്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലെത്തുന്നത്. ഇംഗ്ലണ്ട് കൊളംബിയ പ്രീക്വാര്‍ട്ടര്‍ ജേതാക്കളായിരിക്കും ക്വാര്‍ട്ടറില്‍ സ്വീഡന്റെ എതിരാളികള്‍

പന്ത് വരുതിയില്‍ വെച്ചുകൊണ്ടുള്ള പൊസഷന്‍ ഗെയിമാണ് സ്വിറ്റ്‌സര്‍ലണ്ട് കളിച്ചതെങ്കില്‍ കിട്ടുന്ന അവസരം മുതലാക്കാനാണ് സ്വീഡന്‍ ശ്രമിച്ചത്. അതേസമയം സ്വിറ്റ്‌സര്‍ലാണ്ടും സ്വീഡനും അവസരങ്ങള്‍ തുലക്കാന്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. സ്വീഡന് ലീഡ് നേടിക്കൊടുക്കാനുള്ള സുവര്‍ണാവസരം 41ആം മിനുറ്റില്‍ ആല്‍ബിന്‍ എക്ദല്‍ പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ക്രോസിന്റെ രൂപത്തില്‍ ലഭിച്ച സുവര്‍ണാവസരം പോസ്റ്റിന് മുകളിലൂടെ എക്ഡല്‍ അടിച്ചു പറത്തി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.

66ആം മിനുറ്റില്‍ സ്വീഡിഷ് താരം ഫോഴ്‌സ്ബര്‍ഗായിരുന്നു കിട്ടിയ അവസരം മുതലാക്കി സ്വീഡനെ മുന്നിലെത്തിച്ചത്. ഫോഴ്‌സ്ബര്‍ഗിന്റെ ഷോട്ട് സ്വിറ്റ്‌സര്‍ലാണ്ടിന്റെ മാനിവല്‍ അക്കാഞ്ചിയുടെ കാലില്‍ തട്ടി ഗോളിലേക്ക് പോകുന്നത് നോക്കി നില്‍ക്കാനേ സ്വിറ്റ്‌സര്‍ലണ്ട് ഗോളി യാന്‍ സൊമെറിന് കഴിഞ്ഞുള്ളൂ.

സ്വീഡന്‍ ഗോള്‍ നേടിയതിന് പിന്നാലെ പ്രധാന താരങ്ങളിലൊരാളായ ഷാക്കയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത് സ്വിറ്റ്‌സര്‍ലണ്ടിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഫോഴ്‌സ് ബര്‍ഗിനെ ഫൗള്‍ ചെയ്തതിന് ബെറാമിക്ക് നേരത്തെ 61ആം മിനുറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. എഴുപത്തിയൊമ്പതാം മിനുറ്റില്‍ ഷാക്കിരിയുടെ കോര്‍ണറിനെ ഗോള്‍ ലൈന്‍ സേവ് നടത്തി ഫോഴ്‌സ്ബര്‍ഗ് വീണ്ടും സ്വീഡന്റെ രക്ഷകനായി.

ഫോഴ്‌സ്ബര്‍ഗിന്റെ ഷോട്ട്  അക്കാഞ്ചിയുടെ കാലില്‍ തട്ടി ഗോളിലേക്ക്
ഫോഴ്‌സ്ബര്‍ഗിന്റെ ഷോട്ട് അക്കാഞ്ചിയുടെ കാലില്‍ തട്ടി ഗോളിലേക്ക്

ഇഞ്ചുറി ടൈമില്‍ സ്വീഡന് അനുകൂലമായി പെനല്‍റ്റി വന്നതോടെ മത്സരം സ്വിറ്റ്‌സര്‍ലണ്ട് പൂര്‍ണ്ണമായും കൈവിട്ടു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുറ്റില്‍ ഗോളിലേക്ക് ഒറ്റക്ക് മുന്നേറുകയായിരുന്ന ഓല്‍സനെ തള്ളി വീഴ്ത്തിയതിനാണ് റഫറി ലഗിന് ചുവപ്പുകാര്‍ഡും സ്വീഡന് അനുകൂലമായി പെനല്‍റ്റിയും വിധിച്ചത്.

റഫറിയുടെ തീരുമാനം വാറിന് വിടുന്നു. ബോക്‌സിന് തൊട്ടു പുറത്തുവെച്ചാണ് ഫൗളെന്ന് വ്യക്തമായതോടെ പെനല്‍റ്റി ഒഴിവായെങ്കിലും ചുവപ്പുകാര്‍ഡ് തീരുമാനം റഫറി മാറ്റുന്നില്ല. അവസാന നിമിഷത്തെ ഫ്രീകിക്ക് എങ്ങുമെത്താതെ അവസാനിച്ചതിന് പിന്നാലെ റഫറി ലോങ് വിസില്‍ വിളിക്കുന്നു. സ്വീഡന്റെ റഷ്യന്‍ ലോകകപ്പിലെ സ്വപ്‌ന സമാനമായ കുതിപ്പ് ക്വാര്‍ട്ടറിലേക്ക്.

കളിയിലെ കണക്കുകളില്‍ സ്വിറ്റ്‌സര്‍ലണ്ടായിരുന്നു മുന്നില്‍. മത്സരത്തിന്റെ 64 ശതമാനം സമയവും സ്വിസിന്റെ കൈവശമായിരുന്നു പന്ത്. സ്വീഡന്റെ പൊസഷന്‍ വെറും 36 ശതമാനം മാത്രം. സ്വിറ്റ്‌സര്‍ലണ്ട് 18 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ സ്വീഡന്റേത് 11 മാത്രം. 498 പാസുകള്‍ സ്വിസ് ടീം പൂര്‍ത്തിയാക്കിയപ്പോള്‍ സ്വീഡന്റേത് 201 മാത്രം. ആകെ പൂര്‍ത്തിയാക്കിയ പാസുകള്‍ സ്വിറ്റ്‌സര്‍ലാണ്ടിന്റെ കണക്കില്‍ 602 എങ്കില്‍ സ്വീഡന്റേത് 279 മാത്രം. പക്ഷേ കളി എങ്ങനെ നടന്നാലും ഗോള്‍ നേടിയതിന്റെ മിടുക്കില്‍ സ്വീഡന്‍ ക്വാര്‍ട്ടറില്‍ സീറ്റു പിടിച്ചു.

1994ലായിരുന്നു സ്വീഡന്‍ അവസാനമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചത്. സ്വിറ്റ്‌സര്‍ലണ്ടിനാകട്ടെ ഇതുവരെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു കളി പോലും വിജയിക്കാനായിട്ടില്ല. ഏഴ് കളികളിലും തോല്‍വിയായിരുന്നു സ്വിസ് ടീമിനെ കാത്തിരുന്നത്. 1958ന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ സ്വീഡന്‍ നേടുന്നത്.