'വായുവില്‍ നിന്നും തുടങ്ങി, സിനിമയുടെ ചിത്രീകരണം നാളെ'; അലി അക്ബര്‍
വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍ 30 ദിവസം നീണ്ടുനില്‍ക്കും. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.

'1921 പുഴ മുതല്‍ പുഴ വരെ' എന്ന തന്റെ സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് സംവിധായകന് അലി അക്ബര്‍. സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ വെച്ച് നടക്കുമെന്നും താരങ്ങളും ചിത്രത്തിന്റെ ക്രൂവും വയനാട്ടിലെത്തി ചേര്‍ന്നതായും അലി അക്ബര്‍ പറഞ്ഞു. നാളെ കാലത്ത് എട്ട് മണിക്കാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കഴിഞ്ഞ ജൂണ്‍ 26ന് വായുവില്‍ നിന്നും തുടങ്ങിയ സിനിമ നാളെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അലി അക്ബര്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്. വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍ 30 ദിവസം നീണ്ടുനില്‍ക്കും. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.
സിനിമക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കും പോലെയാണെന്നും വ്യക്തമാക്കി. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനാേ ആണെങ്കില്‍ ഇതിലും ഇരട്ടി പണം തനിക്ക് ലഭിക്കുമായിരുന്നെന്നും ഇന്ന് വരെ ആരോടും അങ്ങനെ ചോദിച്ചില്ലെന്നും പക്ഷേ ഈ പ്രൊജക്ടിന് റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും തയ്യാറാണെന്നും അലി അക്ബര്‍ പറഞ്ഞു.
സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ഇത് വരെ നിര്‍മാണത്തിനായി ലഭിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്' എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.