ദൃശ്യം 2 തിയറ്റര്‍ റിലീസ് ചെയ്യാത്തതില്‍ വിഷമമുണ്ട്, ആ അനുഭവം മിസ് ചെയ്യുന്നു: എസ്തര് അനില്‍
'ദൃശ്യം ആദ്യ ഭാഗം ജനങ്ങള്‍ നെഞ്ചിലേറ്റിയ ചിത്രമാണ്. അതുകൊണ്ട് തന്നെയായിരിക്കും രണ്ടാം ഭാഗം ഇറങ്ങുമ്പോഴും ഓരോ നിമിഷവും എന്ത് സംഭവിക്കും എന്ന തരത്തിലുള്ള ജിജ്ഞാസ പ്രേക്ഷകര്‍ക്ക് ഉണ്ടാകാന്‍ കാരണം'
ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ചെയ്യുന്നു എന്നാണ് മിക്ക ആരാധകര്‍ക്കും പരിഭവം പറയാനുള്ളത്. 'ദൃശ്യം' ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിനോടും ആളുകളുടെ പ്രതികരണം. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു ചിത്രത്തിന്റെ റിലീസ്.
സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ മീഡിയവണ്‍ ബ്രേക്ക് ഫാസ്റ്റ് ന്യൂസില്‍ എത്തിയ എസ്തര് അനിലിനും ആരാധകരുടെ അഭിപ്രായമായിരുന്നു പങ്കുവെക്കാനുണ്ടയിരുന്നത്. 'ചിത്രം തിയറ്റര്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. ആ ഒരു എക്സ്പീരിയന്‍സ് മിസ് ചെയ്യുന്നുണ്ട്. തിയറ്ററിലെ കൈയ്യടികളും ബഹളവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഒരു രസവുമൊക്കെ ശരിക്കും മിസ് ചെയ്യുമെന്നത് ഉറപ്പാണ്. പക്ഷേ, സിനിമ എങ്ങനെയായാലും പുറത്തുവന്നു എന്നത് സന്തോഷകരമാണ്' എസ്തര് പറഞ്ഞു.
ദൃശ്യം ആദ്യ ഭാഗം ജനങ്ങള്‍ നെഞ്ചിലേറ്റിയ ചിത്രമാണ്. അതുകൊണ്ട് തന്നെയായിരിക്കും രണ്ടാം ഭാഗം ഇറങ്ങുമ്പോഴും ഓരോ നിമിഷവും എന്ത് സംഭവിക്കും എന്ന തരത്തിലുള്ള ജിജ്ഞാസ പ്രേക്ഷകര്‍ക്ക് ഉണ്ടാകാന്‍ കാരണം. ജോര്‍ജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും കാര്യം തങ്ങള്‍ക്ക് ഏറ്റവും പരിചയമുള്ള അല്ലെങ്കില്‍ തങ്ങള്‍ക്ക് ഒരുപാട് അറിയാവുന്ന ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യമായി പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നതും ചിത്രത്തിനെ അത്രയും ഉള്‍ക്കൊണ്ടതു കൊണ്ടാണ്.
ദൃശ്യം ഇറങ്ങിയപ്പോഴോ പിന്നീടോ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ലോക്ഡൌണിനിടക്ക് ഒരു ദിവസം സംവിധായകന് ജീത്തു ജോസഫ് വിളിച്ച് പറയുമ്പോഴാണ് രണ്ടാം ഭാഗം ചെയ്യാന്‍ പോകുന്നു എന്ന കാര്യം തന്നെ അറിയുന്നത്. ഇപ്പോള്‍ പലരും ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന കാര്യം ചോദിക്കുന്നുണ്ട്. മുന്‍പത്തെ പോലെ തന്നെ എനിക്ക് അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. എസ്തര് അനില്‍ കൂട്ടിച്ചേര്‍ത്തു.