'ഇത് ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചലച്ചിത്രം'; 'മഡ്ഡി'യുടെ മോഷൻ പോസ്റ്റർ കാണാം
മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നവാഗതനായ ഡോ.പ്രഗഭൽ സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം 'മഡ്ഡി'-യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. തമിഴ് നടന് വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങും.
ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോർ സ്പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി, ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.
സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പ്രഗഭൽ. അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമ.
പ്രധാനമായും വ്യത്യസ്തടീമുകൾ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ പ്രതികാരം, കുടുംബം, നർമ്മം, സാഹസികത എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭൽ പറയുന്നു. ഓഫ് റോഡ് റേസിംഗിൽ പ്രധാന അഭിനേതാക്കളെ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചുവെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമയിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടില്ല.
മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു സംവിധായകന്റെ മുമ്പിലുളള ഏറ്റവും വലിയ വെല്ലുവിളി. ഒരു വർഷത്തോളം സമയമെടുത്താണ് സിനിമയുടെ ലൊക്കേഷനുകൾ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഒരു സിനിമയിലും കാണാത്ത അപകടകരവും മനോഹരവുമായ നിരവധി സ്ഥലങ്ങൾ സിനിമയിൽ കാണാം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂർ സംഗീതവും, രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.