LiveTV

Live

Ernakulam

‘’വേണ്ടത് അവകാശങ്ങളാണെങ്കില്‍ അത് നമ്മള്‍ പിടിച്ചുവാങ്ങുക തന്നെ വേണം’’

കേരളത്തിലെ ആദ്യത്തെ മിശ്രലിംഗ സ്ഥാനാര്‍ത്ഥി അശ്വതി രാജപ്പ സംസാരിക്കുന്നു

‘’വേണ്ടത് അവകാശങ്ങളാണെങ്കില്‍ അത് നമ്മള്‍ പിടിച്ചുവാങ്ങുക തന്നെ വേണം’’
എറണാകുളം മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇത്തവണ ഒരു ട്രാന്‍സ്‍‍ജെന്‍ഡറുമുണ്ട്. കേരളത്തിന്‍റെ തന്നെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‍‌ജെന്‍ഡര്‍ മത്സര രംഗത്തിറങ്ങുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അശ്വതി രാജപ്പയെന്ന മിശ്രലിംഗക്കാരി തെരഞ്ഞെടുപ്പിനെ നേരിടുന്നത്... അശ്വതി രാജപ്പ സംസാരിക്കുന്നു.

ചിഞ്ചു, അശ്വതി, ചിഞ്ചു അശ്വതി, അശ്വതി രാജപ്പ - എന്ത് വിളിക്കുന്നതാണ് കൂടുതലിഷ്ടം?

എന്നെ സുഹൃത്തുക്കള്‍ വിളിക്കുന്നത് ചിഞ്ചുവെന്നാണ്. അങ്ങനെ വിളിക്കുന്നതാണ് എനിക്ക് കൂടുതലിഷ്ടം. എന്‍റെ ഓഫീഷ്യല്‍ പേര് അശ്വതി രാജപ്പന്‍ എന്നാണ്. ആ പേരില്‍ തന്നെയാണ് മത്സരിക്കുന്നത്.

ആരാണ് അശ്വതി രാജപ്പന്‍ എന്നാരെങ്കിലും ചോദിച്ചാല്‍, ചിഞ്ചു എന്താണ് മറുപടി നല്‍കുക?

ഞാനൊരു സംഘിയോ കൊങ്ങിയോ കമ്മിയോ സുഡാപ്പിയോ അങ്ങനെ യാതൊന്നുമായിട്ടുള്ള ഒരാളല്ല. ഞാനൊരു മനുഷ്യനാണ്. നിങ്ങള്‍ക്കെന്‍റെ ജെന്‍ഡറാണ് അറിയേണ്ടതെങ്കില്‍ ഞാനൊരു ട്രാന്‍സ്‍ജെന്‍ഡറായ വ്യക്തിയാണ്. ഇനി ബയോളജിക്കലി എന്‍റെ സെക്സ് എന്താണ് എന്നാണ് അറിയേണ്ടതെങ്കില്‍ ഇന്‍റര്‍സെക്സ് ആയിട്ട്, മിശ്രലിംഗമായിട്ട് തന്നെ ജനിക്കുകയും മിശ്രലിംഗമായിട്ട് തന്നെ ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. ഇനി എന്‍റെ രാഷ്ട്രീയമാണ് നിങ്ങള്‍ക്കറിയേണ്ടതെങ്കില്‍ ഞാന്‍ ദളിതാണ്.

‘’വേണ്ടത് അവകാശങ്ങളാണെങ്കില്‍ അത് നമ്മള്‍ പിടിച്ചുവാങ്ങുക തന്നെ വേണം’’

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‍ജെന്‍ഡര്‍ ഒരു തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്... മത്സരിക്കണമെന്ന തീരുമാനത്തെ കുറിച്ച്?

‍മത്സരരംഗത്തിറങ്ങുമ്പോള്‍ എതിര്‍പ്പിന്‍റെ സ്വരമുയരുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. അങ്ങനെ സംഭവിക്കണമെന്നുതന്നെയായിരുന്നു എന്‍റെ ആഗ്രഹവും. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. ഞാന്‍ നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പുതന്നെ ഇന്‍റര്‍സെക്സ് ആയിട്ടുള്ള കേരളത്തിലെ ആദ്യത്തെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വാര്‍ത്തകളൊക്കെ വന്നിരുന്നു. എന്‍റെ ഈ മിശ്രലിംഗ ഐഡന്‍റിറ്റി ഉയര്‍ത്തി ആരെങ്കിലും ഒരു പ്രതിഷേധ സ്വരവുമായി വന്നിരുന്നെങ്കില്‍ ഞാന്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് കുറച്ചൂകൂടെ ഒരു വ്യക്തത വരുത്താന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അങ്ങനെ ഒരു പ്രതിഷേധം ഉയര്‍ന്നില്ല. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ ഞാനിവിടെ വിജയിച്ചിരിക്കുകയാണ്. നോമിനേഷനിലൂടെ എന്താണോ ഉദ്ദേശിച്ചത്, അത് ഞാന്‍ നേടിയെടുത്തു. എന്‍റെ ജെന്‍ഡര്‍, എന്‍റെ ഐഡന്‍റിറ്റി, എന്‍റെ രാഷ്ട്രീയം ഇതൊന്നും നോക്കാതെ, എല്ലാത്തിനെയും മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ എന്നെ സമൂഹം അംഗീകരിച്ചു എന്നതിനുള്ള ഒരു തെളിവാണ് എന്‍റെ നോമിനേഷന്‍ സ്വീകരിച്ചത്.

‘’വേണ്ടത് അവകാശങ്ങളാണെങ്കില്‍ അത് നമ്മള്‍ പിടിച്ചുവാങ്ങുക തന്നെ വേണം’’

എന്തുകൊണ്ടാണ് മത്സരിക്കാന്‍ എറണാകുളം തെരഞ്ഞെടുത്തത്?

ഞാന്‍ എറണാകുളത്ത് പുതിയ ആളൊന്നുമല്ല. എനിക്ക് വളരെ പരിചിതമായ സിറ്റിയാണ് എറണാകുളം. ഞാന്‍ എം.എസ്‍.സി അപ്ലെയ്‍ഡ് ഇലക്ട്രോണിക്സ് പഠിച്ചത് എടപ്പള്ളിയിലാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐ യൂണിറ്റിന്‍റെ പ്രസിഡന്‍റായിരുന്നു. വനിതാ പ്രതിനിധിയായിട്ട് യൂണിയനില്‍ ഉണ്ടായിരുന്ന ആളാണ്. അന്നുമുതല്‍ തന്നെ പല ദളിത് ആക്ടിവിസ്റ്റുകളായിട്ടും ദളിത് മൂവ്‍മെന്‍റുകളുമായി ബന്ധപ്പെട്ടും വര്‍ക്കുചെയ്യാന്‍ കഴിഞ്ഞിരുന്നു. അതുപോലെ സ്റ്റുഡന്‍റ് പൊളിറ്റ്സിലും ഞാന്‍ ആക്ടീവായിരുന്നു.

ഇന്ത്യ തന്നെ അംഗീകരിച്ചിട്ടുള്ള മികച്ച പാര്‍ലമെന്‍റേറിയന്‍ പി രാജീവും നമ്മുടെ എം.എല്‍.എ ആയ ഹൈബി ഈഡനും ഒക്കെ മത്സരിക്കുന്ന ഒരു മണ്ഡലത്തില്‍ എന്നെപ്പോലെയുള്ള ഒരു വ്യക്തിയുടെ ശബ്ദം തീര്‍ച്ചയായും ആളുകള്‍ കേള്‍ക്കും, അല്ലെങ്കില്‍ ഞാനുന്നയിക്കുന്ന കാര്യങ്ങള്‍ പൊതുമുഖ്യധാരയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്‍റെ ആവശ്യമുണ്ട്. ഒരു ഗ്രാമത്തില്‍ നിന്നുവന്ന് എറണാകുളം പോലെ ഒരു മണ്ഡലം തെരഞ്ഞെടുക്കാനും അവിടെ മത്സരിക്കാനുമുള്ള പ്രധാന കാരണം അതുതന്നെയാണ്. പൊതുവെ ട്രാന്‍സ്‍ജെന്‍ഡര്‍ ആയ ആളുകള്‍ വന്നുപോകുന്ന സ്ഥലമാണ് എറണാകുളം. എല്ലാതരത്തിലുമുള്ള വൈവിധ്യങ്ങളെയും വളരെപ്പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുള്ള, മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു മണ്ഡലമെന്ന നിലയിലാണ് ഞാന്‍ എറണാകുളത്തെയും എറണാകുളത്തെ ജനങ്ങളെയും നോക്കിക്കാണുന്നത്.

ഈ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് എന്താണ് മുന്നോട്ടുവെക്കുന്നത്?

റെപ്രസെന്‍ന്‍റേഷന്‍ പൊളിറ്റിക്സ് ആണ് ഞാന്‍ മുന്നോട്ടുവെക്കുന്ന ആശയം. വേണ്ടത് അവകാശങ്ങളാണെങ്കില്‍ അത് നമ്മള്‍ പിടിച്ചുവാങ്ങുക തന്നെ വേണം എന്ന് ഉദ്ദേശിക്കുന്ന ഒരാളാണ് ഞാന്‍. പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണ് ഞാന്‍. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. രാജ്യം ഉറപ്പുവരുത്തുന്ന അടിസ്ഥാന ആവശ്യങ്ങളും മൌലികവകാശങ്ങളും ഈ പാര്‍ശ്വവത്‍കരിക്കപ്പെട്ടവര്‍ക്കും ലഭിക്കേണ്ടതുണ്ട്. അവര്‍ക്കുവേണ്ടിയുള്ളതാണ് എന്‍റെ പ്രകടനപത്രിക. ആദിവാസി ഗോത്രമഹാസഭയുടെ ഗീതാനന്ദന്‍ മാഷാണ് എന്‍റെ തെര‍ഞ്ഞെടുപ്പ് പ്രകടപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പത്രിക പ്രകാശനം ചെയ്തത് അതിഥി എന്ന ട്രാന്‍സ്‍ജെന്‍ഡര്‍ ആക്ടിവിസ്റ്റാണ്. ദിനു വെയിലും ആദ്യത്തെ ട്രാന്‍സ്മ‍െന്‍ പൈലറ്റായ ആദമും കൂടിയാണ് അത് സ്വീകരിച്ചത്. ഒരു മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളും, ഭരണഘടന ഉറപ്പുവരുത്തുന്ന മൌലികാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ല എന്ന ഒരു അന്തരീക്ഷം ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള ജനകീയമായ പ്രകടനപത്രികയുമായി ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

എന്‍റെ ചിഹ്നം ലാപ്‍ടോപ്പാണ്. ഇനിയുമിവിടെ വിപ്ലവം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് പലരും പറയുന്നത്... യഥാര്‍ത്ഥത്തില്‍ ഇവിടെ വിപ്ലവം സ്ഥാപിച്ചു കഴിഞ്ഞു, അല്ലെങ്കില്‍ സംഭവിച്ചുകഴിഞ്ഞു. ഒരു ഇലക്ട്രോണിക് ഗ്രാജുവേറ്റ് എന്ന നിലയില്‍ ഞാന്‍ പറയുന്നത്, ഇവിടെ യഥാര്‍ത്ഥത്തില്‍ വിപ്ലവം സംഭവിച്ചു കഴിഞ്ഞിരിക്കുന്നത് ഇലക്ട്രോണിക്സ് മേഖലയിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലുമാണ്. നമ്മളെല്ലാവരും ഇവിടെ വികസനം സാധ്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഏത് മുന്നണിവന്നാലും, ഭാഷാ ന്യൂനപക്ഷങ്ങളോട്, ലൈംഗിക ന്യൂനപക്ഷങ്ങളോട്, ഭിന്നലിംഗക്കാരോട്, സീനിയര്‍ സിറ്റിസണ്‍സിനോട്, സ്ത്രീകളോട്, കുട്ടികളോട് എല്ലാം ഒരുതരത്തിലുള്ള ഒരു വിവേചനം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്കായി ഭരണഘടനാ ഭേദഗതികള്‍ ഉണ്ടാവേണ്ടതുണ്ട്. ആ ഭേദഗതിയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട് എന്നതാണ് എന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഞാന്‍ മുന്നോട്ട് വെക്കുന്നത്.

‘’വേണ്ടത് അവകാശങ്ങളാണെങ്കില്‍ അത് നമ്മള്‍ പിടിച്ചുവാങ്ങുക തന്നെ വേണം’’

ആരെയാണ് ചിഞ്ചു അശ്വതി പ്രതിനിധാനം ചെയ്യുന്നത്?

ഇന്‍റര്‍സെക്സ് ആളുകള്‍ക്ക് വേണ്ട പ്രത്യേക പരിഗണനകള്‍ നിയമം മൂലം നടപ്പില്‍ വരുത്തേണ്ടതിന്‍റെ ആവശ്യമുണ്ട്. ഇത്തരം ആളുകള‍ുടെ ഇടയില്‍ നടക്കുന്ന അബോര്‍ഷനുകള്‍, അവരുടെ ഇടയില്‍ അനുമതി ഇല്ലാതെ നടക്കുന്ന ഓപ്പറേഷനുകള്‍ എല്ലാം നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. ഭരണഘടന ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്ന വാഗ്‍ദാനങ്ങള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ ജനതയ്ക്കും നല്‍കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. അതുപോലെ അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, അത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ, ട്രാന്‍സ്‍ജെന്‍ഡര്‍ ആളുകള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതിയാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. അതുപോലെ വിദ്യാഭ്യാസം. നമ്മുടെ മണ്ഡലത്തില്‍ ഫിനിഷിംഗ് സ്കൂളുകള്‍ നിര്‍മ്മിക്കണമെന്നൊരു ആശയവും ഞങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. സെക്സ് എഡുക്കേഷന്‍റെ പ്രധാന്യം അതിലുണ്ടാവണം. കുട്ടികളെ മത്സരപരീക്ഷകളിലേക്ക് തയ്യാറാക്കുന്നവിധത്തില്‍ അവരുടെ കഴിവ് വികസിപ്പിച്ചെടുക്കാനും, അവര്‍ ഇഷ്ടപ്പെടുന്ന മേഖലകളിലേക്ക് അവരെ തിരിച്ചുവിടാനും അവരുടെ ജീവിതം തെരഞ്ഞെടുക്കുന്നത് അവരു തന്നെയാവാനും സ്വതന്ത്രരായി നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സിലബസ്. ഈ ആശയമാണ് ഫിനിഷിംഗ് സ്കൂളുകള്‍ വഴി ഞാന്‍ മുന്നോട്ടുവെക്കുന്നത്. അതിനുള്ള ഉദാഹരണമാണ് എന്‍റെ നാട്ടില്‍ ഞങ്ങള്‍ ആരംഭിച്ച ആലിലക്കുട്ടിക്കൂട്ടം.

ജനാധിപത്യവിശ്വാസികളായ ജനങ്ങള്‍ ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതുപോലെ പാര്‍ശ്വവത്കകരിക്കപ്പെട്ടവരുടെ ശബ്ദം പാര്‍ലമെന്‍റില്‍ ഉയരണം എന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും എനിക്ക് വോട്ട് ചെയ്യും. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ മത്സരിക്കുന്നത്. ഞാന്‍ ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ്... ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ മത്സരിക്കുന്നത്. അതുകൊണ്ട് എനിക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളോടുള്ള എന്‍റെ അഭ്യര്‍ത്ഥന.