'ജോര്‍ജ് കുട്ടിയുടെ കേബിൾ ടിവി ഓഫീസിലേക്കുള്ള റോഡ് ടാര്‍ചെയ്തു, പിന്നില്‍ പിണറായി'; 'ബ്രില്ല്യന്‍സുകള്‍ കണ്ടെത്തി' പ്രേക്ഷകര്‍
അന്വേഷണത്തിന്റെ ഭാഗമായി ഗണേഷ് കുമാര്‍ നാട്ടുകാരെ ചോദ്യം ചെയ്യുന്ന സീനാണ് സംവിധായകന്റെ 'ബ്രില്യന്‍സ്' എന്ന തരത്തില്‍ പ്രചരിക്കുന്നത്

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെ ദൃശ്യം 2 ആമസോണ്‍ പ്രൈം വഴി ഇന്നാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ടെലിഗ്രാം വഴി ചോര്‍ന്നെങ്കിലും വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയത്തെയും ജീത്തു ജോസഫിന്റെ സംവിധാന മികവിനെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. ഇതില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു നിര്‍ണായക രംഗം. വരുണ്‍ തിരോധാനത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഗണേഷ് കുമാര്‍ നാട്ടുകാരെ ചോദ്യം ചെയ്യുന്ന സീനാണ് സംവിധായകന്റെ 'ബ്രില്യന്‍സ്' എന്ന തരത്തില്‍ പ്രചരിക്കുന്നത്.

സീനില്‍ സ്ഥലം സി.ഐ ആയ ഗണേഷ് നാട്ടുകാരോട് ജോര്‍ജുകുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ ഒരു റോഡ് ചൂണ്ടിക്കാട്ടി അതെങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കുന്നുണ്ട്. 'അത് ജോര്‍ജൂട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്ട്കട്ടണ് സര്. ആ റോഡ് ടാര്‍ ചെയ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു'; എന്നാണ് നാട്ടുകാരന് മറുപടി നല്‍കുന്നത്.
ഈ രംഗമാണ് പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണമികവ് എന്ന അര്‍ത്ഥത്തില്‍ പ്രചരിക്കുന്നത്. ആറ് വര്‍ഷം കൊണ്ട് ജോര്‍ജ് കുട്ടിയുടെ കേബിള്‍ ടി.വി സ്ഥിതി ചെയ്യുന്ന ജംക്ഷനിലേക്കുള്ള റോഡ് ടാര്‍ ചെയ്തതാണ് പിണറായി വിജയന്റെ നേട്ടമായി 'അവകാശപ്പെടുന്നത്'. സിനിമയിലെ ഈ രംഗം മാത്രം പുറത്തെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ ‘എന്റെ കേരളം എന്റെ അഭിമാനം’ എന്ന തലക്കെട്ടൊടെയും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.
അതെ സമയം ദൃശ്യം 2വിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടെ ചിത്രത്തിന് ഇനിയുമൊരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചനയുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തുവന്നു. ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ടെന്നും അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നാണ് അക്കാര്യം മനസ്സിലായതെന്നും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ദൃശ്യം 3 സിനിമയെക്കുറിച്ച് മോഹന്‍ലാലും സംവിധായകന് ജീത്തു ജോസഫും സംസാരിക്കുന്നുണ്ടെന്നും അങ്ങനെയൊരു സിനിമ പുറത്തിറങ്ങാന്‍ ഞങ്ങളെല്ലാം ആഗ്രഹിക്കുകയാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രത്തിന്റെ റീമേക്ക് എല്ലാ ഭാഷകളിലുമുണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2013 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.