അപ്പൊ ശരിക്കും വക്കീലാണല്ലേ?; ജോര്‍ജുകുട്ടി ഞെട്ടിച്ച രേണുക വക്കീല്‍ ഇപ്പോഴും കോടതിയില്‍ തിരക്കിലാണ്
പക്ഷെ വരുണ്‍ കേസുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയിലല്ല, മറ്റൊരുപാട് പ്രമാദമായ കേസുകളുമായി ഹൈക്കോടതിയില്‍

ജോര്‍ജുകുട്ടി കോടതിയില്‍ ഞെട്ടിച്ച രേണുക വക്കീല്‍ ഇപ്പോഴും കോടതിയില്‍ തിരക്കിലാണ്. അത് പക്ഷെ വരുണ്‍ കേസുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയിലല്ല, മറ്റൊരുപാട് പ്രമാദമായ കേസുകളുമായി ഹൈക്കോടതിയില്‍. തിരുവനന്തപുരം സ്വദേശിനി ശാന്തി പ്രിയയാണ് ദൃശ്യം 2 ല്‍ ജോര്‍ജ്കുട്ടിയുടെ വക്കീലായെത്തിയത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ശാന്തിപ്രിയ തിരക്കുള്ള വക്കീലാണ്. 2019 ല്‍ രമേശ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഗാനഗന്ധര്വന് എന്ന ചിത്രത്തിലൂടെയാണ് ശാന്തിപ്രിയ സിനിമലോകത്തേക്കെത്തുന്നത്.

ചിത്രത്തില്‍ വക്കീല്‍ വേഷത്തില്‍ തന്നെയായിരുന്നു ശാന്തിപ്രിയ എത്തിയത്. അന്ന് കലാസധന്‍ ഉല്ലാസ് എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വക്കീലായിരുന്നു. ഇന്ന് ജോര്‍ജ്കുട്ടിയെന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വക്കീലായാണ് ശാന്തിപ്രിയ എത്തിയത്. ജീവിതത്തിലും സിനിമയിലും വക്കീലായതുകൊണ്ട് തന്നെ സിനിമയില്‍ വ്യത്യസ്തമായൊന്നും അനുഭവപ്പെട്ടില്ലെന്ന് ശാന്തിപ്രിയ പറഞ്ഞു. എന്നാല്‍ ജോര്‍ജ്കുട്ടി തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും ജീവിതത്തില്‍ താന്‍ അത്രയും ഞെട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കക്ഷി പറയുന്ന കാര്യങ്ങളനുസരിച്ചാണ് ഓരോ കേസുകളും ഫ്രെയിം ചെയ്യുന്നത്.

എന്നാല്‍ കക്ഷി പറയാത്ത ഒരു കാര്യം കോടതിയില്‍ വെച്ച് മറുഭാഗത്തെ വക്കീലോ, ജഡ്ജിയോ പറയുമ്പോള്‍ സാധാരണ അമ്പരപ്പുണ്ടാകാറുണ്ടെങ്കിലും അത് മുഖത്ത് കാണിക്കാറില്ല. എന്നാല്‍ ജോര്‍ജ് കുട്ടിയുടെ കേസില്‍ അത് പറ്റില്ല. അത് ഞെട്ടാതെ പറ്റില്ല. കാരണം അത്ര വലിയ ഞെട്ടല്‍ ഇനി ജീവിതത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ശാന്തിപ്രിയ പറഞ്ഞു. പ്ലാന്‍ ചെയ്തല്ല സിനിമയിലെത്തിയത്. ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യും. എങ്കിലും കോടതിയും കേസുകളും തന്നെയാണ് മുഖ്യ പരിഗണന വിഷയമെന്നും ശാന്തിപ്രിയ പറഞ്ഞു. നാലര വയസുകാരി മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം കൊച്ചിയിലാണ് ശാന്തിപ്രിയ ഇപ്പോള്‍ താമസിക്കുന്നത്.