LiveTV

Live

Entertainment

'കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കണം പക്ഷേ 'അമ്മ'യുടെ അടിത്തറ തോണ്ടിയാകരുത്'; പാര്‍വതിക്കെതിരെ ബാബുരാജ്

'വൈസ് ചെയര്‍മാന്‍റെ പോസ്റ്റിലേക്ക് വേണ്ടി മഞ്ജു വാര്യര്‍ക്ക് പിന്നാലെ ഒരുപാട് നടന്നതല്ലേ. വൈസ് ചെയര്‍മാന്‍ പെണ്ണാകണം എന്നത് വെച്ചാണ് അങ്ങനെ ചെയ്തത്'

'കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കണം പക്ഷേ 'അമ്മ'യുടെ അടിത്തറ തോണ്ടിയാകരുത്'; പാര്‍വതിക്കെതിരെ ബാബുരാജ്

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടന വേദിയിലെ പുരുഷാധിപത്യത്തെ ചൂണ്ടിയുള്ള വിവാദങ്ങളിലും നടി പാര്‍വതിയുടെ പ്രസ്താവനക്കെതിരെയും നടന്‍ ബാബുരാജ്. കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടണമെന്നും പക്ഷേ അത് അമ്മയുടെ അടിത്തറ തോണ്ടിയാകരുതെന്നും ബാബുരാജ് പറഞ്ഞു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് വിവാദ വിഷയങ്ങളോട് പ്രതികരിച്ചത്.

കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടണം. ഞാന്‍ പാര്‍വതിയെ പിന്തുണച്ച് സംസാരിച്ചിട്ടുള്ളയാളാണ്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. രാജിവെച്ച് പോയപ്പോള്‍ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞയാളാണ് ഞാന്‍. പക്ഷെ ഇതെന്താണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സ്ത്രീകള്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെടുത്ത തീരുമാനമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രം സ്റ്റേജില്‍ കയറി ഇരുന്നാല്‍ മതിയെന്നും ബാബുരാജ് പറഞ്ഞു.

രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്. പുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്നതിനായി. അതാണ് അവര്‍ സ്റ്റേജിന്‍റെ അരികില്‍ നില്‍ക്കുന്ന ചിത്രം വരാന്‍ കാരണം. പിന്നെ നമ്മുടെ വീട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ നമുക്ക് സ്റ്റേജില്‍ കയറി ഇരിക്കാന്‍ പറ്റില്ലല്ലോ. ഞാനൊന്നും വേദിയില്‍ എന്നല്ല ആ മുറിയില്‍ തന്നെയില്ലായിരുന്നു. നമുക്ക് നമ്മുടേതായ പല കാര്യങ്ങളുമുണ്ടാകുമെന്നും ബാബുരാജ് പറഞ്ഞു.

‘കുറ്റം കാണണമെന്ന് തോന്നിയാല്‍ നമുക്ക് ഏത് കാര്യത്തിലും കുറ്റം കണ്ടുപിടിക്കാം. ഞാന്‍ പറഞ്ഞില്ലേ, കുറ്റമുണ്ടെങ്കില്‍ പറയണം. പക്ഷെ കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്. രാജിവെച്ചപ്പോള്‍ അത് ശരിയല്ലെന്നും എന്തുകൊണ്ടാണ് അങ്ങനൊരു സാഹചര്യമുണ്ടായതെന്ന് അന്വേഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു’.

കോടതിയില്‍ ഒരു ജഡ്ജി ഇരിക്കുന്നത് സ്റ്റേജിലാണ്. അതിന്‍റെ താഴെയാണ് ടൈപ്പിസ്റ്റ് ഇരിക്കുന്നത്. എന്നുകരുതി അവരെ ഒരേപോലെ കണ്ടില്ലെന്ന് പറയുമോ. എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ എന്നു പറയുന്നത് പോലെയാണത്. വൈസ് ചെയര്‍മാന്‍റെ പോസ്റ്റിലേക്ക് വേണ്ടി മഞ്ജു വാര്യര്‍ക്ക് പിന്നാലെ ഒരുപാട് നടന്നതല്ലേ. വൈസ് ചെയര്‍മാന്‍ പെണ്ണാകണം എന്നത് വെച്ചാണ് അങ്ങനെ ചെയ്തത്. കാടടച്ച് പ്രതികരിക്കുന്നതിനോട് യോജിപ്പില്ല. തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കണം. എന്നാല്‍ അത് ഒരു പ്രസ്ഥാനത്തിന്‍റെ അടിത്തറ തോണ്ടിക്കൊണ്ടാകരുത്. പ്രത്യേകിച്ച് അമ്മ പോലെ ഒരുപാട് പേര്‍ക്ക് ഗുണമുള്ളൊരു സംഘടനയാകുമ്പോഴെന്നും ബാബുരാജ് പറഞ്ഞു.

'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം'; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി പാര്‍വതി
Also Read

'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം'; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി പാര്‍വതി

അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ച നടപടിയെ പാര്‍വതി വിമര്‍ശിച്ചിരുന്നു. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പാര്‍വതി പ്രതികരിച്ചത്.