ഉജ്വലം: ദൃശ്യം2 കണ്ട 'വരുണ്‍' പറയുന്നു
ആദ്യ ഭാഗം പകുതിയിലേ തന്നെ സീൻ വിട്ട വരുൺ ആറ് വർഷത്തിന് ഇപ്പുറവും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളേക്കാളൊക്കെ ട്രോളുകളിലും കമന്റുകളിലും ഇടം പിടിച്ചിരുന്നു.

മികച്ച പ്രതികരണവുമായി ആമസോണ്‍ പ്രൈമില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍-ജിത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം2. ചിത്രത്തിലെ ചര്‍ച്ചാവിഷയമായ കഥാപാത്രമായിരുന്നു റോഷന് ബഷീര്‍ അവതരിപ്പിച്ച വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രം. ദൃശ്യം രണ്ടാം ഭാഗത്തിൽ ഇല്ലെങ്കിലും വരുണ്‍ തന്നെയാണ് സിനിമയെ ചലിപ്പിക്കുന്നത്.
ആദ്യ ഭാഗം പകുതിയിലേ തന്നെ സീൻ വിട്ട വരുൺ ആറ് വർഷത്തിന് ഇപ്പുറവും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളേക്കാളൊക്കെ ട്രോളുകളിലും കമന്റുകളിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗം കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് റോഷന് ബഷീര്‍. അത്യുജ്വലം എന്നാണ് സിനിമയെപറ്റി റോഷന് വിശേഷിപ്പിക്കുന്നത്.
ദൃശ്യം2 പ്രഖ്യാപിച്ചത് മുതല്‍ ഞാനതിലുണ്ടോ എന്ന് പലരും അന്വേഷിച്ചിരുന്നുവെന്ന് റോഷന് പറയുന്നു. ഒന്നാം ഭാഗത്ത് കൊല ചെയ്യപ്പെട്ട വരുണ്‍ പ്രഭാകര്‍ രണ്ടാം ഭാഗത്തില്‍ എങ്ങനെയൊക്കെയാണ് പങ്കുവഹിക്കുക എന്നത് സംബന്ധിച്ച് എനിക്കും ആശ്ചര്യമുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെയും ജിജ്ഞാസയോടെയുമാണ് ദൃശ്യം2 കണ്ടത്. കഥ പറയുന്ന ജിത്തു ജോസഫിന്റെ രീതി വേറിട്ടതാണ്, പ്രേക്ഷകരെ ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് സിനിമയിലുള്ളതെന്നും റോഷന് പറയുന്നു.
അതേസമയം ചിത്രം റിലീസ് ആയത് മുതല്‍ ട്വിറ്ററും ഫേസ്ബുക്കുമടക്കമുള്ള നവമാധ്യമങ്ങളില്‍ നിറയുന്നത് സിനിമയെക്കുറിച്ചുള്ള പോസ്റ്റുകളും ചര്‍ച്ചകളുമാണ്. മലയാളം ചിത്രം എന്നതിനുപരി കേരളത്തിന് പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്വീറ്റുകളായും മറ്റും വൈറല്‍ ആകുന്നുണ്ട്.