LiveTV

Live

Football

ആലിസണ്‍ ബെക്കര്‍, രക്തത്തിലുണ്ട് രക്ഷ

ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്ന് ആ അച്ഛന്റെ മകൻ റഷ്യയിൽ ബ്രസീലിനു വേണ്ടി വല കാക്കുകയാണ്. രക്തത്തിലലിഞ്ഞു ചേർന്നിരിക്കുന്ന കാൽപന്തുകളിയുടെ ആവേശം ഒരൽപ്പം പോലും ചോർന്നു പോവാതെ...

ആലിസണ്‍ ബെക്കര്‍, രക്തത്തിലുണ്ട് രക്ഷ

1998 ലെ ലോകകപ്പ് മത്സരം നടക്കുന്ന സമയത്തു അഞ്ചു വയസ്സുകാരൻ പയ്യനായിരുന്നു ആലിസൺ ബെക്കർ. അയാളുടെ ചേട്ടന് പത്തു വയസ്സും. അമ്മായിയുടെ വീട്ടിൽ അച്ഛനും ചേട്ടനും അമ്മാവനും കൂടെ ബ്രസീലും ഹോളണ്ടും തമ്മിലുള്ള സെമിഫൈനൽ മത്സരം കണ്ടത് ഇന്നും ആലിസൺ ബെക്കറുടെ ഓർമ്മയിൽ ഒളിമങ്ങാതെ കിടക്കുന്നു. അന്ന് ബ്രസീൽ ഹോളണ്ടിനെ തോൽപ്പിച്ചു ഫൈനലിൽ പ്രവേശിച്ചപ്പോൾ അയാളുടെ അച്ഛൻ സന്തോഷം കൊണ്ട് ആർപ്പുവിളിച്ചത് അയാൾക്കത്ര പെട്ടെന്നൊന്നും മറക്കാനാവില്ല.

ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്ന് ആ അച്ഛന്റെ മകൻ റഷ്യയിൽ ബ്രസീലിനു വേണ്ടി വല കാക്കുകയാണ്. രക്തത്തിലലിഞ്ഞു ചേർന്നിരിക്കുന്ന കാൽപന്തുകളിയുടെ ആവേശം ഒരൽപ്പം പോലും ചോർന്നു പോവാതെ, അതിർത്തിയിലെ സൈനികന്റെ ജാഗ്രതയോടെ. ക്വാർട്ടർ ഫൈനലും സെമിഫൈനലും കടന്ന് ഫൈനലിലെത്തി കപ്പുയർത്തുന്ന ടീമിന്റെ ചിത്രമാണ് അയാളുടെ ഊർജ്ജം.

കൗമാരക്കാരനായിരിക്കുമ്പോൾ മികച്ച ഒരു ഗോൾ കീപ്പർ ഒന്നുമായിരുന്നില്ല ആലിസൺ ബെക്കർ. ചേട്ടനും ചങ്ങാതിമാരും ഫുട്ബോൾ കളിക്കുമ്പോൾ കൂട്ടത്തിൽ ചെറിയവനായ ആലിസണിനെ വലകാക്കാൻ നിർത്തും. പക്ഷെ, കൊച്ചു ആലിസൺ ആവേശത്തോടുകൂടി വലകാക്കുമായിരുന്നു. അവനത് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ ആലിസൺ ബെക്കറെന്ന മികച്ച ഗോൾ കീപ്പർ പിറക്കുന്നതിൽ അയാളുടെ ചേട്ടൻ തന്നെ നിമിത്തമായി. ആലിസൺ ബെക്കറിന്റെ ജീവിത കഥയിലെ ഏറ്റവും നിർണ്ണായക വ്യക്തിത്വവും അയാളുടെ ചേട്ടൻ തന്നെയാണ്.

വലകാക്കുക എന്നത് ബെക്കറുടെ നിയോഗമായിരുന്നു എന്ന് വേണം പറയാൻ. അയാളുടെ 'അമ്മ അവരുടെ സ്കൂളിലെ ഹാൻഡ്ബാൾ ടീമിലെ ഗോൾ കീപ്പറായിരുന്നു. അച്ഛനാണെങ്കിലും അദ്ദേഹം ജോലി ചെയ്യുന്ന കമ്പനി ടീമിലെ ഗോൾ കീപ്പറും. ആലിസൺ ബെക്കറിന്റെ മുത്തച്ഛൻ അയാളുടെ ജന്മനാടായ Novo Hamburgo യിലെ ഒരു ചെറിയ ഫുട്ബോൾ ക്ലബ്ബിൽ ഗോളിയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പാരമ്പര്യമായി കിട്ടിയ കലയായിരുന്നു ആലിസൺ ബെക്കറിന് ഗോൾ മുഖത്തെ ഈ അഭ്യാസം.

ആലിസണ്‍ ബെക്കര്‍, രക്തത്തിലുണ്ട് രക്ഷ

അഞ്ചു വയസ്സുള്ളപ്പോൾ ചേട്ടന്റെ കൂടെ അച്ഛൻ കളിക്കുന്നത് കാണാൻ പോകുമായിരുന്നു കൊച്ചു ആലിസൺ. അച്ഛൻ വലകാക്കുന്ന സുന്ദരമായ കാഴ്ച്ച അവന്റെ ഉള്ളിലെ ഗോൾ കീപ്പർക്ക് പ്രചോദനമായി. അച്ഛനെ അനുകരിക്കാൻ ശ്രമിച്ചു അവൻ. കാരണം, ഏതൊരു കുട്ടിയേയും പോലെ അച്ഛനായിരുന്നു അവന്റെ ഹീറോ. അച്ഛനെപ്പോലെയായാൽ മതിയായിരുന്നു അവന്.

2002 ലെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്തു അതിരാവിലെ ഉണർന്ന് ചേട്ടന്റെ കൂടെ കളി കാണും ആലിസൺ ബെക്കർ. അത്തവണ ബ്രസീൽ കപ്പുയർത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു അവൻ അനുഭവിച്ചത്. ബ്രസീലിന് വേണ്ടി ലോക കപ്പിൽ വലകാക്കണമെന്ന ആഗ്രഹം അന്നാണ് അയാളുടെ മനസ്സിൽ കയറുന്നത്.

അന്ന് മുതൽ ആലിസൺ ബെക്കർ കാല്പന്തുകളിയെ ഗൗരവത്തോടെ സമീപിക്കാൻ തുടങ്ങി. നോവോ ഹമ്പര്‍ഗോ തെരുവിൽ പന്ത് കളിക്കുമ്പോളൊക്കെ അയാൾ വലകാത്തു. ചേട്ടനൊപ്പം ചേർന്ന് വീട്ടിനുള്ളിൽ പ്ലാസ്റ്റിക് പന്ത് തട്ടിക്കളിച്ചു. ബ്രസീൽ വലിയ ക്ലബ്ബായ Internacional ന്റെ യൂത്ത് ടീമിൽ കളിയ്ക്കാൻ തുടങ്ങിയിരുന്നു അന്നേരം ആലിസൺ ബെക്കർ. ഗോൾ മുഖത്തു നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും അയാൾക്കൊരു കുഴപ്പമുണ്ടായിരുന്നു. ഉയരമില്ലായ്മ ഒരു തടസ്സമായി നിന്നു. പലപ്പോഴും അയാൾക്ക് ബെഞ്ചിലിരിക്കേണ്ടി വന്നു. ആ സമയത്തു internacional മറ്റൊരു ഗോൾ കീപ്പറുമായി സൈൻ ചെയ്തു. അതോടെ അയാളുടെ സാധ്യതകൾ മങ്ങി.

ആലിസണ്‍ ബെക്കര്‍, രക്തത്തിലുണ്ട് രക്ഷ

എങ്കിലും ദൈവം ആലിസൺ ബെക്കറിന്റെ കൂടെത്തന്നെയുണ്ടായിരുന്നു. അദ്ദേഹം ഉയരം വെക്കാൻ വേണ്ടി ഒരു വര്‍ഷം കൂടി കാത്തുനിൽക്കാൻ ക്ലബ് തയ്യാറായി. അയാൾ പതിയെ ശാരീരിക ക്ഷമത കൈവരിച്ചു. ഐക്കർ കസിയസുമായും ബുഫാനുമായും ചേർത്ത് വെച്ച് അയാൾ കണ്ട സ്വപ്നങ്ങൾക്ക് നിറം ലഭിക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ 170 സെന്റീമീറ്ററിൽ നിന്നും 187 സെന്റീമീറ്ററിലേക്ക് ഉയർന്നു അയാളുടെ ഉയരം. മികച്ച മെയ്‌വഴക്കം നേടിയെടുത്ത ആലിസൺ ബെക്കർ വീണ്ടും ശ്രദ്ധ നേടി.

പതിനാറു വയസ്സുണ്ടായിരിക്കെ ചങ്ങാതിമാരൊപ്പം ബീച്ചിൽ കറങ്ങുന്നതിനിടക്ക് ആലിസൺ ബെക്കറിന് മുത്തച്ഛന്റെ ഫോൺ കാൾ വന്നു. കുടുംബത്തിൽ എന്തോ അത്യാഹിതം സംഭവിച്ചുവോ എന്ന ഭീതിയോടെ ഫോണെടുത്ത അയാൾ കേട്ടത് അയാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്തയായിരുന്നു. അയാൾക്ക് ബ്രസീൽ അണ്ടർ 17 ടീമിലേക്ക് സെലക്ഷൻ ലഭിച്ചിരിക്കുന്നു എന്ന വാർത്ത.

ആലിസണ്‍ ബെക്കര്‍, രക്തത്തിലുണ്ട് രക്ഷ

പക്ഷെ, തുടക്കത്തിൽ അത് വിശ്വസിക്കാൻ അയാൾ തയ്യാറായില്ല. മുത്തച്ഛൻ തന്നെ കളിയാക്കുകയാണെന്നാണയാൾ കരുതിയത്. പിന്നീട്, അമ്മാവനും വിളിച്ചു അത് തന്നെ പറഞ്ഞു. അപ്പോഴും അയാൾ വിശ്വസിച്ചില്ല. ബീച്ചിൽ നിന്നും നേരെ വീട്ടിലേക്ക് ഓടി. കമ്പ്യൂട്ടറിൽ ടീം സൈറ്റ് തുറന്ന് തന്റെ പേരുണ്ടോ എന്ന് നോക്കി. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, താൻ ശരിക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നെയ്മറിന്റെയും കുട്ടീഞ്ഞോയുടെയും പേരിനൊപ്പം അയാളുടെ പേരും.

പിന്നീടെല്ലാം അതിവേഗത്തിലായിരുന്നു. 2013 ൽ ഇരുപതാം വയസ്സിൽ Internacional ക്ലബ്ബിന്റെ സീനിയർ ടീമിൽ അദ്ദേഹം കളിച്ചു. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം ബ്രസീൽ ദേശീയ ടീമിലും അരങ്ങേറി. ആ കളിയാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് പറയുന്നു ആലിസൺ ബെക്കർ.

ഇര്‍ഫാന്‍ ആമയൂര്‍

കടപ്പാട്: ദ പ്ലയേഴ്‍സ് ട്രിബ്യൂണ്‍