ആ ദൃക്സാക്ഷി സഹദേവന്റെ ആളാണോ? മറുപടിയുമായി കലാഭവന്‍ ഷാജോണ്‍
ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണി പോയി

ദൃശ്യം ഒന്നാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും വെറുപ്പ് തോന്നിച്ച കഥാപാത്രമായിരുന്നു കോണ്‍സ്റ്റബിള്‍ സഹദേവന്. ഒരു ദയയുമില്ലാതെ ജോര്ജ്ജുകുട്ടിയോടും കുടുംബത്തോടും പെരുമാറുന്ന സഹദേവന്. അവസാനം കേസുമായി ബന്ധപ്പെട്ട് സഹദേവന്റെ പണി പോവുകയും ചെയ്തു. കലാഭവന്‍ ഷാജോണായിരുന്നു സഹദേവനെ അവതരിപ്പിച്ചത്. രണ്ടാം ഭാഗമെത്തിയപ്പോള്‍ സഹദേവനുണ്ടായിരുന്നില്ല. പകരം ജോര്ജ്ജുകുട്ടിയെ കുടുക്കിയത് ജോസ് ആയിരുന്നു. ജോര്‍ജ്ജുകുട്ടി വരുണിന്റെ മൃതദേഹം കുഴിച്ചിടുന്നതുകണ്ട ഏക ദൃക്സാക്ഷിയായ ജോസിനെ സഹദേവന് അയച്ചതാണോ എന്നാണ് ആരാധകരുടെ സംശയം. ഈ സംശയത്തിന് ഷാജോണ്‍ മറുപടി നല്‍കിയിരിക്കുകയാണ്. നടന് ബാലാജി ശര്‍മ്മക്ക് നല്കിയ വീഡിയോ അഭിമുഖത്തിലാണ് ഷാജോണ്‍ മറുപടി നല്‍കിയിരിക്കുന്നത്.
സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യിൽ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി.ദൃശ്യം 3 യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെ പ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണി പോയി, പണി കിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു.
ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ബാലാജി ശർമയും ഷാജോണും ഉള്ളത്. ഷൂട്ടിങ്ങിന്റെ ഇടയിൽ കിട്ടിയ ഇടവേളയില്‍ ബാലാജി ശർമ, ഷാജോണിന്റെ കാരവാനിലെത്തി വിശേഷങ്ങൾ പങ്കിടുകയായിരുന്നു.