തിരുവമ്പാടി സീറ്റ് മറ്റൊരു കക്ഷിക്കും വിട്ടുനൽകില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
തിരുവമ്പാടി സീറ്റില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ താമരശ്ശേരി രൂപത ഉറച്ച് നില്‍ക്കുന്നതിനിടെയാണ് ലീഗിന്റെ പ്രതികരണം

തിരുവമ്പാടി സീറ്റ് മറ്റൊരു കക്ഷിക്കും വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ലീഗിന്റെ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇ.ടി മീഡിയവണ്ണിനോട് പറഞ്ഞു. തിരുവമ്പാടി സീറ്റില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ താമരശ്ശേരി രൂപത ഉറച്ച് നില്‍ക്കുന്നതിനിടെയാണ് ലീഗിന്റെ പ്രതികരണം.
താമരശ്ശേരി രൂപതയുടെ ആവശ്യത്തിന് വഴങ്ങി കോണ്‍ഗ്രസ് സീറ്റ് ചോദിക്കുമ്പോള്‍ അതിന് നിന്ന് കൊടുക്കേണ്ടന്നാണ് ലീഗ് നേത്യത്വത്തിന്റെ തീരുമാനം. മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും ചര്‍ച്ച നടത്തിയതിന് പിന്നാലെ കെ.വി തോമസ് ബിഷപ്പിനെ കണ്ടിരുന്നു.
ആ ചര്‍ച്ചയിലാണ് പട്ടാമ്പി സീറ്റ് ലീഗിന് നല്കി തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം രൂപത ഉന്നയിച്ചത്. നേതൃത്വവുമായി ചര്‍ച്ച ചെയ്യാമെന്ന മറുപടി കെ.വി തോമസ് നല്‍കുകയും ചെയ്തിരുന്നു.
രൂപതയുടെ കടുംപിടുത്തത്തിന് വഴങ്ങി സീറ്റ് വിട്ടുനല്‍കിയാല്‍ മറ്റു മതവിഭാഗങ്ങള്‍ തിരുവമ്പാടിയില്‍ യു.ഡി.എഫിന് എതിരാകുമെന്ന വാദം ഉഭയകക്ഷി ചര്‍ച്ചയില്‍ ലീഗ് ഉയര്‍ത്തും. ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണ് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന രൂപതയുടെ നിലപാടിന് പിന്നിലെന്നും ലീഗ് കരുതുന്നുണ്ട്.
Adjust Story Font
16