വീട്ടിലെ തിയേറ്ററില്‍ കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്ന മോഹന്‍ലാല്‍; വീഡിയോ
മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയുമുണ്ട്.

കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്ന വീഡിയോ പങ്കുവെച്ച് നടന് മോഹന്‍ലാല്‍. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയുമുണ്ട്. കൂടെ കുറേ സുഹൃത്തുക്കളെയും കാണാം.
ഹോം തിയേറ്ററിലിരുന്നാണ് സിനിമ കാണുന്നത്. 'ഞാന്‍ കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്നു, നിങ്ങളോ?' എന്ന് ചോദിച്ചുകൊണ്ട് വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മികച്ചൊരു ക്രൈം ത്രില്ലര്‍ എന്നാണ് പൊതുവെയുള്ള അഭിപ്രായം. നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ദൃശ്യം-2വിന് ലഭിക്കുന്ന സ്വീകാര്യതയെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിനിമയെ ഇഷ്ടപ്പെടുന്നവരുടെ സ്നേഹവും പിന്തുണയും നമ്മളെ സ്വയം മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ സ്നേഹത്തിന് നന്ദി. ദൃശ്യം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും നന്ദി എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും ഉണ്ട്. 2013ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ പുതിയതായി എത്തി.
അതേസമയം ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്കി. ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ടെന്നും അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നാണ് അക്കാര്യം മനസ്സിലായതെന്നും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.