ദൃശ്യം2; തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ച് ജീത്തുജോസഫ്
ദൃശ്യം ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും എല്ലാ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു എന്നുള്ള വാര്‍ത്തകള്‍ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ സജീവമായിരുന്നു.

വന്‍ അഭിപ്രായവുമായി മുന്നേറുകയാണ് മോഹന്‍ലാല്‍-ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം2. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് ആവശ്യക്കാരേറെയാണിപ്പോള്‍. ദൃശ്യം ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും എല്ലാ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു എന്നുള്ള വാര്‍ത്തകള്‍ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ സജീവമായിരുന്നു.
തെലുങ്ക് റീമേക്ക് സംബന്ധിച്ചായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നു. സംവിധായകന് ജീത്തുജോസഫ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് തുടങ്ങുന്ന കാര്യം ജീത്തുജോസഫ് തന്നൊയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. റീമേക്കില്‍ നായകനാവുന്ന വെങ്കടേഷിനും ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം സഹിതമാണ് ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജീത്തു തന്നെയാവും തെലുങ്ക് ചിത്രം സംവിധാനം ചെയ്യുക. ആശിര്‍വാദ് സിനിമാസായിരിക്കും റീമേക്ക് നിര്‍മ്മിക്കുകയെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ ആശിര്‍വാദിന്റെ ആദ്യ തെലുങ്ക് ചിത്രമാകും ദൃശ്യം2. 2013ല്‍ പുറത്തെത്തിയ മലയാളം 'ദൃശ്യ'ത്തിനു ശേഷം ആദ്യമെത്തിയ റീമേക്ക് 'ദൃശ്യ' എന്ന പേരില്‍ കന്നഡയിലായിരുന്നു. എന്നാല്‍ അതേവര്‍ഷം 'ദൃശ്യം' എന്ന പേരില്‍ത്തന്നെ തെലുങ്ക് റീമേക്കും എത്തി. ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു പേര്. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു.