LiveTV

Live

Football

കുട്യീനോ രക്ഷകനായി, ബ്രസീലിന് ജയം

അവസാന മിനുറ്റുവരെ ബ്രസീലിനെ ഗോളടിക്കുന്നതില്‍ നിന്നും തടഞ്ഞ കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുടീന്യോയുടെ ഗോള്‍..

കുട്യീനോ രക്ഷകനായി, ബ്രസീലിന് ജയം

ഗ്രൂപ്പ് ഇ യില്‍ കോസ്റ്ററിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം. 91ാം മിനുറ്റില്‍ കുടീന്യോയും ഇഞ്ചുറി ടൈമിന്‍റെ 97ആം മിനുറ്റില്‍ നെയ്മറും നേടിയ ഗോളുകളിലൂടെയാണ് ബ്രസീലിന്‍റെ ജയം. അവസാന മിനുറ്റുവരെ ബ്രസീലിനെ ഗോളടിക്കുന്നതില്‍ നിന്നും തടഞ്ഞ കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുടീന്യോയുടെ ഗോള്‍ നേടിയത്.

അഞ്ച് മിഡ്ഫീല്‍ഡര്‍മാരും നാല് മധ്യനിര താരങ്ങളും ഒരൊറ്റ മുന്നേറ്റക്കാരനുമായായിരുന്നു കോസ്റ്ററിക്ക ബ്രസീലിനെതിരെ ഇറങ്ങിയത്. ബ്രസീലിനെ ഗോളടിപ്പിക്കാതിരിക്കുകയെന്ന നയം കോസ്റ്ററിക്ക തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. ഇടയ്ക്കിടെ ലഭിക്കുന്ന അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്ക് നടത്തി ബ്രസീല്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കാനും കോസ്റ്ററിക്കയാക്കായി. മറുവശത്ത് ബ്രസീലിന് ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോലുമായില്ല.

രണ്ടാം പകുതിയില്‍ തുടര്‍ച്ചയായുള്ള ആക്രമണങ്ങളുമായി ആര്‍ത്തിരമ്പി വരുന്ന ബ്രസീലിനെയാണ് കണ്ടത്. ബ്രസീല്‍ മുന്നേറ്റത്തെ കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസും കോസ്റ്ററിക്കന്‍ പ്രതിരോധവും ചേര്‍ന്ന് ഫലപ്രദമായി തടയുന്ന കാഴ്ച്ചയായിരുന്നു പിന്നീട്. എഴുപത്തൊമ്പതാം മിനുറ്റില്‍ നെയ്മറിനെ ഫൗള്‍ ചെയ്തതിന് ബ്രസീലിന് റഫറി പെനല്‍റ്റി അനുവദിച്ചതാണ്. എന്നാല്‍ വാറിലൂടെ നെയ്മറിന്റെ ഫൗള്‍ റഫറി തീരുമാനം തിരുത്തുകയായിരുന്നു.

തൊണ്ണൂറാം മിനുറ്റിലാണ് കെയ്ലര്‍ നവാസെന്ന റയല്‍ മാഡ്രിഡ് ഗോളി ബ്രസീലിന് മുന്നില്‍ ആദ്യമായി കീഴടങ്ങിയത്. ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് ബോക്‌സിന് മധ്യത്തില്‍ നിന്നായിരുന്നു കുട്യീനോ പന്ത് ഗോളിലേക്ക് പായിച്ചത്. തൊണ്ണൂറു മിനുറ്റുവരെ ബ്രസീലിന് മുന്നില്‍ വന്‍മതിലായി നിന്ന കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുട്യീനോ ഗോള്‍ നേടിയത്.

ഒരുഗോള്‍ വീണതോടെ താളം നഷ്ടപ്പെട്ട കോസ്റ്ററിക്കന്‍ പ്രതിരോധത്തെ കീറിമുറിച്ച നീക്കത്തിനൊടുവിലായിരുന്നു രണ്ടാം ഗോള്‍. 97ാം മിനുറ്റില്‍ ഡഗ്ലസ് കോസ്റ്റ മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ക്ക് പന്ത് കൈമാറി. തളികയിലെന്ന പോലെയുള്ള അവസരം കൃത്യമായി വിനിയോഗിച്ച നെയ്മര്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ ഗോള്‍ നേടി. ബ്രസീലിനെതിരെ 90 മിനുറ്റും പിടിച്ചു നിന്ന കോസ്റ്ററിക്ക അവസാന ആറു മിനുറ്റിലാണ് തോറ്റുപോയത്.

92 ശതമാനം പാസുകളും വിജയകരമായി പൂര്‍ത്തിയാക്കുകയും 91ാംതൊണ്ണൂറാം മിനുറ്റില്‍ അതിനിര്‍ണ്ണായക ഗോളിലൂടെ ബ്രസീലിനെ മുന്നിലെത്തിക്കുകയും ചെയ്ത ഫിലിപ്പെ കുട്യീനോയാണ് കളിയിലെ താരം. കുട്യീനോയുടെ ഗോളില്ലായിരുന്നെങ്കില്‍ നെയ്മറിന്റെ ഫൗള്‍ അഭിനയത്തിന്റെ പേരില്‍ ബ്രസീല്‍ നാണം കെടേണ്ടിയിരുന്ന മത്സരം കൂടിയാകുമായിരുന്നു ഇത്.

ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെ ബ്രസീല്‍ നാല് പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ബ്രസീലിനോട് തോറ്റ കോസ്റ്ററിക്ക ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യമത്സരത്തില്‍ കോസ്റ്ററിക്ക ഏകഗോളിന് സെര്‍ബിയയോട് പരാജയപ്പെട്ടിരുന്നു. 27ന് സെര്‍ബിയയുമായി ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ബ്രസീലിന്റെ അടുത്ത മത്സരം.